ദക്ഷിണാഫ്രിക്കയില്‍ മൂന്ന് ഈജിപ്ഷ്യന്‍ കോപ്റ്റിക് സന്യാസി വൈദികര്‍ ആശ്രമത്തിനുള്ളില്‍ ക്രൂരമായി കൊല്ലപ്പെട്ട നിലയില്‍

ദക്ഷിണാഫ്രിക്കയില്‍ മൂന്ന് ഈജിപ്ഷ്യന്‍ കോപ്റ്റിക് സന്യാസി വൈദികര്‍ ആശ്രമത്തിനുള്ളില്‍ ക്രൂരമായി കൊല്ലപ്പെട്ട നിലയില്‍

പ്രിട്ടോറിയ: ഈജിപ്റ്റിലെ കോപ്റ്റിക് ഓര്‍ത്തഡോക്‌സ് സഭാംഗങ്ങളായ മൂന്ന് വൈദികര്‍ ദക്ഷിണാഫ്രിക്കയിലെ ആശ്രമത്തിനുള്ളില്‍ ക്രൂരമായി കൊല്ലപ്പെട്ട നിലയില്‍. ഫാ. താക്‌ലാ മൂസ, ഫാ. മിനാഹ് അവാ മാര്‍കസ്, ഫാ. യൂസ്റ്റോസ് അവാ മാര്‍കസ് എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് ദക്ഷിണാഫ്രിക്കയലെ കോപ്റ്റിക് സഭ അറിയിച്ചു. മാര്‍ച്ച് 13 ന് കോപ്റ്റിക് ഓര്‍ത്തഡോക്‌സ് ചര്‍ച്ചിന്റെ വക്താവ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയിലൂടെയാണ് ഇക്കാര്യം പുറംലോകം അറിഞ്ഞത്. സംഭവത്തില്‍ കോപ്റ്റിക് സഭാംഗമായ ഈജിപ്തുകാരന്‍ അറസ്റ്റിലായിട്ടുണ്ട്.

ദക്ഷിണാഫ്രിക്കയുടെ തലസ്ഥാനമായ പ്രിട്ടോറിയയില്‍നിന്ന് 30 കിലോമീറ്റര്‍ അകലെ കള്ളിനന്‍ എന്ന ചെറുപട്ടണത്തിലുള്ള സെന്റ് മാര്‍ക്ക് ആന്‍ഡ് സെന്റ് സാമുവല്‍ ദ കണ്‍ഫസര്‍ ആശ്രമത്തിലാണ് ഇന്നലെ രാവിലെ മൂവരെയും കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. നാലാമതൊരു വൈദികന്‍ ആക്രമണത്തെ അതിജീവിച്ചു. ഇരുമ്പുവടിക്ക് അടികിട്ടിയ ഇദ്ദേഹം സ്ഥലത്തുനിന്നു രക്ഷപ്പെട്ട് ഒളിച്ചിരിക്കുകയായിരുന്നു. സ്ഥലത്തുനിന്നു വിലപിടിപ്പുള്ളതൊന്നും മോഷണം പോയിട്ടില്ല.


കുറ്റകൃത്യത്തില്‍ ഒന്നിലധികം പേര്‍ പങ്കെടുത്തതായി സംശയിക്കുന്നു. ആക്രമണത്തിന്റെ പ്രേരണ എന്താണെന്നതിനെക്കുറിച്ച് അന്വേഷിച്ചുവരുന്നതായി ദക്ഷിണാഫ്രിക്കന്‍ പോലീസ് പറഞ്ഞു.

'ഇത്തരമൊരു ദാരുണമായ സംഭവമുണ്ടായതില്‍ സഭ അതിയായി വേദനിക്കുന്നു. മൂന്ന് സന്യാസിമാരുടെ കുടുംബങ്ങള്‍ക്ക് ആത്മാര്‍ത്ഥമായ അനുശോചനം അറിയിക്കുന്നു. ഞങ്ങളുടെ വേദനയും സങ്കടവും വാക്കുകളാല്‍ പ്രകടിപ്പിക്കാന്‍ കഴിയില്ല, പക്ഷേ അവര്‍ പറുദീസയില്‍ സന്തോഷിക്കുന്നുവെന്ന് ഞങ്ങള്‍ക്കറിയാം' - കോപ്റ്റിക് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് പ്രസ്താവനയില്‍ പറഞ്ഞു.

മൂന്നു വൈദികരുടെ കൊലപാതകം ദക്ഷിണാഫ്രിക്കയിലും അതിനപ്പുറമുള്ള കോപ്റ്റിക് ഓര്‍ത്തഡോക്സ് സമൂഹത്തെയും മറ്റു ക്രൈസ്തവ വിഭാഗങ്ങളെയും ഞെട്ടിച്ചിരിക്കുകയാണ്. ദാരുണമായ സംഭവം ദുഃഖകരവും ഞെട്ടിപ്പിക്കുന്നതുമെന്നാണ് ലണ്ടനിലെ കോപ്റ്റിക് ഓര്‍ത്തഡോക്സ് സഭയിലെ ആര്‍ച്ച് ബിഷപ്പ് ആംഗലോസ് വിശേഷിപ്പിച്ചത്.

ലോകത്ത് ഏറ്റവും കൂടുതല്‍ കൊലപാതകങ്ങള്‍ നടക്കുന്ന രാജ്യങ്ങളിലൊന്നാണ് ദക്ഷിണാഫ്രിക്ക, ആയുധധാരികള്‍ കവര്‍ച്ച നടത്തുന്നത് നിത്യസംഭവമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.