ചരക്ക് കപ്പലിടിച്ച് അമേരിക്കയിലെ ബാൾട്ടിമോർ പാലം തകർന്നുവീണു; വീഡിയോ

ചരക്ക് കപ്പലിടിച്ച് അമേരിക്കയിലെ ബാൾട്ടിമോർ പാലം തകർന്നുവീണു; വീഡിയോ

മേരിലാൻഡ്: കപ്പൽ ഇടിച്ച് ബാൾട്ടിമോറിലെ ഫ്രാൻസിസ് സ്കോട്ട് കീ പാലത്തിന്റെ ഒരു ഭാഗം തകർന്നു. ചൊവ്വാഴ്ച പ്രാദേശിക സമയം പുലർച്ചെ 1.30 ഓടെയായിരുന്നു അപകടം. ബാൾട്ടിമോറിൽനിന്ന് ശ്രീലങ്കയിലെ കൊളംബോയിലേക്ക് യാത്രതിരിച്ച് മിനിറ്റുകൾക്കുള്ളിലാണ് ഡാലി എന്ന സിം​ഗപുർ ചരക്കുകപ്പൽ ഫ്രാന്‍സിസ് സ്‌കോട്ട് കീ പാലത്തിൽ ഇടിച്ചത്. പാലത്തിന്റെ പ്രധാന തൂണിൽ കപ്പല്‍ ഇടിക്കുകയും പാലത്തിന്റെ വലിയൊരു ഭാഗം ഒന്നാകെ തകര്‍ന്ന് വീഴുകയും ചെയ്തു.

അപകടത്തിൽ കപ്പലിന് തീ പിടിക്കുകയും ഡീസൽ നദിയിൽ കലരുകയും ചെയ്തു. സംഭവസമയം പാലത്തിലൂടെ പോകുകയായിരുന്ന നിരവധി വാഹനങ്ങള്‍ വെള്ളത്തിലേക്ക് പതിച്ചു. വെള്ളത്തില്‍ വീണ് 20 പേരെ കാണാതായതായെന്നും ഏഴ് വാഹനങ്ങൾ നദിയിലേക്ക് വീണെന്നുമാണ് ആദ്യ റിപ്പോര്‍ട്ട്. രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണ്.

കപ്പലിന് 27 ​ദിവസം നീളുന്ന യാത്രാപദ്ധതിയായിരുന്നു അധികൃതർ തയ്യാറാക്കിയിരുന്നത്. ഏപ്രിൽ 22-ന് കപ്പൽ കൊളംബോയിൽ എത്തിച്ചേരേണ്ടതായിരുന്നു. പനാമയിൽനിന്നും മാർച്ച് 19-നാണ് കപ്പൽ ന്യൂയോർക്കിൽ എത്തിയത്. തുടർന്ന് ശനിയാഴ്ച ബാൾട്ടിമോറിലേക്കെത്തി. രണ്ടുദിവസം ഇവിടെ തങ്ങിയ ശേഷം ചൊവ്വാഴ്ച പുലർച്ചെ ഒന്നോടെ ബാൾട്ടിമോറിൽനിന്ന് യാത്രതിരിച്ചെങ്കിലും അമേരിക്കൻ പ്രാദേശികസമയം 1.30-ഓടെ അപകടത്തിൽപ്പെടുകയായിരുന്നു.

പ്രതികൂലകാലാവസ്ഥ രക്ഷാപ്രവർത്തനതത്തെ ബാധിക്കുന്നതായും എത്രപേർ വെള്ളത്തിൽ വീണു എന്നത് വ്യക്തമല്ലെന്നും ബാൾട്ടിമോർ ഫയർ ഡിപ്പാർട്ട്മെന്റ് കമ്യൂണിക്കേഷൻ ഡയറക്ടർ കെവിൻ കാർട്ട് റൈറ്റ് അറിയിച്ചു. അപകടകാരണം അറിവായിട്ടില്ലെന്നും ചരക്കുകപ്പലിൽ ഉള്ളവർ സുരക്ഷിതരാണെന്നും സിനർജി മറൈൻ ​ഗ്രൂപ്പ് അധികൃതർ അറിയിച്ചു. പാലം തകരുന്ന ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിക്കുന്നുണ്ട്.

തകർന്നത് 47 വർഷം മുൻപ് നിർമിച്ച പാലം

മെരിലാൻഡിലെ സെൻട്രൽ ബാൾട്ടിമോറിന്‍റെ തെക്കുകിഴക്കു ഭാ​ഗത്ത് പറ്റാപ്സ്കോ നദിയ്ക്കു കുറുകെയാണ് ഫ്രാന്‍സിസ് സ്‌കോട്ട് കീ പാലം സ്ഥിതിചെയ്യുന്നത്. അമേരിക്കൻ ദേശീയ​ഗാനത്തിന്റെ രചയിതാവ് ഫ്രാൻസിസ് സ്കോട്ട് കീയുടെ പേരിലുള്ള പാലം, 1977 മാർച്ച് 23-നാണ് ​ഗാതാ​ഗത്തിന് തുറന്നുകൊടുത്തത്. പട്ടാപ്സ്കോ നദിയിൽനിന്ന് 185 അടി ഉയരത്തിലാണ് നാലുവരി പാലം സ്ഥിതിചെയ്യുന്നത്.

പ്രധാന വ്യവസായ ന​ഗരമായ ബാൾട്ടിമോറിലെ റോഡ് ​ഗതാ​ഗത ശൃംഖലയുടെ പ്രധാനഭാ​ഗമാണ് ഈ പാലം. യുഎസിന്റെ കിഴക്കൻ തീരത്തെ പ്രധാന പാതയായ വടക്ക്- തെക്ക് ഹൈവേയുടെ ഭാ​ഗവുമാണിത്. ഫ്ലോറിഡയിലെ മയാമി മുതൽ മെയ്ൻ വരെയാണ് ഈ പാത നീണ്ടുകിടക്കുന്നത്.

1972- ഓ​ഗസ്റ്റിലാണ് പാലത്തിന്റെ നിർമാണം ആരംഭിച്ചത്. 60.3 മില്യൺ ഡോളറാണ് നിർമാണ ചിലവ്. പൂർണമായും സ്റ്റീൽ ഉപയോ​ഗിച്ചാണ് നിർമാണം. 1.6 മൈല്‍ (2.5 കിലോമീറ്റര്‍) ആണ് നീളം. പ്രധാന സ്പാനിന്റെ നീളം 1200 അടി (366 മീറ്റർ) ആണ്. പ്രതിവർഷം 11.5 മില്യൺ വാഹനങ്ങൾ ഇതിലൂടെ കടന്നുപോകുന്നു എന്നാണ് കണക്ക്. മെരിലാൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയ്ക്കാണ് പാലത്തിന്റെ പരിപാലന ചുമതല.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.