സാമ്പത്തിക പ്രതിസന്ധി രൂക്ഷം: കൂപ്പണ്‍ അടിച്ച് പണ പിരിവ് നടത്താന്‍ കെപിസിസി തീരുമാനം

സാമ്പത്തിക പ്രതിസന്ധി രൂക്ഷം: കൂപ്പണ്‍ അടിച്ച് പണ പിരിവ് നടത്താന്‍ കെപിസിസി തീരുമാനം

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താന്‍ കൂപ്പണ്‍ പിരിവുമായി കെപിസിസി. പാര്‍ട്ടിയുടെയും പോഷക സംഘടനകളുടെയും അക്കൗണ്ടുകള്‍ ആദായ നികുതി വകുപ്പ് മരവിപ്പിച്ചതോടെ ഉടലെടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് കൂപ്പണ്‍ പിരിവ് നടത്തി തിരഞ്ഞെടുപ്പ് ഫണ്ട് കണ്ടെത്താന്‍ കോണ്‍ഗ്രസ് നിര്‍ബന്ധിതരായത്.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്നും പിസിസികളും സ്ഥാനാര്‍ഥികളും സ്വന്തം നിലയ്ക്ക് പണം കണ്ടെത്തണമെന്നും എഐസിസി നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കെപിസിസിയുടെ നീക്കം. ഇതിനായി കൂപ്പണ്‍ അടിച്ച് ഉടന്‍ തന്നെ വിതരണം ചെയ്യും.

സാധാരണഗതിയില്‍ മൂന്ന് ഘട്ടമായി സ്ഥാനാര്‍ഥികള്‍ക്ക് ഹൈക്കമാന്‍ഡ് സഹായം നല്‍കിയിരുന്നു. പ്രചരണ സാമഗ്രി തയ്യാറാക്കല്‍, സ്ഥാനാര്‍ത്ഥികളുടെ പര്യടനം, നേതാക്കളുടെ പര്യടനം എന്നിവയ്ക്ക് വേണ്ടിയായിരുന്നു പണം നല്‍കിയിരുന്നത്.

എന്നാല്‍ ഇത്തവണ ഇതുവരെയും ആദ്യഘട്ട പണം പോലും ലഭിച്ചിട്ടില്ല. ദേശീയ നേതൃത്വം സാമ്പത്തിക പ്രതിസന്ധി തുറന്നു സമ്മതിച്ചതോടെയാണ് കെപിസിസി സ്വന്തം വഴി തേടുന്നത്.

തിരഞ്ഞെടുപ്പ് കാലത്ത് പിരിവ് തിരിച്ചടിയാകുമെന്ന് ഒരു വിഭാഗം അഭിപ്രായപ്പെട്ടെങ്കിലും മറ്റു മാര്‍ഗങ്ങളില്ല എന്നാണ് നേതാക്കളുടെ നിലപാട്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വീടു കയറുന്നതിനൊപ്പം പണപ്പിരിവ് കൂടി നടത്താം എന്നതാണ് നിലവിലെ തീരുമാനം.

പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കെപിസിസി പ്രസിഡന്റ് കെ. സുധാകരനും നയിച്ച സമരാഗ്‌നി പര്യടനത്തിനായി ഓരോ മണ്ഡലം കമ്മിറ്റിയും ഓരോ ലക്ഷം രൂപ സമാഹരിക്കാന്‍ തീരുമാനിച്ചിരുന്നു. ഇത് കാര്യക്ഷമമായി നടക്കാത്ത പശ്ചാത്തലത്തിലാണ് കൂപ്പണ്‍ അടിച്ച് പിരിവ് നടത്താം എന്ന തീരുമാനത്തിലെത്തിയത്. അടുത്ത ദിവസങ്ങളില്‍ തന്നെ ഇതിനായുള്ള കൂപ്പണുകള്‍ ബൂത്ത് തലങ്ങളില്‍ എത്തും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.