രണ്ടാം പട്ടിക പുറത്തു വിട്ട് ബിജെപി; വയനാട് ഉള്‍പ്പെടെ കേരളത്തിലെ നാല് മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളായില്ല

രണ്ടാം പട്ടിക പുറത്തു വിട്ട്  ബിജെപി; വയനാട് ഉള്‍പ്പെടെ കേരളത്തിലെ നാല് മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളായില്ല

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളുടെ രണ്ടാം പട്ടിക ബിജെപി പുറത്തു വിട്ടു. മുതിര്‍ന്ന ബിജെപി നേതാക്കളായ നിതിന്‍ ഗഡ്കരി, പിയൂഷ് ഗോയല്‍, രാജവച്ച ഹരിയാന മുഖ്യമന്ത്രി എം.എല്‍ ഖട്ടര്‍ എന്നിവര്‍ രണ്ടാം പട്ടികയില്‍ ഇടം പിടിച്ചു. രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട് മണ്ഡലം ഉള്‍പ്പെടെ കേരളത്തിലെ നാലിടത്ത് രണ്ടാം പട്ടികയിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല.

72 സ്ഥാനാര്‍ഥികളാണ് പാര്‍ട്ടി ഇന്ന് പുറത്തിറക്കിയ പട്ടികയിലുള്ളത്. മഹാരാഷ്ട്രയില്‍ നിന്നാണ് ഗഡ്കരിയും പിയൂഷ് ഗോയലും ജനവിധി തേടുന്നത്. നാഗ്പൂര്‍ സിറ്റിങ് എംപിയായ നിതിന്‍ ഗഡ്കരി ഇവിടെ തന്നെ മല്‍സരിക്കും. പിയൂഷ് ഗോയല്‍ മുംബൈ നോര്‍ത്തിലും. ഹരിയാനയിലെ കര്‍ണല്‍ മണ്ഡലത്തിലാണ് മനോഹര്‍ ലാല്‍ ഖട്ടര്‍ മല്‍സരിക്കുക.

മുതിര്‍ന്ന നേതാക്കളില്‍ നിന്ന് പട്ടികയില്‍ ഇടം നേടിയ പുതിയ മുഖം ഖട്ടര്‍ ആണ്. ഹരിയാന മുഖ്യമന്ത്രിയായിരുന്ന അദേഹം ചൊവ്വാഴ്ചയാണ് രാജി വച്ചത്. പത്ത് ലോക്സഭാ മണ്ഡലങ്ങളാണ് ഹരിയാനയിലുള്ളത്. 2019 ല്‍ ഇവിടെ ബിജെപി തൂത്തുവാരിയിരുന്നു. ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ കേന്ദ്ര മന്ത്രിസഭയില്‍ ഖട്ടറും സ്ഥാനം പിടിക്കുമെന്നാണ് പ്രതീക്ഷ.

ഗുജറാത്തിലെ ഏഴ് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. കര്‍ണാടകയിലെ പ്രമുഖ നേതാക്കളെല്ലാം പുതിയ പട്ടികയിലുണ്ട്. മുന്‍ മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ ഹാവേരിയില്‍ നിന്ന് ജനവിധി തേടും. കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി ധര്‍വാഡ് മണ്ഡലത്തില്‍ നിന്നും ബി.എസ് യെഡിയൂരപ്പയുടെ മകന്‍ രാഘവേന്ദ്ര ശിവമോഗ മണ്ഡലത്തിലും മല്‍സരിക്കും.

ഉഡുപ്പി സിറ്റിങ് എംപി ശോഭ കരന്ദ്ലജെ ബെംഗളൂരു നോര്‍ത്തില്‍ മല്‍സരിക്കും. കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിന്റെ സഹോദരന്‍ ഡി.കെ സുരേഷിനെതിരെ ബിജെപി സ്ഥാനാര്‍ഥിയായി ബെംഗളൂരു റൂറല്‍ മണ്ഡലത്തില്‍ മല്‍സരിക്കുന്നത് ഡോ. സി.എന്‍ മഞ്ജുനാഥാണ്. ബെംഗളൂരു സെന്‍ട്രലില്‍ സിറ്റിങ് എംപി പി.സി മോഹന്‍, ബെംഗളൂരു സൗത്തില്‍ സിറ്റിങ് എംപി തേജസ്വി സൂര്യ എന്നിവര്‍ മല്‍സരിക്കും.

കേരളത്തില്‍ ബിജെപി നാല് സീറ്റുകളില്‍ കൂടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനുണ്ട്. എന്‍.കെ പ്രേമചന്ദ്രനും മുകേഷും ഏറ്റുമുട്ടുന്ന കൊല്ലം, എറണാകുളം, ആലത്തൂര്‍, വയനാട് മണ്ഡലങ്ങളിലാണ് ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനുള്ളത്. 2019 ല്‍ ബിഡിജെഎസ് മല്‍സരിച്ച സീറ്റാണ് വയനാട്. ഇത്തവണ രാഹുല്‍ ഗാന്ധി വീണ്ടുമെത്തുന്ന സാഹചര്യത്തില്‍ ബിജെപി മണ്ഡലം ഏറ്റെടുത്തു. ദേശീയ വൈസ് പ്രസിഡന്റ് എപി അബ്ദുള്ളക്കുട്ടി സ്ഥാനാര്‍ഥിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.