മൊബൈല്‍ നമ്പറുകള്‍ എവിടെ നിന്ന് കിട്ടി? മോഡിയുടെ വാട്‌സാപ്പ് സന്ദേശത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് തൃണമൂലിന്റെ പരാതി

മൊബൈല്‍ നമ്പറുകള്‍ എവിടെ നിന്ന് കിട്ടി? മോഡിയുടെ വാട്‌സാപ്പ് സന്ദേശത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് തൃണമൂലിന്റെ പരാതി

ന്യൂഡല്‍ഹി: വാട്‌സാപ്പ് വഴി രാജ്യമെമ്പാടും പ്രചരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വികസിത് ഭാരത് സമ്പര്‍ക്ക് സന്ദേശത്തെ ചൊല്ലി വിവാദം. സന്ദേശത്തിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

വാട്‌സാപ്പ് സന്ദേശം അയക്കാന്‍ മൊബൈല്‍ നമ്പറുകള്‍ എവിടെ നിന്ന് ലഭിച്ചുവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സ്ഥാനാര്‍ഥിയായിരിക്കെ മോഡിയുടെ പേരില്‍ അയച്ച സന്ദേശം ചട്ടലംഘനമാണന്ന് തൃണമൂല്‍ കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

മൊബൈല്‍ നമ്പറുകള്‍ ലഭിച്ച ഉറവിടവും എത്ര മൊബൈല്‍ നമ്പറുകളിലേക്ക് വാട്‌സപ്പ് സന്ദേശം അയച്ചുവെന്നും വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് ഐടി മന്ത്രാലയത്തെയും സമീപിച്ചു. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും കേന്ദ്രസര്‍ക്കാര്‍ സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുകയാണെന്നുമാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

ഇന്ത്യക്കാര്‍ക്കും വിദേശത്തുള്ളവര്‍ക്ക് പോലും സര്‍ക്കാരിന്റെ സന്ദേശമെത്തുന്നുണ്ടെന്ന് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍ പറഞ്ഞു. എവിടെ നിന്നാണ് ഐടി മന്ത്രാലയത്തിന് തന്റെ ഫോണ്‍ നമ്പര്‍ ലഭിച്ചതെന്നും ആളുകളുടെ ഫോണ്‍ നമ്പറുകളടങ്ങിയ ഏത് ഡേറ്റാ ബേസാണ് സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നതെന്നും കോണ്‍ഗ്രസ് എംപി മനീഷ് തിവാരി ചോദിച്ചു.

തനിക്ക് വാട്‌സാപ്പില്‍ സന്ദേശം ലഭിച്ചത് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷമാണെന്നും സര്‍ക്കാരിന് എങ്ങനെ തന്റെ നമ്പര്‍ ലഭിച്ചുവെന്ന് പറയണമെന്നും മനീഷ് തിവാരി ആവശ്യപ്പെട്ടു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.