ആറ് അധിക സീറ്റുകള്‍ക്കായി ലീഗിന്റെ രാഷ്ട്രീയ സമ്മര്‍ദ്ദം; പരമാവധി മൂന്ന് നല്‍കാമെന്ന് കോണ്‍ഗ്രസ്

 ആറ് അധിക സീറ്റുകള്‍ക്കായി ലീഗിന്റെ രാഷ്ട്രീയ സമ്മര്‍ദ്ദം;  പരമാവധി മൂന്ന് നല്‍കാമെന്ന് കോണ്‍ഗ്രസ്

കോഴിക്കോട്: കൂടുതല്‍ നിയമസഭാ സീറ്റുകളില്‍ കണ്ണുവച്ച് മുസ്ലീം ലീഗ് രാഷ്ട്രീയ സമ്മര്‍ദ്ദം തുടങ്ങി. കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം, ലോക് താന്ത്രിക് ജനതാ പാര്‍ട്ടി എന്നീ കക്ഷികള്‍ യുഡിഎഫ് വിട്ട സാഹചര്യത്തില്‍ ആറ് അധിക സീറ്റുകളാണ് ലീഗ് ആവശ്യപ്പെട്ടത്. കഴിഞ്ഞ തവണ 24 സീറ്റുകളിലാണ് ലീഗ് മത്സരിച്ചത്.

എന്നാല്‍ രണ്ട് സീറ്റുകള്‍ നല്‍കാമെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. ഒരു സീറ്റില്‍ പൊതുസമ്മതനായ സ്വതന്ത്രസ്ഥാനാര്‍ത്ഥിയെ നിര്‍ത്തണം. ആ സ്ഥാനാര്‍ത്ഥിയെ ലീഗും കോണ്‍ഗ്രസും ഒന്നിച്ച് പിന്തുണയ്ക്കും. അങ്ങനെ ലീഗിന് മൂന്ന് സീറ്റെന്ന ഫോര്‍മുലയാണ് കോണ്‍ഗ്രസിന്റെ വാഗ്ദാനം. ഇതു സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുന്നതിനാണ് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഇന്ന് രാവിലെ പാണക്കാട്ടെത്തിയത്.

പാണക്കാട് തങ്ങളുമായി വിശദമായ രാഷ്ട്രീയചര്‍ച്ച തന്നെ നടന്നുവെന്നും പി കെ കുഞ്ഞാലിക്കുട്ടി, ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും പാണക്കാട് തങ്ങളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. വളരെ സൗഹൃദപരമായ സന്ദര്‍ശനമായിരുന്നെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. യുഡിഎഫില്‍ സീറ്റ് വിഭജനത്തെക്കുറിച്ച് അനൗദ്യോഗിക ചര്‍ച്ചകള്‍ തുടങ്ങിയെന്ന് പി കെ കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കി.

രണ്ട് ദിവസത്തെ മണ്ഡല സന്ദര്‍ശനത്തിനായി എത്തിയ രാഹുല്‍ ഗാന്ധിയെ പിന്നീട് യുഡിഎഫ് നേതാക്കള്‍ ചേര്‍ന്ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വീകരിച്ചു. വിമാനത്താവളത്തിലെ വിഐപി ലോഞ്ചില്‍ ഇവര്‍ രാഹുലുമായി സീറ്റ് വിഭജനത്തില്‍ പ്രാഥമിക ചര്‍ച്ച നടത്തി. രാഹുല്‍ പിന്നീട് വയനാട് ലോക്‌സഭാ മണ്ഡലത്തിലെ പൊതു പരിപാടിയിലേക്ക് തിരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.