കോണ്‍ഗ്രസിനെ സാമ്പത്തികമായി തകര്‍ക്കാന്‍ പ്രധാനമന്ത്രിയുടെ ആസൂത്രിത ശ്രമം: പാര്‍ട്ടി അക്കൗണ്ട് മരവിപ്പിച്ചതിനെതിരെ സോണിയ ഗാന്ധി

കോണ്‍ഗ്രസിനെ സാമ്പത്തികമായി തകര്‍ക്കാന്‍ പ്രധാനമന്ത്രിയുടെ ആസൂത്രിത ശ്രമം: പാര്‍ട്ടി അക്കൗണ്ട് മരവിപ്പിച്ചതിനെതിരെ സോണിയ ഗാന്ധി

ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെ സാമ്പത്തികമായി തകര്‍ക്കാനുള്ള ആസൂത്രിത ശ്രമമാണ് പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്ന് നടക്കുന്നതെന്ന് പാര്‍ട്ടി പാര്‍ലമെന്ററി ചെയര്‍പേഴ്സണ്‍ സോണിയ ഗാന്ധി.

പൊതുജനങ്ങളില്‍ നിന്ന് പിരിച്ചെടുക്കുന്ന പണം മരവിപ്പിക്കുകയും പാര്‍ട്ടി അക്കൗണ്ടുകളില്‍ നിന്ന് പണം ബലമായി തട്ടിയെടുക്കുകയും ചെയ്യുന്നു. എന്തായിരുന്നാലും ഏറ്റവും വെല്ലുവിളി നിറഞ്ഞ ഈ സാഹചര്യത്തിലും തങ്ങള്‍ തിരഞ്ഞെടുപ്പ് പ്രചരണം ഫലപ്രദമായി കൊണ്ടുപോകാന്‍ പരമാവധി ശ്രമിക്കുന്നുണ്ട്.

സുപ്രീം കോടതി ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിച്ച ഇലക്ടറല്‍ ബോണ്ടിലൂടെ ബിജെപി വലിയ നേട്ടമുണ്ടാക്കി. മറുവശത്ത്, പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിന്റെ ഫണ്ടുകള്‍ക്കുനേരെ ആക്രമണം നടത്തുകയാണ്.

ഇത് അഭൂതപൂര്‍വവും ജനാധിപത്യവിരുദ്ധവുമാണന്ന് സോണിയ പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കും മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്കുമൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സോണിയയുടെ രൂക്ഷ പ്രതികരണം.

എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും ആദായ നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പിന്നെ എന്തിനാണ് കോണ്‍ഗ്രസിന് പിഴ ചുമത്തുന്നത്, അതും തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പെന്ന് കോണ്‍ഗ്രസ് ട്രഷറര്‍ അജയ് മാക്കന്‍ ചോദിച്ചു. 07 ശതമാനം പൊരുത്തക്കേടിന് കോണ്‍ഗ്രസിന് 106 ശതമാനം പിഴ ചുമത്തുന്ന തരത്തിലാണ് ശിക്ഷയെന്നും അദേഹം പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് കോണ്‍ഗ്രസിന്റെ ആരോപണം

'ഞങ്ങളുടെ എല്ലാ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചിരിക്കുന്നു. ഞങ്ങള്‍ക്ക് പ്രചാരണ പ്രവര്‍ത്തനങ്ങളൊന്നും ചെയ്യാന്‍ കഴിയുന്നില്ല. ഞങ്ങളുടെ സ്ഥാനാര്‍ത്ഥികളെയും പ്രവര്‍ത്തകരെയും പിന്തുണയ്ക്കാന്‍ കഴിയുന്നില്ല. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് രണ്ട് മാസം മുമ്പാണ് ഈ നടപടി. ഇതുമൂലം തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ കോണ്‍ഗ്രസിന് ഒരു മാസമാണ് നഷ്ടമായത്' - രാഹുല്‍ ഗാന്ധി പറഞ്ഞു.

കോണ്‍ഗ്രസിനെതിരെ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും നടത്തിയ ക്രിമിനല്‍ നടപടിയാണിതെന്നും രാഹുല്‍ ആരോപിച്ചു. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്ന ആശയം നുണയായി മാറിയിരിക്കുകയാണ്. ഇന്ത്യയില്‍ ഇന്ന് ജനാധിപത്യമില്ല. ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണെന്ന ധാരണ കള്ളമായി മാറിയെന്നും രാഹുല്‍ പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.