പേരിനൊപ്പം അമ്മ നേരിനൊപ്പം ജീവിതം : ജോസഫ് അന്നംക്കുട്ടി ജോസ്

പേരിനൊപ്പം അമ്മ നേരിനൊപ്പം ജീവിതം : ജോസഫ് അന്നംക്കുട്ടി ജോസ്

മോട്ടിവേഷണൽ സ്പീക്കർ അഭിനേതാവ്, റേഡിയോ ജോക്കി, എഴുത്തുകാരൻ തുടങ്ങി ഒട്ടനവധി വിശേഷണങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ താരമായി മാറിയ ആളാണ് ജോസഫ് അന്നക്കുട്ടി ജോസ്. ആനുകാലിക വിഷയങ്ങളിൽ വ്യക്തമായ അഭിപ്രായം പ്രകടിപ്പിക്കുന്ന ജോസഫ് യുവ തലമുറയിലെ ചുണകുട്ടിയാണ്. വളരെ സമാധാനപരമായ രീതിയിൽ സംസാരിച്ചു കൊണ്ട് ഏതൊരാളുടെയും മനസിലെ വിഷമങ്ങൾ അകറ്റുവാനും പോസിറ്റിവിറ്റി നിറയ്ക്കാനും ജോസഫ് അന്നംകുട്ടി ജോസിന് ഒരു പ്രത്യേക കഴിവ് തന്നെയാണ്.

ജീവിതത്തിൽ നേരിട്ടുകണ്ട, പറഞ്ഞു കേട്ട, അനുഭവിച്ച കാര്യങ്ങൾ കഥ പോലെ പറയുന്ന യുവ മോട്ടിവേറ്റർ മറ്റുളളവരിൽ നിന്നും വിത്യസ്തനാണ്. അമ്മയുടെ പേരിനെ ഒപ്പം കൂട്ടി സ്വന്തം പേരിനെ ബാലൻസ് ചെയ്തതും ശ്രദ്ധിക്കപ്പെട്ടു. ജോസഫ് കുട്ടികാലത്ത് അമ്മയുമായി അത്യവശ്യം അടിപിടി ആയിരുന്നു. പ്രധാനമായും ഭക്ഷണത്തിന്റെ പേരിൽ ആയിരുന്നു അടി. അമ്മ ടീച്ചർ ആയിരുന്നു. അറിഞ്ഞോ അറിയാതെയോ അമ്മയെ അവഗണിച്ചിരുന്നു. അമ്മയാണ് വീട്ടിലെ കാര്യങ്ങൾ എല്ലാം നോക്കിയിരുന്നത്. എന്നാലും ക്രെഡിറ്റ് അച്ഛനായിരുന്നു കൂടുതൽ ലഭിച്ചത്. അങ്ങനെ ബാംഗ്ലൂരിൽ പഠനത്തിനായി പോയപ്പോഴാണ് അമ്മയുടെ വില മനസിലാക്കുന്നതും അമ്മയെ കുറച്ചുകൂടി പരിഗണിക്കാമായിരുന്നു എന്ന തോന്നൽ വന്നതും. അങ്ങനെയാണ് പേരിനൊപ്പം അമ്മയെയും കൂട്ടിയത്.

പത്താം ക്ലാസിന് ശേഷം ജോസഫ് പള്ളീലച്ചനാകാൻ പോയി. ജീവിതത്തിലേക്ക് തിരിഞ്ഞ് നോക്കുമ്പോൾ സംഭവിച്ച ഏറ്റവും നല്ല കാര്യങ്ങളിലൊന്ന് സെമിനാരിയിൽ പോയതാണ്. ലൈഫിന്റെ ദിശയെ സ്വാധീനിച്ച പുരോഹിതൻ ഫാദർ ബേബി ജോസ് കട്ടികാടിനെ പരിചയപ്പെട്ടത് അവിടെയാണ്. അദേഹത്തിന്റെ പുസ്തകങ്ങളിലൂടെയാണ് വായനയിലേക്ക് കടക്കുന്നത്.

