കോട്ടയം : സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് വളരെ മുൻപേ പാലാ നിയോജകമണ്ഡലം ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെടുന്നു. നിലനിർത്താനും അട്ടിമറിക്കാനും ഇരുമുന്നണികളും അരയും തലയും മുറുക്കി, തെക്കൻ തുളുനാടൻ അടവുകളുമായി അങ്കത്തട്ടിലിറങ്ങുമ്പോൾ 2021 ലെ നിയമ സഭാ തെരഞ്ഞെടുപ്പ് പൊടിപാറുമെന്ന കാര്യം ഉറപ്പ്. പാലാ തന്റെ ഭാര്യയാണ് എന്ന് പറഞ്ഞ കെ.എം മാണിയുടെ പുത്രൻ ജോസ് കെ മാണി ഇടത് പക്ഷത്തോടൊപ്പം ചേർന്ന സാഹചര്യത്തിൽ അടുത്ത നിയമ സഭാ തെരഞ്ഞെടുപ്പിൽ ആര് മത്സരിക്കും എന്നതാണ് ആര് വിജയിക്കും എന്നതിലും പ്രാധാന്യത്തോടെ ചർച്ച ചെയ്യുന്ന വിഷയം.
കരിങ്ങോഴക്കൽ മാണി മാണി എന്ന പാലാക്കാരുടെ ‘മാണി സാറിന്റെ" കുത്തക മണ്ഡലം ഇക്കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിൽ പാലാ തന്റെ ചങ്കാണെന്ന് പറഞ്ഞ മാണി സി കാപ്പനിലൂടെ ഇടത് ജനാധിപത്യ മുന്നണി നേടി. കേരളാ കോൺഗ്രസ് ജോസഫ് - ജോസ് വിഭാഗങ്ങൾ തമ്മിലുള്ള പടലപ്പിണക്കങ്ങളും, കത്തോലിക്കാ സഭയുടെ ഇടത് പക്ഷത്തോടുള്ള സമീപനങ്ങളിൽ അയവുണ്ടായതും പാലാ ഉപ തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു.
1965ൽ പാലാ നിയമസഭാ മണ്ഡലം രൂപീകരിച്ചത് മുതൽ മരിക്കും വരെ കെ എം മാണി മാത്രമായിരുന്നു പാലാക്കാരുടെ എംഎൽഎ. അദ്ദേഹം ഇടത് പക്ഷത്തിന്റെയും ഐക്യ മുന്നണിയുടെയും ഭാഗമായി മത്സരിച്ചപ്പോഴും പാലാക്കാർ മാണിയുടെ മുന്നണിക്കൊപ്പം നില കൊണ്ടു എന്നത് ശ്രദ്ധേയമാണ്. രാഷ്ട്രീയ കോളിളക്കങ്ങൾക്കിടയിലും തുടർച്ചയായി 13 തവണ പാലായിൽ നിന്ന് വിജയിച്ച കെ എം മാണിയുടെ പാരമ്പര്യം കത്ത് സൂക്ഷിക്കാൻ ജോസ് കെ മാണിക്കാവുമോ എന്ന കാര്യത്തിൽ ഇടത് മുന്നണിയിൽ പോലും അഭിപ്രായ ഐക്യമില്ല.
തങ്ങൾ വിജയിച്ച സീറ്റുകളൊന്നും വിട്ടുകൊടിക്കില്ല എന്ന് മാണി സി കാപ്പൻ ആവർത്തിക്കമ്പോൾ, വൈകാരിക ബന്ധം പറഞ്ഞ് പാലാ തനിക്ക് വേണമെന്ന് ജോസ് കെ മാണിയും വാദിക്കുന്നു. ഏതായാലും പാലായിലെ സീറ്റ് നിർണ്ണയം ഇടത് പക്ഷ മുന്നണിക്ക് തലവേദനയാകും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല ഇടത് പക്ഷം ജോസ് കെ മാണിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചാൽ മാണി സി കാപ്പൻ യു ഡി എഫ് സ്ഥാനാർത്ഥിയായിഎത്താനാണ് സാധ്യത. ജോസ് കെ മാണിയെ എന്ത് വിധേനയും തോൽപ്പിക്കാൻ പി ജെ ജോസഫും യു ഡി എഫും പരിശ്രമിക്കും എന്ന കാര്യത്തിൽ ആർക്കും അഭിപ്രായ വ്യത്യാസമുണ്ടാവില്ല. മാണി സി കാപ്പൻ ഐക്യമുന്നണി സ്ഥാനാർത്ഥിയായാൽ ജോസ് കെ മാണിയുടെ വിജയപ്രതീക്ഷകൾക്ക് മങ്ങലേൽക്കും.
കാപ്പൻ ഇടത് മുന്നണിയിൽ തുടരുന്ന പക്ഷം ഒരട്ടിമറി വിജയത്തിനായി പൂഞ്ഞാർ എംഎൽഎ പി.സി ജോർജ്ജിനെ കളത്തിലിറക്കാനും കോൺഗ്രസ് നേതൃത്വം ആഗ്രഹിക്കുന്നു. എന്നാൽ, പി ജെ ജോസഫിന് താല്പര്യം കെ.എം മാണിയുടെ മകൾ സാലി, മരുമകൻ എം.പി ജോസഫ്, സജി മഞ്ഞക്കടമ്പൻ എന്നിവരോടാണ്. ഏതായാലും സ്ഥാനാർഥി നിർണ്ണയവും മത്സരവും വിജയവും ഇരു മുന്നണികൾക്കും അത്ര അനായാസമാവാൻ തരമില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.