വയസ് 37; അയര്‍ലന്‍ഡിന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാകാന്‍ സൈമണ്‍ ഹാരിസ്

വയസ് 37; അയര്‍ലന്‍ഡിന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാകാന്‍ സൈമണ്‍ ഹാരിസ്

ഡബ്ലിന്‍: അയര്‍ലന്‍ഡിന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാകാന്‍ ഒരുങ്ങി സൈമണ്‍ ഹാരിസ്. നേതൃ മല്‍സരത്തില്‍ എതിരാളികളൊന്നുമുണ്ടാകില്ലെന്ന് ഏറെക്കുറെ ഉറപ്പായതോടെയാണ് 37കാരനായ സൈമണ്‍ അടുത്ത പ്രധാനമന്ത്രികുമെന്ന് ഉറപ്പായത്. ഭരണകക്ഷിയായ ഫൈന്‍ ഗെയില്‍ പാര്‍ട്ടിയുടെ പുതിയ നേതാവായി ഹാരിസിനെ തിരഞ്ഞെടുത്തു. ഇന്ത്യന്‍ വംശജനായ ലിയോ വരാഡ്കര്‍ അപ്രതീക്ഷിതമായി രാജിവെച്ചതോടെയാണ് ഹാരിസ് പ്രധാനമന്ത്രി പദത്തിലേക്ക് എത്തുന്നത്.

അയര്‍ലന്‍ഡിലെ ആദ്യത്തെ സ്വവര്‍ഗാനുരാഗിയായ പ്രധാനമന്ത്രിയായ വരാഡ്കര്‍ നിരവധി വിഷയങ്ങളില്‍ എതിര്‍പ്പ് നേരിട്ടിരുന്നു. കഴിഞ്ഞയാഴ്ച്ചയാണ് വ്യക്തിപരവും രാഷ്ട്രീയപരവുമായ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് വരാഡ്കര്‍ രാജിവെച്ചത്. അടുത്തിടെ നടന്ന ഫാമിലി ആന്‍ഡ് കെയര്‍ റഫറണ്ടങ്ങളില്‍ (ജനഹിത പരിശോധന) ജനം സര്‍ക്കാരിന് വലിയ തിരിച്ചടി നല്‍കിയിരുന്നു. വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിക്കുന്നവരെയും കുടുംബമെന്ന നിര്‍വചനത്തില്‍ ഉള്‍പ്പെടുത്താനുള്ള ഭരണഘടനാ ഭേദഗതിക്കെതിരെ 67.7 ശതമാനം ഐറിഷുകാരാണ് വോട്ട് ചെയ്തത്.

ആത്മീയനിറവും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന പാരമ്പര്യവുമുള്ള അയര്‍ലണ്ടിനെ മറ്റൊരു ദിശയിലേക്കു നയിക്കാനുള്ള വരാഡ്കറിന്റെ ശ്രമമാണ് ജനങ്ങള്‍ പൊളിച്ചത്. ഈ പശ്ചാത്തലത്തില്‍ സൈമണ്‍ ഹാരിസിന്റെ നേതൃത്വത്തെ ആകാംക്ഷയോടെയാണ് ഐറിഷുകാര്‍ കാണുന്നത്. ഏപ്രില്‍ ഒന്‍പതിന് പാര്‍ലമെന്റ് വീണ്ടും ചേരുമ്പോഴായിരിക്കും ഔദ്യോഗികമായി സൈമണ്‍ അധികാരത്തിലേറുക.

പാര്‍ട്ടിയുടെ നേതാവായി തിരഞ്ഞെടുക്കപ്പെട്ടത് തനിക്ക് ലഭിച്ച ഏറ്റവും വലിയ ബഹുമതിയായിട്ടാണ് കാണുന്നതെന്ന് ഹാരിസ് പ്രതികരിച്ചു. കഠിനാധ്വാനവും ഉത്തരവാദിത്തവും കലര്‍ന്ന പ്രവര്‍ത്തനത്തിലൂടെ വിശ്വാസം കാത്തുസൂക്ഷിക്കുമെന്ന് പാര്‍ട്ടി അംഗങ്ങളെ അഭിസംബോധന ചെയ്യവെ ഹാരിസ് വാഗ്ദാനം ചെയ്തു.

ക്രമസമാധാനത്തിന് മുന്‍ഗണന നല്‍കുന്ന പാര്‍ട്ടിയുടെ നിലപാട് തുടരുമെന്ന് സൈമണ്‍ വ്യക്തമാക്കിയിട്ടുണ്ട്. ദേശീയവാദികളില്‍ നിന്ന് പാര്‍ട്ടിയുടെ പ്രതിച്ഛായ വീണ്ടെടുക്കുമെന്നും കുടിയേറ്റ നയങ്ങള്‍ കൂടുതല്‍ ആസൂത്രിതമാക്കുമെന്നും ഹാരിസ് കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രിയെന്ന നിലയില്‍ വലിയ വെല്ലുവിളികളാണ് ഹാരിസിനെ കാത്തിരിക്കുന്നത്. തിരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ബാക്കി നില്‍ക്കെ സഖ്യം നിലനിര്‍ത്തുക എന്ന നിര്‍ണായക ഉത്തരവാദിത്തം ഹാരിസിനുണ്ട്.

നേരത്തെ വിദ്യാഭ്യാസം, ഗവേഷണം, ശാസ്ത്രം എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്ത ഹാരിസ് കോവിഡ് കാലത്താണ് കൂടുതല്‍ ജനപിന്തുണ നേടിയത്. വിക്ലോ കൗണ്ടിയിലെ കടല്‍ത്തീര പട്ടണമായ ഗ്രെയ്സ്റ്റോണ്‍സ് സ്വദേശിയാണ് ഹാരിസ്. ഓട്ടിസം ബാധിച്ച തന്റെ ഇളയ സഹോദരനു വേണ്ടി ഓട്ടിസം സേവനങ്ങള്‍ക്കായി പ്രചാരണം നടത്തിയാണ് ഹാരിസ് രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. 15 വയസു മാത്രമാണ് അപ്പോള്‍ ഹാരിസിനുണ്ടായിരുന്നത്. തുടര്‍ന്ന് ഇതിനായി ചാരിറ്റിയും സ്ഥാപിച്ചു.

കാര്‍ഡിയാക് നഴ്‌സായ കയോംഹെ വേഡാണ് ഭാര്യ. ദമ്പതികള്‍ക്ക് രണ്ട് മക്കളുമുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.