സിഎഎ കേസുകള്‍ പിന്‍വലിക്കുന്നു; ഉത്തരവിറക്കി സംസ്ഥാന സര്‍ക്കാര്‍: ലക്ഷ്യം വോട്ട് ബാങ്ക്

സിഎഎ കേസുകള്‍ പിന്‍വലിക്കുന്നു; ഉത്തരവിറക്കി സംസ്ഥാന സര്‍ക്കാര്‍: ലക്ഷ്യം വോട്ട് ബാങ്ക്

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ വോട്ട് ബാങ്ക് ലക്ഷ്യമാക്കി പൗരത്വ നിയമ ഭേദഗതി പ്രക്ഷോഭത്തിനെതിരായ കേസുകള്‍ പിന്‍വലിക്കാന്‍ തിരക്കിട്ട നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍.

ഗുരുതരസ്വഭാവമുള്ളത് ഒഴിച്ചുള്ള കേസുകള്‍ പിന്‍വലിക്കാന്‍ അനുമതി നല്‍കി സര്‍ക്കാരിന്റെ ഉത്തരവ് പുറത്തിറങ്ങി. 835 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കേസുകള്‍ പിന്‍വലിക്കാത്തത് പ്രതിപക്ഷം പ്രചരണായുധമാക്കിയിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സിഎഎ ഏറ്റവും പ്രധാനപ്പെട്ട അജണ്ടയായി മാറിയതോടെയാണ് സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍. ഗുരുതര സ്വഭാവമുള്ളത് ഒഴികെയുള്ള കേസുകള്‍ പിന്‍വലിക്കാനുള്ള അപേക്ഷകള്‍ കോടതികളില്‍ എത്തിയെന്ന് ഉറപ്പു വരുത്താന്‍ ഉത്തരവില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ക്കും അഡിഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലാ കലക്ടര്‍മാര്‍ ഇതിനു മേല്‍നോട്ടം വഹിക്കും.

സിഎഎ വിജ്ഞാപനം പുറത്തിറങ്ങിയ ശേഷം കേരളത്തില്‍ നിയമം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വിജ്ഞാപനത്തിന് പിന്നാലെ നടന്ന പ്രതിഷേധങ്ങള്‍ക്കെതിരെ ഉള്‍പ്പെടെ എടുത്ത നൂറുകണക്കിനു കേസുകള്‍ പിന്‍വലിക്കാത്തതിനെ പ്രതിപക്ഷം വിമര്‍ശിച്ചിരുന്നു.

വിവിധ സംഘടനകളും ഇക്കാര്യം ഉയര്‍ത്തി രംഗത്തെത്തിയിരുന്നു. ആകെ 835 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതില്‍ 69 കേസുകള്‍ മാത്രമാണ് പിന്‍വലിച്ചതെന്നായിരുന്നു പരാതി.

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിലും ഇതേക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. 600 ലേറെ കേസുകള്‍ പിന്‍വലിച്ചിട്ടുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

ഗുരുതര സ്വഭാവമുള്ളതോ അപേക്ഷ നല്‍കാത്തതോ ആയ കേസുകളാണ് പിന്‍വലിക്കാത്തതെന്നായിരുന്നു അദേഹത്തിന്റെ വിശദീകരണം. എന്നാല്‍ തിരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തിലാണ് കേസുകളെല്ലാം പിന്‍വലിക്കാന്‍ പ്രോസിക്യൂട്ടര്‍മാര്‍ക്കു നിര്‍ദേശം നല്‍കിയിരിക്കുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.