പകലോമറ്റം : 2021 ലെ ആഗോള സഭൈക്യവാര സമാപനം ജനുവരി 25 ന് പകലോമറ്റം അർക്കദിയാക്കോന്മാരുടെ പുണ്യ കബറിടത്തിങ്കൽ വച്ചു നടത്തപ്പെട്ടു. പാലാ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിന്റെ ധൂപാർപ്പണം, കൽവിളക്ക് തെളിക്കൽ, യാമ പ്രാർത്ഥന ശുശ്രൂഷകൾ എന്നിവ നടന്നു. അർക്കദിയാക്കോന്മാരുടെ കബറിടത്തിൽ തിരി തെളിച്ച് ആരംഭിച്ച ചടങ്ങുകളിൽ വിവിധ സഭകളുടെ പ്രതിനിധികൾ പങ്കുചേർന്നു.
സഭയുടെ പാരമ്പര്യത്തെയും പൂർവികരെയും മുറുകെ പിടിക്കണമെന്ന ആശയം ബിഷപ്പ് പങ്കുവച്ചു. അർക്കദിയാക്കോന്മാരുടെ കാലത്തെക്കുറിച്ചും അവർ നൽകിയ സംഭാവനകളെ കുറിച്ചും പ്രതിപാദിച്ച പിതാവ് തറവാടിത്തം കാത്തു സൂക്ഷിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കി. പകലോമറ്റം ക്രിസ്ത്യാനികളുടെ തറവാടാണെന്നും തറവാട്ടിൽ ഒന്നിച്ചു കൂടുമ്പോഴാണ് ഒരു കുടുംബത്തിന് നിലനിൽപ്പ് ഉള്ളതെന്നും സഭാ തലത്തിലും ഇത് യാഥാർത്ഥ്യമാണെന്നും ബിഷപ്പ് പറഞ്ഞു.
ആർച്ച് പ്രീസ്റ്റ് ഫാ. അഗസ്റ്റിൻ കൂട്ടിയാനി, ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ, ഫാ. ജോസഫ് വഞ്ചിപുരക്കൽ, ഫാ. സിറിൽ തോമസ് തയ്യിൽ, ഫാ. ജേക്കബ് തെക്കേ പറമ്പിൽ, ഫാ ഗീവർഗീസ്, ഫാ. ലാൽ തോമസ്, അബ്രഹാം ശെമാശൻ എസ് എം വൈ എം പാലാ രൂപത പ്രസിഡന്റ് അഡ്വ. സാം സണ്ണി, വൈസ് പ്രസിഡന്റ് സുസ്മിത, ജനറൽ സെക്രട്ടറി കെവിൻ മൂങ്ങാമാക്കൽ, സംസ്ഥാന വൈസ് പ്രസിഡന്റ് അഞ്ജു ജോണി തുടങ്ങിയവർ നേതൃത്വം നൽകി.
സഭൈക്യവാരത്തോടനുബന്ധിച്ച് 18 മുതൽ 25 വരെ ഫാ. തോമസ് സിറിൽ തയ്യിലിന്റെ നേതൃത്വത്തിൽ യുവജനസംഘവും മുതിർന്നവരും സിഎസ്ഐ, സീറോ-മലങ്കര, ക്നാനായ യാക്കോബായ, യാക്കോബായ, മാർത്തോമാ, ഓർത്തഡോക്സ്, ലത്തീൻ, അസീറിയൻ സഭകളുടെ പള്ളികൾ സന്ദർശിച്ച് സായാഹ്ന യാമ നമസ്കാരങ്ങളിൽ പങ്കുചേരുകയും ക്രിസ്ത്യാനികൾ ഒന്നിച്ചു നിൽക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.