കൊടുക്കുന്നവരും ക്ഷമിക്കുന്നവരും ദൈവമഹത്വത്തെ പ്രതിഫലിപ്പിക്കുന്നു: ഞായറാഴ്ച സന്ദേശത്തില്‍ ഫ്രാന്‍സിസ് പാപ്പ

കൊടുക്കുന്നവരും ക്ഷമിക്കുന്നവരും ദൈവമഹത്വത്തെ പ്രതിഫലിപ്പിക്കുന്നു: ഞായറാഴ്ച സന്ദേശത്തില്‍ ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: കുരിശില്‍ നാം ദര്‍ശിക്കുന്നത്, യേശുവിന്റെയും അവിടുത്തെ പിതാവിന്റെയും മഹത്വമാണെന്ന് വിശ്വാസികളെ ഉദ്‌ബോധിപ്പിച്ച് ഫ്രാന്‍സിസ് പാപ്പാ. ദൈവത്തെ സംബന്ധിച്ചിടത്തോളം മഹത്വം എന്നത്, മാനുഷിക തലത്തിലുള്ള വിജയമോ, പ്രശസ്തിയോ, ജനപ്രീതിയോ അല്ല. പ്രത്യുത, സ്വജീവന്‍ പോലും ദാനമായി നല്‍കി സ്‌നേഹിക്കുന്നതാണ് ദൈവിക മഹത്വത്തിന്റെ സത്ത - മാര്‍പാപ്പ പറഞ്ഞു.

നോമ്പിലെ അഞ്ചാം ഞായറാഴ്ച, ത്രികാലജപ പ്രാര്‍ഥനയ്ക്ക് ഒരുക്കമായി സുവിശേഷ വിചിന്തനങ്ങള്‍ നല്‍കവെയാണ് പാപ്പാ ഈ കാര്യങ്ങള്‍ പറഞ്ഞത്. ദൈവത്തിന്റെ സ്‌നേഹവും അവിടുത്തെ കരുണയുടെ മുഖവും യേശു പൂര്‍ണമായി വെളിപ്പെടുത്തിയത് കുരിശിലാണ്. സ്വജീവന്‍ ദാനമായി നല്‍കിയും തന്നെ ക്രൂശിച്ചവരോട് പൂര്‍ണമായി ക്ഷമിച്ചും ദൈവസ്‌നേഹ പാരമ്യത്തെ യേശു വെളിപ്പെടുത്തി.

സ്വയം ദാനവും ക്ഷമയും ദൈവ മഹത്വത്തിന്റെ സാരാംശം

കുരിശില്‍നിന്ന് യേശു നമ്മെ പഠിപ്പിക്കുന്നത്, സ്വയം ദാനവും ക്ഷമയുമാണ് ദൈവ മഹത്വത്തിന്റെ സത്തയും സാരാംശവും എന്നാണ്. നമ്മുടെ ജീവിതത്തിന്റെ മാര്‍ഗവും അതുതന്നെ - പരിശുദ്ധ പിതാവ് പറഞ്ഞു. ലൗകിക മഹത്വത്തിന്റെ മാനദണ്ഡങ്ങളില്‍ നിന്ന് അത് തികച്ചും വ്യത്യസ്തമാണ്.

ലൗകിക മഹത്വം കടന്നുപോകുന്നു. ഹൃദയത്തില്‍ ഒരു സന്തോഷവും അത് അവശേഷിപ്പിക്കുന്നില്ല. അത് ആരെയും നന്മയിലേക്ക് നയിക്കുന്നില്ല പകരം, ഭിന്നതയിലേക്കും മാത്സര്യത്തിലേക്കും അസൂയയിലേക്കും നയിക്കുന്നു.

'ഏതു തരത്തിലുള്ള മഹത്വമാണ് ജീവിതത്തില്‍ ഞാന്‍ കാംക്ഷിക്കുന്നത്, ലൗകികമായ മഹത്വമാണോ? അതോ, ക്രൂശിതനായ ക്രിസ്തു കാണിച്ചുതന്ന ക്ഷമയുടെയും സ്വയം ദാനത്തിന്റേതുമായ മാര്‍ഗമാണോ ഞാന്‍ തിരഞ്ഞെടുത്തിരിക്കുന്നത്?' - ഈ ചോദ്യങ്ങള്‍ ഓരോരുത്തരും സ്വയം ചോദിക്കണമെന്ന് പരിശുദ്ധ പിതാവ് എല്ലാവരോടും നിര്‍ദേശിച്ചു.

ക്രൂശിതനായ ക്രിസ്തുവിന്റെ മാര്‍ഗമാണ് നാം തിരഞ്ഞെടുത്തിരിക്കുന്നതെങ്കില്‍, കൊടുക്കുന്നതില്‍ നമുക്കൊരിക്കലും മടുപ്പു തോന്നില്ല. കാരണം, കൊടുക്കുന്നവരും ക്ഷമിക്കുന്നവരുമാകുമ്പോള്‍, ദൈവ മഹത്വത്തെയാണ് നാം പ്രതിഫലിപ്പിക്കുന്നത്.

പീഡാനുഭവത്തിന്റെ മണിക്കൂറുകളില്‍ പൂര്‍ണവിശ്വാസത്തോടെ യേശുവിനെ അനുഗമിച്ച പരിശുദ്ധ കന്യകാമറിയം ദൈവസ്‌നേഹത്തിന്റെ ജീവിക്കുന്ന പ്രതിഫലനങ്ങളാകാന്‍ നാം ഏവരെയും സഹായിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ പരിശുദ്ധ പിതാവ് തന്റെ സന്ദേശം ഉപസംഹരിച്ചു.

മാർപാപ്പയുടെ ഞായറാഴ്ച ദിന സന്ദേശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.