നേരിയ ആശ്വാസം! സ്വര്‍ണ വില 49000 ത്തില്‍ നിന്ന് ഇറങ്ങി

നേരിയ ആശ്വാസം! സ്വര്‍ണ വില 49000 ത്തില്‍ നിന്ന് ഇറങ്ങി

കൊച്ചി: കുതിച്ചുയര്‍ന്ന സ്വര്‍ണ വിലയില്‍ നേരിയ ഇടിവ്. ഉപയോക്താക്കള്‍ക്ക് ആശ്വാസമായി 49000 എന്ന കൂറ്റന്‍ വിലയില്‍ നിന്ന് പവന്‍ നിരക്ക് കുറയുന്നു. എന്നാല്‍ ആഗോള വിപണിയില്‍ സ്വര്‍ണ വില കുറഞ്ഞിട്ടില്ല. വില കയറാനുള്ള സാധ്യതയും ഉണ്ടെന്നാണ് സൂചന.

ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്ക് ഒന്നാം തിയതിയിലെ 46320 രൂപയായിരുന്നു. ഏറ്റവും കൂടിയ നിരക്ക് 21 ലെ 49440 രൂപയും. പിന്നീട് നേരിയ തോതില്‍ സ്വര്‍ണ വില കുറഞ്ഞ് വരുന്നുണ്ട്. ശനിയാഴ്ച പവന് 49000 ത്തിലെത്തി. തിങ്കളാഴ്ചയും വില മാറിയില്ല. ഇന്ന് 80 രൂപയുടെ കുറവുണ്ടായി. ഒരു പവന്‍ ആഭരണം വാങ്ങണമെങ്കില്‍ ഇന്ന് 53500 രൂപ വരെ ചെലവ് വരും.

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് രേഖപ്പെടുത്തുന്ന വില 48920 രൂപയാണ്. ഗ്രാമിന് പത്ത് രൂപ കുറഞ്ഞ് 6115 ആയി. അതേസമയം ആഗോള വിപണിയില്‍ നേരിയ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഔണ്‍സിന് 2171.60 ഡോളറില്‍ നിന്ന് 2174.80 ഡോളറിലേക്ക് ഉയര്‍ന്നിട്ടുണ്ട്. ഇന്നത്തെ വ്യാപാരത്തിന്റെ പ്രതിഫലനം നാളത്തെ സ്വര്‍ണ വിലയില്‍ അറിയാം.

ഡോളര്‍ സൂചിക ഉയര്‍ന്ന് നില്‍ക്കുമ്പോള്‍ സ്വര്‍ണ വില കുറയേണ്ടതാണ്. എന്നാല്‍ യു.എസ് കേന്ദ്ര ബാങ്ക് പലിശ നിരക്ക് വൈകാതെ കുറയ്ക്കുമെന്ന പ്രചാരണം ശക്തമാണ്. ഇതാണ് നിക്ഷേപകരെ സ്വര്‍ണത്തിലേക്ക് ആകര്‍ഷിക്കുന്ന പ്രധാന കാരണം. മറ്റ് പ്രധാന കറന്‍സികള്‍ മൂല്യമിടിഞ്ഞതാണ് ഡോളറിന് നേട്ടമായത്. ബാങ്കുകള്‍ പലിശ നിരക്ക് കുറയ്ക്കാന്‍ തുടങ്ങുന്നതോടെ എല്ലാ ലോഹങ്ങള്‍ക്കും വില കൂടിയേക്കും.

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ 83.33 എന്ന നിരക്കിലാണുള്ളത്. കഴിഞ്ഞ വെള്ളിയാഴ്ച 83.43 എന്ന നിരക്ക് വരെ എത്തിയിരുന്നു. ചരിത്രത്തില്‍ ഏറ്റവും വലിയ താഴ്ച രൂപ രേഖപ്പെടുത്തിയത് 83.48 എന്ന നിരക്കാണ്. ഇതിലേക്ക് വീണ്ടും രൂപ കൂപ്പുകുത്തുമോ എന്നാണ് അറിയേണ്ടത്. ചൈനീസ് നാണയമായ യുവാന്‍ കഴിഞ്ഞ ദിവസം ഇടിഞ്ഞിരുന്നു എങ്കിലും അവരുടെ കേന്ദ്ര ബാങ്ക് അതിവേഗം ഇടപെടുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.