കൊച്ചി: പണം വാരിയെറിഞ്ഞ് ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാനൊരുങ്ങുമ്പോള്‍ സ്ഥാനാര്‍ഥികളുടെ പോസ്റ്ററടിക്കാന്‍ പണമില്ലാതെ രാജ്യത്തെ മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ്. പാര്‍ട്ടിയുടെ 11 അക്കൗണ്ടുകളും ആദായനികുതി വകുപ്പ് മരവിപ്പിച്ചതോടെ പ്രചാരണത്തിന്റെ തുടക്കത്തില്‍ തന്നെ സാമ്പത്തിക ബുദ്ധിമുട്ടിലാണ് കോണ്‍ഗ്രസ്.
ഇതുമൂലം ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണം വെട്ടിച്ചുരുക്കാനാണ് തീരുമാനം. ദേശീയ നേതാക്കളുടെ അടക്കം യാത്ര ചെലവ് പ്രതിസന്ധിയിലായതിനാല്‍ പല മണ്ഡലങ്ങളിലും രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയുമടക്കമുള്ള താര പ്രചാരകര്‍ എത്തില്ല. അത് പല സ്ഥാനാര്‍ഥികളുടെയും വിജയത്തെ ബാധിക്കുമെന്ന ആശങ്കയും പാര്‍ട്ടിക്കുണ്ട്.
പരമാവധി സ്വന്തം നിലയില്‍ പ്രചാരണം നടത്താനും പിസിസികളും സ്ഥാനാര്‍ഥികളും ആവശ്യമായ പണം കണ്ടെത്തണമെന്നുമാണ് ഹൈക്കമാന്‍ഡ് നിര്‍ദേശം. കേരളത്തിലേക്ക് എഐസിസി വക പണം ഇതുവരെ വന്നിട്ടില്ല. സ്ഥാനാര്‍ഥികള്‍ക്ക് കെപിസിസിയും പണം നല്‍കിയിട്ടില്ല.
പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനും നയിച്ച സമരാഗ്‌നി യാത്രയില്‍ നിന്നും പിരിച്ചെടുത്ത പണം കൊണ്ട് അത്യാവശ്യ പ്രചാരണം നടത്താമെന്നാണ് പ്രതീക്ഷ. ഭൂരിപക്ഷം സീറ്റുകളിലും സിറ്റിങ് എംപിമാര്‍ തന്നെ മത്സരിക്കുന്നതിനാല്‍ പണം അവര്‍ തന്നെ കണ്ടെത്തേണ്ടി വരുമെന്നാണ് കെപിസിസി നേതൃത്വം നല്‍കുന്ന സൂചന.
എന്നാല്‍ ഉത്തരേന്ത്യയിലും പാര്‍ട്ടി ഭരണത്തില്‍ ഇല്ലാത്ത മറ്റു സംസ്ഥാനങ്ങളിലും സ്ഥിതി വളരെ ദയനീയമാണ്. ഉത്തരേന്ത്യയില്‍ ബിജെപിയോട് നേര്‍ക്കുനേര്‍ ഏറ്റു മുട്ടുന്ന പല സംസ്ഥാനങ്ങളിലും സാമ്പത്തിക പ്രതിസന്ധി കോണ്‍ഗ്രസിനെ വല്ലാതെ അലട്ടുന്നുണ്ട്.
അധികാരത്തിന്റെ പിന്‍ബലത്തില്‍ ബിജെപി സ്ഥാനാര്‍ഥികള്‍ കോടികളിട്ട് അമ്മാനമാടുമ്പോള്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് 'ദരിദ്ര നാരായണന്‍'മാരായി പോരാടേണ്ട അവസ്ഥയാണുള്ളതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26