വാങ്ങിയത് 22,217 ഇലക്ടറല്‍ ബോണ്ടുകള്‍; രാഷ്ട്രീയ പാര്‍ട്ടികള്‍ പണമാക്കിയത് 22,030: സുപ്രീം കോടതിയില്‍ എസ്ബിഐ സത്യവാങ്മൂലം

വാങ്ങിയത് 22,217 ഇലക്ടറല്‍ ബോണ്ടുകള്‍; രാഷ്ട്രീയ പാര്‍ട്ടികള്‍ പണമാക്കിയത് 22,030:  സുപ്രീം കോടതിയില്‍ എസ്ബിഐ സത്യവാങ്മൂലം

ന്യൂഡല്‍ഹി: ഇലക്ടറല്‍ ബോണ്ടുകള്‍ സംബന്ധിച്ച സത്യവാങ്മൂലം എസ്ബിഐ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു. ഇലക്ടറല്‍ ബോണ്ടുകളുടെ ഡാറ്റ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ സമര്‍പ്പിച്ചതായി എസ്ബിഐ അറിയിച്ചു. പാസ്വേര്‍ഡ് പരിരക്ഷയില്‍ ഉള്ള രണ്ട് പിഡിഎഫ് ഫയലുകളിലാണ് ഡാറ്റയെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

2019 ഏപ്രിലിനും 2024 ഫെബ്രുവരി 15 നും ഇടയില്‍ 22,217 ഇലക്ടറല്‍ ബോണ്ടുകള്‍ വ്യക്തികളും സ്ഥാപനങ്ങളും ട്രസ്റ്റുകളും വാങ്ങി. ഇതില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ 22,030 ബോണ്ടുകള്‍ പണമാക്കി മാറ്റി. ബാക്കിയുള്ള 187 പേര്‍ റിഡീം ചെയ്യുകയും പണം പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്‍ നിക്ഷേപിക്കുകയും ചെയ്തതായി ബാങ്ക് അറിയിച്ചു.

2019 ഏപ്രില്‍ ഒന്നിനും 11 നുമിടയില്‍ 3346 ബോണ്ടുകള്‍ വാങ്ങിയിട്ടുണ്ട്. ഇതില്‍ 1609 ബോണ്ടുകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പണമാക്കിയെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. 2019 ഏപ്രില്‍ 12 നും 2024 ഫെബ്രുവരി 15 നുമിടയില്‍ 20421 ബോണ്ടുകള്‍ വാങ്ങിയപ്പോള്‍ 18,871 ബോണ്ടുകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പണമാക്കിയെന്നും സത്യവാങ്മൂലത്തില്‍ വിശദീകരിച്ചിട്ടുണ്ട്.

ആരൊക്കെ എത്രയൊക്കെ ബോണ്ടുകള്‍ വാങ്ങിയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിട്ടുണ്ടെന്നും സത്യവാങ്മൂലത്തില്‍ സൂചിപ്പിച്ചു. ഏത് രാഷ്ട്രീയ പാര്‍ട്ടി എത്ര ബോണ്ടുകള്‍ ഏതൊക്കെ രീതിയില്‍ പണമാക്കിയിട്ടുണ്ടെന്നും ഇതില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച എല്ലാ വിവരങ്ങളും വെള്ളിയാഴ്ച വൈകുന്നേരത്തിനകം തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്സൈറ്റിലൂടെ പരസ്യപ്പെടുത്തണം എന്നാണ് സുപ്രീം കോടതിയുടെ നിര്‍ദേശം.

ദാതാക്കള്‍ക്ക് അവരുടെ ഇഷ്ടമുള്ള പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കുന്നതിന് ബോണ്ടുകള്‍ വാങ്ങുന്ന പദ്ധതിയായിരുന്നു സുപ്രീം കോടതി റദ്ദാക്കിയ ഇലക്ടറല്‍ ബോണ്ട് പദ്ധതി. ഫെബ്രുവരി 15 ലെ സുപ്രധാന വിധിയിലാണ് ഇലക്ടറല്‍ ബോണ്ട് പദ്ധതി ഭരണഘടനാ വിരുദ്ധമാണന്ന് സുപ്രീം കോടതി വിധിച്ചത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.