പുതുച്ചേരിക്ക് സംസ്ഥാന പദവി, നീറ്റ് പരീക്ഷ നിരോധിക്കും, 500 രൂപക്ക് പാചക വാതകം; വമ്പന്‍ വാഗ്ദാനങ്ങളുമായി ഡിഎംകെ പ്രകടന പത്രിക

പുതുച്ചേരിക്ക് സംസ്ഥാന പദവി, നീറ്റ് പരീക്ഷ നിരോധിക്കും, 500 രൂപക്ക് പാചക വാതകം; വമ്പന്‍ വാഗ്ദാനങ്ങളുമായി ഡിഎംകെ പ്രകടന പത്രിക

ചെന്നൈ: പുതുച്ചേരിക്ക് സംസ്ഥാന പദവി, നീറ്റ് പരീക്ഷാ നിരോധനം തുടങ്ങി വമ്പന്‍ വാഗ്ദാനങ്ങളുമായി ഡിഎംകെയുടെ പ്രകടന പത്രിക. ചെന്നൈയില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി എം.കെ സ്റ്റാലിനാണ് പത്രിക പുറത്തിറക്കിയത്. കനിമൊഴി എം.പിയും മറ്റ് നേതാക്കളും പങ്കെടുത്തു. ഇതോടൊപ്പം ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഡിഎംകെയുടെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയും പുറത്തിറക്കി.

പാചകവാതകം 500 രൂപയ്ക്കും പെട്രോള്‍ 75 നും ഡീസല്‍ 65 രൂപക്കും ലഭ്യമാക്കും, സ്ത്രീകള്‍ക്ക് പ്രതിമാസം 1000 രൂപ, സിഎഎയും യുസിസിയും നടപ്പാക്കില്ല, ദേശീയ പാതയിലെ ടോള്‍ ഗേറ്റുകള്‍ ഇല്ലാതാക്കും, ഇന്ത്യയിലേക്ക് മടങ്ങിയ ശ്രീലങ്കന്‍ തമിഴര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കും, തിരുക്കുറല്‍ ദേശീയ ഗ്രന്ഥമാക്കും തുടങ്ങിയ വാഗ്ദാനങ്ങളുമുണ്ട്.

തിരഞ്ഞെടുപ്പിന് മുമ്പ് പ്രകടന പത്രിക തയ്യാറാക്കുന്നതും തങ്ങള്‍ പറയുന്ന കാര്യങ്ങള്‍ തുടര്‍ന്നും ചെയ്യുന്നതും ഡിഎംകെയാണ്. ഇതാണ് ഞങ്ങളുടെ നേതാക്കള്‍ ഞങ്ങളെ പഠിപ്പിച്ചതെന്നും സ്റ്റാലിന്‍ പറഞ്ഞു.

2014 ല്‍ ബിജെപി അധികാരത്തിലെത്തിയപ്പോള്‍ അവര്‍ ഇന്ത്യയെ തകര്‍ത്തു. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെട്ടില്ല. തങ്ങള്‍ ഇന്ത്യ സംഖ്യം രൂപീകരിച്ചു. 2024 ല്‍ തങ്ങള്‍ അധികാരത്തിലെത്തുമെന്നും എം.കെ സ്റ്റാലിന്‍ പറഞ്ഞു.

ഡിഎംകെയുടെ പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ നിറവേറ്റാനുള്ളതാണെന്ന് കനിമൊഴി പറഞ്ഞു. തമിഴ്നാട്ടിലെ 39 സീറ്റുകള്‍ മാത്രമല്ല, രാജ്യത്തുടനീളം നല്ലൊരു ശതമാനം സീറ്റും ഇന്ത്യ മുന്നണി നേടുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മുന്നണി ധാരണ പ്രകാരം 22 സീറ്റുകളിലാണ് ഡിഎംകെ മത്സരിക്കുന്നത്. കനിമൊഴി-തൂത്തുക്കുടി, ദയാധിനിധി മാരന്‍-സെന്‍ട്രല്‍ ചെന്നൈ, കലാനിധി വീരസാമി-നോര്‍ത്ത് ചെന്നൈ, ടി.ആര്‍ ബാലു- ശ്രീപെരുംപുത്തൂര്‍ എന്നിവരാണ് മത്സരരംഗത്തുള്ള പ്രധാന നേതാക്കള്‍.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.