തെലങ്കാനയില്‍ ബിആര്‍എസിനെ വേട്ടയാടി നേതാക്കളുടെ കൊഴിഞ്ഞു പോക്ക് തുടരുന്നു; സിറ്റിങ് എംപിയും എംഎല്‍എയും കോണ്‍ഗ്രസില്‍ ചേര്‍ന്നു

  തെലങ്കാനയില്‍ ബിആര്‍എസിനെ വേട്ടയാടി നേതാക്കളുടെ കൊഴിഞ്ഞു പോക്ക് തുടരുന്നു; സിറ്റിങ് എംപിയും എംഎല്‍എയും കോണ്‍ഗ്രസില്‍ ചേര്‍ന്നു

ഹൈദരാബാദ്: ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കേ തെലങ്കാനയില്‍ ഭാരത് രാഷ്ട്ര സമിതിക്ക് (ബി.ആര്‍.എസ്) തിരിച്ചടി നല്‍കി ഒരു എംപിയും എംഎല്‍എയും പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു.

ചെവെല്ല സിറ്റിങ് എംപി ഡോ. രഞ്ജിത്ത് റെഡ്ഡിയും ഖൈറത്താബാദ് എംഎല്‍എ ധനം നാഗേന്ദറുമാണ് കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയില്‍ നിന്നാണ് നാഗേന്ദറും രഞ്ജിത്ത് റെഡ്ഡിയും കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്.

നാഗേന്ദര്‍ ബിആര്‍എസ് വിടുമെന്ന് നേരത്തെ തന്നെ സൂചനയുണ്ടായിരുന്നെങ്കിലും രഞ്ജിത്ത് റെഡ്ഡിയുടെ നീക്കം പാര്‍ട്ടി കേന്ദ്രങ്ങളെ ആകെ ഞെട്ടിച്ചു. അടുത്തിടെ നിരവധി എംഎല്‍എമാരും എംപിമാരുമാണ് ബിആര്‍എസ് വിട്ട് മറ്റ് പാര്‍ട്ടികളില്‍ ചേക്കേറിയത്.

2019 ലാണ് രഞ്ജിത്ത് റെഡ്ഡി ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. കോണ്‍ഗ്രസ് നേതാവായിരുന്ന വിശ്വേശ്വര്‍ റെഡ്ഡിയെയായിരുന്നു തോല്‍പിച്ചത്. വിശ്വേശ്വര്‍ പിന്നീട് ബിജെപിയില്‍ ചേരുകയായിരുന്നു.

ഗ്രേറ്റര്‍ ഹൈദരാബാദ് മേഖലയില്‍ വലിയ സ്വാധീനമുള്ള നേതാവാണ് നാഗേന്ദര്‍. ലോക്സഭാ തിരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ പാര്‍ട്ടി പ്രതീക്ഷയര്‍പ്പിച്ച നേതാവായിരുന്നു. നേരത്തെ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചാണ് ധനം നാഗേന്ദര്‍ അന്നത്തെ ടിആര്‍എസില്‍ എത്തിയത്.

കഴിഞ്ഞ ഫെബ്രുവരി അവസാനം നാഗര്‍ കര്‍ണൂല്‍ എംപി പോത്തുഗണ്ടി രാമുലു ബിആര്‍എസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇതിനു പിന്നാലെ സഹീറാബാദ് എംപി ബി.ബി പാട്ടീലും രാമുലുവിന്റെ വഴിയേ ബിജെപി പാളയത്തിലെത്തി.

പാര്‍ട്ടി സാമാജികരുടെയും പ്രമുഖ നേതാക്കളുടെയും കൂടുമാറ്റത്തോടെ തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു നയിക്കുന്ന ബിആര്‍എസ് വലിയ രാഷ്ട്രീയ പ്രതിസന്ധിയാണ് നേരിടുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനോടേറ്റ തോല്‍വിക്ക് ശേഷം പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയാകുന്ന വാര്‍ത്തകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്.

അടുത്തിടെ മേട്ച്ചല്‍ എംഎല്‍എയും കഴിഞ്ഞ കെസിആര്‍ സര്‍ക്കാരില്‍ മന്ത്രിയുമായിരുന്ന മല്ല റെഡ്ഡി കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. വാര്‍ത്തകള്‍ നിഷേധിച്ച് പിന്നീട് റെഡ്ഡി തന്നെ രംഗത്തെത്തിയെങ്കിലും കൂടുമാറ്റ സാധ്യതകള്‍ ഇനിയും അവസാനിച്ചിട്ടില്ല.

തെലങ്കാനയില്‍ 17 ലോക്സഭാ സീറ്റുകളാണുള്ളത്. 2019 ല്‍ ഒന്‍പതിടത്ത് വിജയിച്ച് ബിആര്‍എസ് ആണ് നേട്ടമുണ്ടാക്കിയത്. ബിജെപിക്ക് നാലും കോണ്‍ഗ്രസിന് മൂന്നും എഐഎംഐഎമ്മിന് ഒരു സീറ്റുമാണ് ലഭിച്ചത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.