വിദേശ ഫുട്‌ബോള്‍ താരത്തെ വംശീയമായി അധിക്ഷേപിച്ചും ഓടിച്ചിട്ട് മര്‍ദിച്ചും കാണികള്‍; സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു

വിദേശ ഫുട്‌ബോള്‍ താരത്തെ വംശീയമായി അധിക്ഷേപിച്ചും ഓടിച്ചിട്ട് മര്‍ദിച്ചും കാണികള്‍; സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു

അരീക്കോട്: മലപ്പുറത്ത് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ വിദേശ താരത്തെ കാണികള്‍ ഓടിച്ചിട്ട് മര്‍ദിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഐവറി കോസ്റ്റില്‍ നിന്നുള്ള ദൈറസൗബ ഹസന്‍ ജൂനിയറിനാണ് മര്‍ദനമേറ്റത്. ജനക്കൂട്ടം തന്നെ വംശീയമായി അധിക്ഷേപിച്ചെന്നും താരം ആരോപിച്ചിരുന്നു.

അതേസമയം ഫുട്‌ബോള്‍ താരം തങ്ങളില്‍ ഒരാളെ ചവിട്ടിയതാണ് സംഭവത്തിലേക്ക് നയിച്ചതെന്നാണ് മര്‍ദിച്ച കാണികളില്‍ ചിലരുടെ ആരോപണം. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. അരീക്കോട് ഗ്രൗണ്ടില്‍വച്ച് നീല ടീ ഷര്‍ട്ട് ധരിച്ച ദൈറസൗബ ഹസന്‍ ജൂനിയറിനെ ഒരു കൂട്ടം ആളുകള്‍ പിന്തുടരുന്നത് വീഡിയോയില്‍ കാണാം.

കളിക്കാരനെ ആളുകള്‍ പിടികൂടുകയും മര്‍ദിക്കുകയും ചെയ്യുന്നുണ്ട്. വെള്ള ടീ ഷര്‍ട്ട് ധരിച്ച ഒരാള്‍ ആഫ്രിക്കന്‍ താരത്തെ മര്‍ദനത്തില്‍ നിന്ന് സംരക്ഷിക്കുന്നതും വീഡിയോയില്‍ കാണാം. വെള്ള ടീ ഷര്‍ട്ടിട്ട ആള്‍ പ്രകോപിതരായ ആളുകളോട് സംസാരിക്കുന്നതും പിന്നീട് ഫുട്‌ബോള്‍ കളിക്കാരന്‍ ഒരു ഗേറ്റിലൂടെ പുറത്തേക്ക് പോകുന്നതും ദൃശ്യങ്ങളിലുണ്ട്.

സംഭവത്തിന് പിന്നാലെ ഹസന്‍ ജൂനിയര്‍ പൊലീസില്‍ പരാതി നല്‍കുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തു. തന്റെ ടീമിന് കോര്‍ണര്‍ കിക്ക് ലഭിച്ചെന്നും താന്‍ കിക്കെടുക്കാന്‍ മുതിര്‍ന്നപ്പോള്‍ കാണികള്‍ തന്നെ വംശീയമായി അധിക്ഷേപിച്ചെന്നും പരാതിയില്‍ ഫുട്‌ബോള്‍ താരം പറയുന്നു. ജനക്കൂട്ടം തനിക്ക് നേരെ കല്ലെറിഞ്ഞതായും അദേഹം ആരോപിച്ചു.

സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ഫുട്‌ബോള്‍ ക്ലബ്ബായ ജവഹര്‍ മാവൂരിനെ പ്രതിനിധീകരിച്ചായിരുന്നു ഹസന്‍ ജൂനിയര്‍ മത്സരത്തിന് ഇറങ്ങിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.