കൊച്ചി: എല്‍ഡിഎഫ് ഭരണം നിലനിര്‍ത്തുകയും പിണറായി വിജയനെ വീണ്ടും മുഖ്യമന്ത്രിയാക്കുകയും ചെയ്യുക എന്ന ലക്ഷ്യവുമായി നവോത്ഥാന മൂല്ല്യ സംരക്ഷണ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ തീരുമാനം. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ഈ മാസം 19 ന് ചേര്‍ന്ന യോഗത്തിലാണ് പ്രവര്‍ത്തനം വിപുലീകരിക്കാനും താഴേത്തട്ട് വരെ സജീവമാക്കാനും തീരുമാനിച്ചത്.
ഇതിന്റെ ഭാഗമായി ജില്ലാ നേതൃയോഗങ്ങള്‍ തുടങ്ങി. 25 ന് കൊല്ലത്ത് നിന്ന് തുടങ്ങിയ നേതൃയോഗങ്ങള്‍ ഫെബ്രുവരി മൂന്നിനകം 14 ജില്ലകളിലും പൂര്‍ത്തീകരിക്കും. എസ്എന്‍ഡിപി ഉള്‍പ്പെടെ വിവിധ സാമൂഹിക സംഘടനകള്‍ നവോത്ഥാന മൂല്ല്യ സംരക്ഷണ സമിതിയില്‍ അംഗങ്ങളാണ്. അമ്പത്തഞ്ച് സംഘടനകളെ പ്രതിനിധീകരിച്ച് 75 പ്രതിനിധികളാണ് മുഖ്യമന്ത്രിയുടെ യോഗത്തില്‍ പങ്കെടുത്തത്.
ജില്ലാ നേതൃ യോഗത്തില്‍ ഒരു സംഘടനയില്‍ നിന്നും അഞ്ചില്‍ കുറയാത്ത ജില്ലാ നേതാക്കള്‍ പങ്കെടുക്കാനാണ് ധാരണ. ജില്ലാ നേതൃ യോഗങ്ങള്‍ക്ക് ശേഷം സംസ്ഥാന തല യോഗം ചേരും. ഫെബ്രുവരി രണ്ടാം വാരത്തില്‍ എല്ലാ ജില്ലകളിലും വിപുലമായ കണ്‍വന്‍ഷനുകളും ചേരും. കൊല്ലത്ത് നടന്ന ആദ്യ യോഗത്തില്‍ എസ്എന്‍ഡിപി യോഗത്തിന്റെ പ്രതിനിധികളാരും പങ്കെടുത്തില്ലെങ്കിലും വിവിധ ജില്ലകളില്‍ നേതൃയോഗം നടക്കുന്നത് എസ്എന്‍ഡിപി യോഗത്തിന്റെ ഹാളുകളിലാണ്.
സര്‍ക്കാരുമായി എന്‍എസ്എസ് ഇടഞ്ഞ് നില്‍ക്കുന്ന സാഹചര്യത്തില്‍ എസ്എന്‍ഡിപി ഉള്‍പ്പെടെ വിവിധ സാമുദായിക, സാമൂഹിക സംഘടനകളെ ഒപ്പം നിര്‍ത്തേണ്ടത് സര്‍ക്കാരിന്റെ ആവശ്യമാണ്. തുടര്‍ ഭരണമെന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രി നേരിട്ടാണ് വിവിധ സാമുദായിക നേതൃത്വങ്ങളുമായി ബന്ധം സ്ഥാപിച്ചിരിക്കുന്നത്. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുടെ വോട്ട് ശേഖരണത്തിനുള്ള ഉപാധിയാക്കി നവോത്ഥാന മൂല്ല്യ സംരക്ഷണ സമിതിയുടെ പ്രവര്‍ത്തനങ്ങളെ മാറ്റില്ലെന്ന് സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറിയും കെഡിഎഫ് സംസ്ഥാന പ്രസിഡന്റുമായ പി രാമഭദ്രന്‍ കൊല്ലത്തെ നേതൃയോഗത്തില്‍ പറഞ്ഞെങ്കിലും ഇടത് തുടര്‍ ഭരണമാണ് ലക്ഷ്യമെന്ന് ചര്‍ച്ചകളിലും പ്രവര്‍ത്തനങ്ങളിലും വ്യക്തമാണ്.
നവോത്ഥാന മൂല്ല്യ സംരക്ഷണ സമിതിയുടെ പ്രവര്‍ത്തനങ്ങളില്‍ യുഡിഎഫ് കേന്ദ്രങ്ങള്‍ അസ്വസ്ഥരാണ്. സാമുദായിക സംഘടനകള്‍ എല്‍ഡിഎഫ് പാളയത്തിലേക്ക് നീങ്ങുന്നത് ഗുണം ചെയ്യില്ലെന്ന വിലയിരുത്തല്‍ കോണ്‍ഗ്രസിനുണ്ട്. ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് രൂപമെടുത്ത വിവാദങ്ങള്‍ക്ക് പിന്നാലെയാണ് സര്‍ക്കാര്‍ നയങ്ങളെ പിന്തുണയ്ക്കുന്ന സംഘടനകളെ അണിനിരത്തി നവോത്ഥാന മൂല്ല്യ സംരക്ഷണ സമിതി രൂപീകരിച്ചത്. എസ്എന്‍ഡിപിയും കെപിഎംഎസുമായിരുന്നു പ്രബല സംഘടനകള്‍.
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികള്‍ക്ക് ശേഷം ശബരിമല വിഷയത്തില്‍ സിപിഎം നിലപാട് മയപ്പെടുത്തിയപ്പോള്‍ കെപിഎംഎസ് ഇടഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് നവോത്ഥാന മൂല്ല്യ സംരക്ഷണ സമിതിയുടെ പ്രവര്‍ത്തനങ്ങളില്‍ കെപിഎംഎസ് അത്ര സജീവമല്ലെങ്കിലും വിരുദ്ധ നിലപാട് സ്വീകരിച്ചിട്ടില്ല. ജില്ലാ കണ്‍വന്‍ഷനുകള്‍ക്ക് പിന്നാലെ എല്ലാ അസംബ്ലി നിയോജക മണ്ഡലങ്ങളും കേന്ദ്രീകരിച്ച് പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കാന്‍ നവോത്ഥാന മൂല്ല്യ സംരക്ഷണ സമിതി തയാറെടുക്കുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.