ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ഏകീകൃത സിവില്‍ കോഡ് നിയമമായി. രാഷ്ട്രപതി ദ്രൗപതി മുര്‍മു ബില്ലിന് അംഗീകാരം നല്‍കിയതോടെയാണ് നിയമമായത്. ഇതോടെ യുസിസി നിയമം നടപ്പാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാകും ഉത്തരാഖണ്ഡ്. സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം ചെയ്യുന്നതോടെ ഇത് നിയമമാകും. ബില്‍ ഉടന്‍ തന്നെ പ്രിന്റിങിന് അയയ്ക്കുമെന്നും പുഷ്‌കര്‍ സിങ് ധാമി സര്‍ക്കാര്‍ വ്യക്തമാക്കി.
കഴിഞ്ഞ മാസമാണ് എകീകൃത സിവില്‍ കോഡ് ഉത്തരാഖണ്ഡ് നിയമസഭ പാസാക്കിയത്. 740 പേജുള്ള കരട് അഞ്ചംഗ ഡ്രാഫ്റ്റ് പാനല്‍ ഫെബ്രുവരി രണ്ടിന് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു. തുടര്‍ന്ന് ഫെബ്രുവരി നാലിന് കാബിനറ്റ് പാസാക്കുകയും ചെയ്തു. ബില്‍ ഫെബ്രുവരി ആറിന് ഉത്തരാഖണ്ഡ് നിയമസഭയില്‍ അവതരിപ്പിക്കുകയും ഫെബ്രുവരി ഏഴിന് അംഗീകരിക്കുകയും ചെയ്തു.
ഉത്തരാഖണ്ഡ് ഗവര്‍ണര്‍ ലഫ്. ജനറല്‍ ഗുര്‍മിത് സിങ് ഫെബ്രുവരി 28 ന് ബില്ലിന് അംഗീകാരം നല്‍കിയതോടെ രാഷ്ട്രപതിക്ക് അയക്കുകയായിരുന്നു.
2020 ലെ സംസ്ഥാന തിരഞ്ഞെടുപ്പിന് മുന്നോടിയായി വീണ്ടും ബിജെപി സര്‍ക്കാര്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍ ഉത്തരാഖണ്ഡില്‍ എകീകൃത സിവില്‍ കോഡ് നടപ്പിലാക്കുമെന്ന് പുഷ്‌കര്‍ സിങ് ധാമി പ്രഖ്യാപിച്ചിരുന്നു.
പൊതുജനങ്ങളുമായി കൂടിയാലോചനകള്‍ നടത്തി കരട് തയ്യാറാക്കാന്‍ ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായിയുടെ നേതൃത്വത്തില്‍ ഒരു പാനല്‍ രൂപീകരിച്ചിരുന്നു. സംസ്ഥാനത്തെ പത്ത് ശതമാനം കുടുംബങ്ങളെ പ്രതിനിധീകരിച്ച് 2.3 ലക്ഷത്തിലധികം ആളുകളില്‍ നിന്ന് സമിതി നിര്‍ദേശം സ്വീകരിച്ചിരുന്നുവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.