മുംബൈ: കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുമെന്നും പ്രധാനമന്ത്രി ഫസല്‍ ബീമാ യോജന പുനക്രമീകരിക്കുമെന്നും രാഹുല്‍ ഗാന്ധി.
ചരക്ക് സേവന നികുതിയുടെ (ജിഎസ്ടി) പരിധിയില്‍ നിന്ന് കര്‍ഷകരെ ഒഴിവാക്കുമെന്നും രാഹുല്‍ വ്യക്തമാക്കി. മഹാരാഷ്ട്രയില്‍ ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി നാസിക് ജില്ലയിലെ ചന്ദ്വാഡില്‍ നടന്ന കര്‍ഷക റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.
കര്‍ഷകരാണ് ഇന്ത്യയെ ശക്തവും സുസ്ഥിരവുമായ രാജ്യമായി നിലനിര്‍ത്തുന്നത്. കര്‍ഷകര്‍ കാരണം രാജ്യം ശക്തവും ഐക്യമുള്ളതുമാണ്. അല്ലെങ്കില്‍ അത് പൊളിഞ്ഞു പോകുമായിരുന്നു. ഞങ്ങളുടെ വാതിലുകള്‍ നിങ്ങള്‍ക്കായി എല്ലായ്പ്പോഴും തുറന്നിരിക്കുകയാണ്. വിവേകമില്ലാത്ത ബിജെപി സര്‍ക്കാരില്‍ നിന്ന് വ്യത്യസ്തമായി തങ്ങള്‍ കര്‍ഷകര്‍ക്കായി സാധ്യമായതെല്ലാം ചെയ്യുമെന്ന് രാഹുല്‍ പറഞ്ഞു.
കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുക എന്നത് തങ്ങളുടെ അജണ്ടയിലെ ഏറ്റവും പ്രധാനപ്പെട്ട് ഘടകമാണെന്ന് വ്യക്തമാക്കിയ രാഹുല്‍ മന്‍മോഹന്‍ സിങ് സര്‍ക്കാരിന്റെ കാലത്ത് തങ്ങള്‍ കര്‍ഷകരുടെ 70,000 കോടി രൂപയുടെ വായ്പ എഴുതിത്തള്ളിയതായും കണക്കുകള്‍ നിരത്തി പറഞ്ഞു. എന്നാല്‍ ബിജെപി ഒരിക്കലും കര്‍ഷകരുടെ കടം എഴുതിത്തള്ളില്ല.
ബിജെപി സര്‍ക്കാര്‍ നിരവധി ശതകോടീശ്വരന്മാരുടെ 16 ലക്ഷം കോടി രൂപയുടെ വായ്പ എഴുതിത്തള്ളി. ശതകോടീശ്വരന്മാരുടെ വായ്പ എഴുതിത്തള്ളാന്‍ കഴിയുമെങ്കില്‍ എന്തുകൊണ്ട് കര്‍ഷകര്‍, തൊഴിലാളികള്‍, ചെറുകിട കച്ചവടക്കാര്‍ എന്നിവരുടെ വായ്പകള്‍ എഴുതിത്തള്ളാന്‍ ബിജെപിക്ക് കഴിയുന്നില്ലെന്നും രാഹുല്‍ ചോദിച്ചു.
പ്രധാനമന്ത്രി ഫസല്‍ ബീമാ യോജന പദ്ധതി നിലവില്‍ പ്രകൃതി ദുരന്തങ്ങളാല്‍ വലയുന്ന കര്‍ഷകരെ സഹായിക്കുന്നില്ലെന്നും രാഹുല്‍ വിമര്‍ശിച്ചു. തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ പ്രകൃതി ദുരന്തങ്ങളില്‍ കര്‍ഷകര്‍ക്ക് ആവശ്യമായ പരിരക്ഷ നല്‍കുന്ന തരത്തില്‍ ഫസല്‍ ബീമാ യോജന പുനക്രമീകരിക്കുമെന്നും അദേഹം പറഞ്ഞു.
സംസ്ഥാന എന്‍സിപി അധ്യക്ഷന്‍ ജയന്ത് പാട്ടീലും ശിവസേന (യുബിടി) എംപി സഞ്ജയ് റാവുത്തും ഭാരത് ജോഡോ ന്യായ് യാത്രയില്‍ രാഹുലിനൊപ്പം ചേര്‍ന്നു. ബിജെപിക്കെതിരായ പോരാട്ടം തുടരാന്‍ എല്ലാ പിന്തുണയും ഇരു നേതാക്കളും രാഹുലിന് വാഗ്ദാനം ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.