പാകിസ്ഥാനില്‍ പ്രതിവര്‍ഷം തട്ടിക്കൊണ്ടു പോയി ഇസ്ലാമാക്കുന്ന പെണ്‍കുട്ടികളുടെ എണ്ണം ആയിരത്തിലധികമെന്ന് റിപ്പോര്‍ട്ട്; ആശങ്കയറിയിച്ച് യു.എന്‍

പാകിസ്ഥാനില്‍ പ്രതിവര്‍ഷം തട്ടിക്കൊണ്ടു പോയി ഇസ്ലാമാക്കുന്ന പെണ്‍കുട്ടികളുടെ എണ്ണം ആയിരത്തിലധികമെന്ന് റിപ്പോര്‍ട്ട്; ആശങ്കയറിയിച്ച് യു.എന്‍

ഇസ്ലമാബാദ്: പാകിസ്ഥാനില്‍ പ്രതിവര്‍ഷം ആയിരത്തിലധികം പെണ്‍കുട്ടികള്‍ നിര്‍ബന്ധിതമായി ഇസ്ലാമിക വിശ്വാസത്തിലേയ്ക്ക് പരിവര്‍ത്തനം ചെയ്യപ്പെടുന്നതായി റിപ്പോര്‍ട്ട്. പലപ്പോഴും തട്ടിക്കൊണ്ടു പോകലിലൂടെയോ വഞ്ചനയിലൂടെയോ ആണ് ഈ മത പരിവര്‍ത്തനങ്ങള്‍ നടക്കുന്നത്.

സെന്റര്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് ലാഹോര്‍ എന്ന സംഘടനയാണ് തങ്ങളുടെ പഠന റിപ്പോര്‍ട്ടില്‍ ഇക്കര്യം വ്യക്തമാക്കിയത്. ഇത്തരം കുറ്റകൃത്യങ്ങളില്‍ 2019 നെക്കാള്‍ 50 ശതമാനവും 2020 നെ അപേക്ഷിച്ച് 80 ശതമാനവും വര്‍ധനയും ഇപ്പോള്‍ ഉണ്ടായതായാണ് സംഘടന വെളിപ്പെടുത്തുന്നത്.

2023 ജനുവരിക്കും ഡിസംബറിനും ഇടയില്‍ പാകിസ്ഥാനില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നതും നിര്‍ബന്ധിത മതപരിവര്‍ത്തന കേസുകളും ക്രമാതീതമായി വര്‍ധിച്ചു. തട്ടിക്കൊണ്ടു പോകലുകളും നിര്‍ബന്ധിത വിവാഹവും കൂടുതല്‍ ബാധിക്കുന്നത് ചെറിയ പെണ്‍കുട്ടികളെയാണ്.

ഇത്തരത്തിലുള്ള 77 ശതമാനം അതിക്രമങ്ങള്‍ക്കും ഇരയാകുന്നത് 18 വയസില്‍ താഴെയുള്ളവരാണ്. ആക്രമണത്തിന് ഇരയായ ഏകദേശം 18 ശതമാനം പേര്‍ 14 വയസിന് താഴെയുള്ളവരാണ്. അതിനാല്‍ തന്നെ ശൈശവ വിവാഹ നിയമനങ്ങള്‍ ലംഘിക്കുകയാണ് ഇവയില്‍ പലതും. എന്നാല്‍ കോടതിയോ മറ്റ് സംവിധാനങ്ങളോ നടപടികള്‍ സ്വീകരിക്കുന്നില്ല എന്നത് ആശങ്കാ ജനകമാണ്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയും മതന്യൂനപക്ഷങ്ങളില്‍ നിന്നുള്ള യുവതികളെയും ബാധിക്കുന്ന തട്ടിക്കൊണ്ടുപോകലുകള്‍, നിര്‍ബന്ധിത വിവാഹങ്ങള്‍, മതം മാറ്റങ്ങള്‍ എന്നിവയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വര്‍ധനയെക്കുറിച്ച് യു.എന്‍ വിദഗ്ധര്‍ കടുത്ത ആശങ്കയാണ് പ്രകടിപ്പിച്ചിട്ടുള്ളത്. ഇതിനെതിരായ നടപടി ശക്തമാക്കി ഇരകള്‍ക്ക് നീതി ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് യു.എന്‍.

ഫൈസലാബാദിലെ സൊഹൈല്‍ മസിഹ് എന്നയാളുടെ പത്ത് വയസുള്ള മകള്‍ ലൈബയെ മൂന്ന് ഭാര്യമാരുള്ളതും നാല്‍പ്പതുകാരനുമായ ഷൗക്കത്ത് ഷാ എന്ന ഇസ്ലാം വിശ്വാസി തട്ടിക്കൊണ്ടുപോയത് ചര്‍ച്ചയായിരുന്നു. ഏറെ നാള്‍ തിരഞ്ഞ ശേഷം മകള്‍ ഷൗക്കത്തിനൊപ്പമുണ്ടന്ന് അറിഞ്ഞ ലൈബയുടെ മാതാപിതാക്കള്‍ അയാളെ സമീപിച്ച് മകളെ തിരികെ അയയ്ക്കുവാന്‍ അഭ്യര്‍ഥിച്ചു.

എന്നാല്‍ ഷൗക്കത്ത് ഷാ പെണ്‍കുട്ടിയെ അവളുടെ മാതാപിതാക്കള്‍ക്ക് കൈമാറാന്‍ വിസമ്മതിച്ചു. താന്‍ അവളെ ഇസ്ലാം മതത്തിലേക്ക് മാറ്റിയെന്നും അതിനാല്‍ അവളെ അവളുടെ ക്രിസ്ത്യന്‍ മാതാപിതാക്കള്‍ക്ക് തിരികെ നല്‍കാനാവില്ലെന്നും വാദിച്ചു. ക്രിസ്ത്യന്‍ സന്നദ്ധ പ്രവര്‍ത്തകര്‍ ഇടപെട്ടെങ്കിലും ഫലമുണ്ടായില്ല. ഇത്തരം നിരവധി സംഭവങ്ങളാണ് പാകിസ്ഥാനിലുണ്ടാകുന്നത്.വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.