തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥി ജെ.എസ് സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ടുളള അന്വേഷണം വഴിമുട്ടിയെന്ന് പിതാവ് ജയപ്രകാശ്. അന്വേഷണം വൈകിയാല്‍ ക്ലിഫ് ഹൗസിന് മുന്‍പില്‍ സമരം ചെയ്യുമെന്നും അദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദേഹം.
'മകന്റെ മരണത്തിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് വിശ്വാസമുളള സ്ഥലത്താണ് വന്നത്. കഴിഞ്ഞ ദിവസം ബിജെപി സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറിനെയും കണ്ടിരുന്നു. ഇപ്പോള്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെയും കണ്ടു. ശരിക്കും ഭരണ പക്ഷത്തുളളവരുടെ അടുത്താണ് നീതിക്കായി പോകേണ്ടത്. പോയിക്കഴിഞ്ഞാല്‍ ഏത് സ്ഥിതിയാകുമെന്ന് നിങ്ങള്‍ക്ക് തന്നെ അറിയാമല്ലോ' - ജയപ്രകാശ് പറഞ്ഞു.
അന്വേഷണത്തിന് സിബിഐ എത്തുമെന്നാണ് ഇപ്പോഴും പറയുന്നത്. കഴിഞ്ഞ ദിവസം ആന്റി റാഗിങ് സ്‌ക്വാഡ് പുറത്തുവിട്ട അന്തിമ റിപ്പോര്‍ട്ടില്‍ മൂന്ന് പെണ്‍കുട്ടികളുടെയും കുറച്ച് വിദ്യാര്‍ഥികളുടെയും വിവരങ്ങള്‍ പറയുന്നുണ്ട്. അവര്‍ ഇതുവരെയായിട്ടും നിയമത്തിന്റെ മുന്നിലെത്തിയിട്ടില്ല. അവരെ എന്തിനാണ് മാറ്റി നിര്‍ത്തുന്നത്. അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യേണ്ടതാണ്.
ഇല്ലെങ്കില്‍ മറ്റു നടപടിയുമായി മുന്നോട്ട് പോകും. അന്വേഷണം വൈകിയാല്‍ ക്ലിഫ് ഹൗസിന് മുന്‍പില്‍ സമര നടത്തും. മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്താന്‍ ഇനി ആഗ്രഹിക്കുന്നില്ല. സമരകാര്യമൊന്നും പ്രതിപക്ഷ നേതാവുമായി ചര്‍ച്ച ചെയ്തിട്ടില്ലെന്നും ജയപ്രകാശ് പറഞ്ഞു.
സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ടുളള ആന്റി റാഗിങ് കമ്മിറ്റിയുടെ അന്തിമ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. എട്ടു മാസത്തോളം നീണ്ട പീഡനമാണ് സിദ്ധാര്‍ത്ഥന്‍ കോളജില്‍ നേരിട്ടതെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്.
പലപ്പോഴും സിദ്ധാര്‍ത്ഥനെ നഗ്‌നനാക്കിയായിരുന്നു പീഡനം. എല്ലാ ദിവസവും കോളജ് യൂണിയന്‍ പ്രസിഡന്റും എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റിയംഗവുമായ കെ. അരുണിന്റെ മുറിയില്‍ സിദ്ധാര്‍ത്ഥന്‍ ഹാജരാകണമെന്നതായിരുന്നു ശിക്ഷ.
ഫോട്ടോഗ്രാഫര്‍ എന്ന നിലയ്ക്ക് വിദ്യാര്‍ഥികള്‍ക്കിടയില്‍ സിദ്ധാര്‍ത്ഥന്‍ താരമായി വളരുന്നതായിരുന്നു പീഡനത്തിന് കാരണം. സിദ്ധാര്‍ത്ഥന്‍ കോളജില്‍ നേരിട്ടത് മൂന്ന് ദിവസത്തെ ക്രൂരമര്‍ദ്ദനം എന്നായിരുന്നു ഇതുവരെ പുറത്തുവന്ന വിവരങ്ങള്‍. എന്നാല്‍ സിദ്ധാര്‍ത്ഥന്റെ സഹപാഠിയില്‍ നിന്നുള്‍പ്പെടെ ശേഖരിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് ആന്റി റാഗിങ് കമ്മിറ്റി അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
കമ്മിറ്റി 166 കുട്ടികളുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. എട്ടുമാസം നീണ്ടുനിന്ന പീഡന വിവരം ആന്റി റാഗിങ് കമ്മിറ്റിയില്‍ ഉള്‍പ്പെട്ട അധ്യാപകര്‍ അറിഞ്ഞിട്ടില്ല എന്നതാണ് ദുഖകരം. സിദ്ധാര്‍ത്ഥന്റെ ജന്മദിനത്തില്‍ തൂണില്‍ കെട്ടിയിട്ട് പീഡിപ്പിച്ചതായും മൊഴിയുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.