ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇലക്ടറല്‍ ബോണ്ട് കേസില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതിയില്‍ നിന്ന് വന്‍ തിരിച്ചടി നേരിട്ടതിന് പിന്നാലെ പിഐബി ഫാക്ട് ചെക്ക് യൂണിറ്റ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ടും കേന്ദ്രത്തിന് സുപ്രീം കോടതിയുടെ പ്രഹരം.
കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട വാര്‍ത്തകളുടെ വസ്തുതാ പരിശോധനയ്ക്കുള്ള ഫാക്ട് ചെക്ക് യൂണിറ്റ് സ്ഥാപിച്ചത് സുപ്രീം കോടതി സ്റ്റേ ചെയ്തു. അഭിപ്രായ സ്വതന്ത്ര്യത്തിലേക്കുള്ള കടന്നു കയറ്റമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി.
കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട വാര്‍ത്തകളോ ഉള്ളടക്കമോ സര്‍ക്കാരിന്റെ കീഴിലുള്ള പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (പിഐബി) വ്യാജമെന്ന് മുദ്രകുത്തിയാല്‍ ഇന്റര്‍നെറ്റ് പ്ലാറ്റ്‌ഫോമുകള്‍ അവ നീക്കം ചെയ്യണം എന്ന തരത്തിലായിരുന്നു ഫാക്ട് ചെക്ക് യൂണിറ്റിന്റെ പ്രവര്‍ത്തനം. ഇതിനെതിരെ എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ ഉള്‍പ്പെടെ നല്‍കിയ ഹര്‍ജികളാണ് സുപ്രീം കോടതി പരിഗണിച്ചത്.
ഹര്‍ജികള്‍ പരിഗണിക്കുന്നതിന് തൊട്ടു മുന്‍പാണ് വാര്‍ത്തകളുടെ പരിശോധനയ്ക്ക് പിഐബിക്ക് ചുമതല നല്‍കി കേന്ദ്രം വിജ്ഞാപനമിറക്കിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഈ നീക്കം സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളെ തടയാനാണെന്ന് പരക്കേ ആക്ഷേപമുയര്‍ന്നിരുന്നു.
അശ്ലീലം, ആള്‍മാറാട്ടം അടക്കം എട്ട് തരം ഉള്ളടക്കം നീക്കം ചെയ്യാനുള്ള പരാതികളില്‍ സമൂഹ മാധ്യമ കമ്പനികള്‍ നടപടിയെടുക്കേണ്ട സമയം 72 മണിക്കൂറാണ്. പിഐബി വ്യാജമെന്ന് കണ്ടെത്തുന്ന വാര്‍ത്തകളും ഈ പട്ടികയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. 2021 ലെ ഐടി ഇന്റര്‍മീഡിയറി ചട്ടം ഭേദഗതി ചെയ്തായിരുന്നു ഇത്തരമൊരു നീക്കം. ചട്ട ഭേദഗതിക്കെതിരെ ഇന്ത്യന്‍ ന്യൂസ്‌പേപ്പര്‍ സൊസൈറ്റി അടക്കം രംഗത്ത് വന്നിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.