സെമിനാരി പഠനം ഇടയ്ക്ക് നിർത്തിപ്പോകുമ്പോൾ അപ്പനും അമ്മയും എന്ത് വിചാരിക്കും അവർക്ക് സങ്കടമാകില്ലേ എന്നോർത്ത് മൂന്ന് വർഷം പിടിച്ചു നിന്നു. പ്ലസ് ടു അവിടെ പൂർത്തിയാക്കിയ ശേഷം തിരികെ വീട്ടിലേക്ക് പോയി. അവിടെ പ്ലസ് ടു പൂർത്തിയാക്കിയത് കൊണ്ട് 92 ശതമാനം മാർക്കുണ്ടായിരുന്നു. ഫുട്‌ബോളൊക്കെയുണ്ടായിരുന്നെങ്കിലും പ്രധാനപ്പെട്ട എന്റർടെയ്ൻമെന്റ് പഠനമായിരുന്നു. സ്റ്റഡി ടൈമിൽ പഠിച്ചേ പറ്റൂ. വേറൊന്നും ചെയ്യാനില്ല. അങ്ങനെ പഠിച്ചു.

സെമിനാരിയിൽ പഠനം നിർത്തി തിരിച്ചുവന്നപ്പോ അപ്പനും അമ്മയ്ക്കും സങ്കടമുണ്ടായിരുന്നു. വലിയ ഹൃദയമുള്ളവരാണല്ലോ അവർ. നിനക്കിത് നേരത്തെ പറയാമായിരുന്നില്ലേ, ഞങ്ങൾക്ക് വേണ്ടി നീ അങ്ങനെ ബുദ്ധിമുട്ടി നിൽക്കേണ്ട കാര്യമൊന്നുമില്ലായിരുന്നു എന്ന് പറഞ്ഞ് അവർ‌ ജോസഫിനെ ആശ്വസിപ്പിച്ചു. പിന്നെ നേരെ ബംഗളൂരുവിലേക്ക് വിട്ടതും ഏറ്റവും നല്ല ഇൻസ്റ്റിറ്റ്യൂട്ടുകളിലൊന്നായ ക്രൈസ്റ്റിൽ പഠിപ്പിച്ചതും അതുകൊണ്ടാണ്.

ബാംഗ്ലൂരിലെ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബി.കോം. ബിരുദവും എസ്.സി.എം.എസ്. കൊച്ചിയിൽനിന്ന് എം.ബി.എ.യും നേടി. പഠന കാലയളവിൽ സ്റ്റാർ ഓഫ് ദി ബാച്ച്, ബെസ്റ്റ് ഔട്ട്‌ഗോയിങ് സ്റ്റുഡന്റ് എന്നീ പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. 2021 ലെ മികച്ച മെയിൽ ആർ ജെ ആയി ക്രീയേറ്റീവ് റേഡിയോ അവാർഡ്സിൽ തിരഞ്ഞെടുക്കപ്പെട്ടു. 2022 ൽ ഇന്ത്യയുടെ 75-ാംസാംസ്കാരിക ബ്രാൻഡ് അംബാസഡർമാരിൽ ഒരാളായി സാംസ്കാരിക മന്ത്രാലയത്തിൻറെ അംഗീകാരം ലഭിച്ചു. സ്നേഹം കാമം ഭ്രാന്ത്, 'ബറീഡ് തോട്ട്', ദൈവത്തിന്റെ ചാരന്മാർ എന്നീ കൃതികൾ ബെസ്റ്റ് സെല്ലർ പട്ടികയിൽ ഇടംനേടി

അങ്കമാലി കറുകുറ്റിയാണ് സ്വദേശം. അപ്പൻ ജോസ്, അമ്മ അന്നംകുട്ടി. ഇരുവരും അധ്യാപകരായിരുന്നു. മൂത്ത സഹോദരൻ ആദർശ് കുടുംബമായി ദുബായിലാണ്. രണ്ടാമത്തെ ആൾ അരുൺ മെൽബണിലും. ആദർശ് കാലടിയിൽ വീട് നിർമിച്ചു. അരുൺ മെൽബണിൽ വീട് വാങ്ങിച്ചു. ജോസഫ് തറവാട്ടിൽ മാതാപിതാക്കൾക്കൊപ്പമാണ് താമസം...


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.