കാര്‍ഷിക മേഖലയുടെ സുസ്ഥിരമായ ഭാവി കര്‍ഷക കുടുംബങ്ങളുടെ കൈയില്‍; അവരെ പിന്തുണയ്ക്കണമെന്ന് ഫ്രാന്‍സിസ് പാപ്പ

കാര്‍ഷിക മേഖലയുടെ സുസ്ഥിരമായ ഭാവി കര്‍ഷക കുടുംബങ്ങളുടെ കൈയില്‍; അവരെ പിന്തുണയ്ക്കണമെന്ന് ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: മനുഷ്യ പുരോഗതിയില്‍ നിര്‍ണായക പങ്കുവഹിക്കുന്ന കാര്‍ഷിക സമ്പ്രദായങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നതില്‍ കര്‍ഷക കുടുംബങ്ങള്‍ ചെലത്തുന്ന സ്വാധീനത്തെ ചൂണ്ടിക്കാട്ടി ഫ്രാന്‍സിസ് പാപ്പ. ഭക്ഷ്യ ഉല്‍പ്പാദനം കൂടുതല്‍ പ്രതിരോധശേഷിയും കാര്യക്ഷമവുമാക്കുന്നതിനുള്ള താക്കോലാണ് കര്‍ഷക കുടുംബങ്ങളെന്നും മാര്‍പാപ്പ പറഞ്ഞു.

സ്പെയിനില്‍ നടന്ന ത്രിദിന വേള്‍ഡ് റൂറല്‍ ഫോറത്തിന്റെ എട്ടാമത് ഗ്ലോബല്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്തവര്‍ക്കാണ് പാപ്പ സന്ദേശം അയച്ചത്. സന്ദേശത്തിലൂടെ കര്‍ഷക കുടുംബങ്ങളോടുള്ള സഭയുടെ അടുപ്പവും പിന്തുണയും പാപ്പ പ്രകടിപ്പിക്കുകയും ചെയ്തു.

'കുടുംബ കൃഷി: നമ്മുടെ ഗ്രഹത്തിന്റെ സുസ്ഥിരത' എന്നതായിരുന്നു സമ്മേളനത്തിന്റെ പ്രമേയം. പട്ടിണിയും അസമത്വവും അവസാനിപ്പിക്കാനും ഭൂമിയുടെ പരിപാലനം പ്രോത്സാഹിപ്പിക്കാനുമുള്ള പരിശ്രമങ്ങള്‍ എന്നിവയാണ് കോണ്‍ഫറന്‍സില്‍ ചര്‍ച്ചയായത്. കര്‍ഷക കുടുംബങ്ങള്‍ ഭൂമിയില്‍ കൃഷി ചെയ്യുന്ന സൗമ്യവുമായ രീതി അഭിനന്ദനാര്‍ഹമാണ്. അവരെ പിന്തുണയ്ക്കുന്ന വേള്‍ഡ് റൂറല്‍ ഫോറത്തിന്റെ നേതൃത്വത്തെ പരിശുദ്ധ പിതാവ് പ്രശംസിച്ചു.

'കാര്‍ഷിക സമ്പ്രദായങ്ങളെ കൂടുതല്‍ പ്രതിരോധശേഷിയുള്ളതും കാര്യക്ഷമവുമാക്കാന്‍ കര്‍ഷക കുടുംബങ്ങള്‍ സത്യസന്ധമായ മാര്‍ഗങ്ങളിലൂടെ പരിശ്രമിക്കുന്നു. ആഗോള ഭക്ഷ്യ ഉല്‍പാദനത്തില്‍ അവരുടെ സംഭാവന വലുതാണ്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ദാരിദ്ര്യവും അവസരങ്ങളുടെ ദൗര്‍ലഭ്യവും അവരെ പ്രതികൂലമായി ബാധിക്കുന്നു.

കര്‍ഷക കുടുംബങ്ങളുടെ മാനുഷികവും ആത്മീയവും സാമൂഹികവുമായ ആവശ്യങ്ങള്‍ പരിഗണിക്കപ്പെടേണ്ടതുണ്ട്. കുടുംബ ബിസിനസുകള്‍ വെറും ചരക്ക് ഉല്‍പാദിപ്പിക്കാനുള്ള ഇടം മാത്രമല്ല; അവ ആളുകള്‍ ഉള്‍പ്പെടുന്ന സ്ഥലമാണ്, അവരുടെ അന്തസിനെ വിലമതിക്കണം.
അവരുടെ മതപരമായ പാരമ്പര്യങ്ങളെയും സാംസ്‌കാരിക സമ്പത്തിനെയും കാര്‍ഷിക രീതികളെയും ബഹുമാനിക്കാന്‍ നാം ബാധ്യസ്ഥരാണ്'.

കാര്‍ഷിക മേഖലയില്‍ ഗ്രാമീണ സ്ത്രീകളുടെ പങ്കിനെയും പാപ്പ പ്രശംസിച്ചു. വികസ്വര രാജ്യങ്ങളില്‍ അവര്‍ ഗുണഭോക്താക്കള്‍ മാത്രമല്ല, അവര്‍ ജീവിക്കുന്ന സമൂഹത്തിന്റെ പുരോഗതിയുടെ യഥാര്‍ത്ഥ ചാലകങ്ങളാണ്. കൃഷിയുടെ ഭാവി യുവതലമുറയെ ആശ്രയിച്ചാണിരിക്കുന്നത്. അതിനായി പുതുതലമുറകളെ പരിശീലിപ്പിക്കുകയും ശാക്തീകരിക്കുകയും ചെയ്യണമെന്നും പാപ്പ ഓര്‍മിപ്പിച്ചു.

ലോകത്തിന്റെ വിശപ്പ് തുടച്ചുനീക്കാനും ഭൂമിയെ കൂടുതല്‍ നന്നായി പരിപാലിക്കാനുമുള്ള ഒരു ചുവടുവയ്പായിരിക്കട്ടെ ഈ സമ്മേളനം എന്ന് പാപ്പാ പ്രാര്‍ത്ഥിച്ചു.

സര്‍ക്കാര്‍ പ്രതിനിധികള്‍, അന്താരാഷ്ട്ര കാര്‍ഷിക സ്ഥാപനങ്ങളിലെ അംഗങ്ങള്‍, ഗവേഷണ കേന്ദ്രങ്ങള്‍, ഫൗണ്ടേഷനുകള്‍, ഉപഭോക്തൃ സംഘടനകള്‍, യുവജനങ്ങള്‍ എന്നിവര്‍ പങ്കെടുത്ത ആഗോള ഉച്ചകോടിയില്‍ അഞ്ച് ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള കുടുംബ കര്‍ഷകരും പങ്കെടുത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.