ന്യൂഡല്‍ഹി: ഇന്ത്യന്‍ സിം കാര്‍ഡുകള്‍ വിയറ്റ്‌നാമിലേക്ക് കടത്തി വ്യത്യസ്തമായ രീതിയില്‍ തട്ടിപ്പ് നടത്തുന്ന സംഘം ഡല്‍ഹി ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് പൊലീസിന്റെ പിടിയിലായി. സംഘത്തില്‍പ്പെട്ട മുകുള്‍ കുമാര്‍ (22), ഹേമന്ത് (26), കനയ്യ ഗുപ്ത (29), അനില്‍കുമാര്‍ (20) എന്നിവരെ ആഗ്രയില്‍ നിന്നും ഡല്‍ഹിയില്‍ നിന്നുമാണ് പിടികൂടിയത്.
സിം കാര്‍ഡുകള്‍ അനധികൃതമായി വില്‍ക്കുന്നതിലൂടെ ലാഭമുണ്ടാക്കുന്ന ഒരു സിന്‍ഡിക്കേറ്റിന്റെ ഭാഗമായാണ് പ്രതികള്‍ പ്രവര്‍ത്തിച്ചത് എന്ന് പൊലീസ് പറഞ്ഞു. തുച്ഛമായ തുക നല്‍കി തൊഴിലാളികളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യുന്ന സിം കാര്‍ഡുകള്‍ തുടര്‍ന്ന് കൊറിയര്‍ വഴി വിയറ്റ്നാമിലേക്ക് അയയ്ക്കുകയായിരുന്നു. ആക്ടിവേറ്റ് ചെയ്ത സിം കാര്‍ഡുകളാണ് വിയറ്റ്നാമില്‍ എത്തിച്ചിരുന്നത്.
ഈ സിമ്മുകള്‍ ഗെയിമിങ് ആപ്പുകളും, വര്‍ക്ക് ഫ്രം ഹോം, സോഷ്യല്‍ മീഡിയ തട്ടിപ്പുകളും നടത്തുന്നവരാണ് ഉപയോഗിക്കുന്നതെന്ന് തങ്ങളുടെ അന്വേഷണത്തില്‍ കണ്ടെത്തിയതായി വിമാനത്താവളം ഡിസിപി ഉഷാ രംഗ്‌നാനി വ്യക്തമാക്കി. കള്ളപ്പണം വെളുപ്പിക്കല്‍ പോലുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് അടുത്തിടെ ഇന്ത്യയില്‍ നിരോധിച്ച ബിനാന്‍സ് എന്ന ചൈനീസ് ക്രിപ്‌റ്റോ കറന്‍സി ആപ്പ് വഴിയാണ് പ്രതികള്‍ക്ക് ഇതിന്റെ പ്രതിഫലം ലഭിച്ചതെന്നും ഉഷാ രംഗ്‌നാനി പറഞ്ഞു.
ഇത്തരം സിമ്മുകള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ലൈക്കുകളും ഫോളോവേഴ്‌സും കൃത്രിമമായി വര്‍ധിപ്പിക്കാനും ഉപയോഗിക്കാറുണ്ടെന്നും പൊലീസ് വെളിപ്പെടുത്തി. ഡയറിക്കുള്ളില്‍ അറകളില്‍ ഒളിപ്പിച്ച 500 സിം കാര്‍ഡുകള്‍ അടങ്ങിയ ഫെഡ്എക്‌സ് കൊറിയറിന്റെ ഷിപ്പ്‌മെന്റ് ഐജിഐ കാര്‍ഗോ ടെര്‍മിനലില്‍ തടഞ്ഞതോടെയാണ് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്നുള്ള അന്വേഷണങ്ങള്‍ക്ക് ശേഷം ഐപിസി 420 വകുപ്പ് പ്രകാരം കേസെടുക്കുകയായിരുന്നു.
റാക്കറ്റിന് പിന്നിലെ സൂത്രധാരന്‍ ചൈനീസ് പൗരനാണെന്നാണ് സൂചന. ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഇന്‍സ്‌പെക്ടര്‍ വിജേന്ദര്‍ റാണയുടെ നേതൃത്വത്തില്‍ ഒരു പ്രത്യേക സംഘത്തെയാണ് കേസന്വേഷിക്കാന്‍ നിയോഗിച്ചിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.