പാര്‍ലമെന്റ് മാര്‍ച്ച് മാറ്റി, ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ ഉപവസിക്കും; ട്രാക്ടര്‍ റാലി സര്‍ക്കാര്‍ ഗൂഢാലോചനയ്ക്ക് ഇരയായെന്ന് കര്‍ഷക നേതാക്കള്‍

പാര്‍ലമെന്റ് മാര്‍ച്ച് മാറ്റി, ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ ഉപവസിക്കും; ട്രാക്ടര്‍ റാലി സര്‍ക്കാര്‍ ഗൂഢാലോചനയ്ക്ക് ഇരയായെന്ന് കര്‍ഷക നേതാക്കള്‍

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് മാസമായി ഡല്‍ഹിയില്‍ നടത്തുന്ന സമരത്തിന്റെ ഭാഗമായി ബജറ്റ് ദിനമായ ഫെബ്രുവരി ഒന്നിന് നടത്താനിരുന്ന പാര്‍ലമെന്റ് മാര്‍ച്ച് കര്‍ഷക സംഘടനകള്‍ മാറ്റിവച്ചു. പാര്‍ലമെന്റ് മാര്‍ച്ചിനു പകരം ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനമായ ജനുവരി 30-ന് ഉപവാസവും ജനസഭയും നടത്തും.

അക്രമവുമായി ബന്ധപ്പെട്ട് മേധാ പട്കര്‍, യോഗേന്ദ്ര സിങ് അടക്കം 37 നേതാക്കള്‍ക്കെതിലെ ഡല്‍പി പൊലിസ് കേസെടുത്തു. കര്‍ഷകര്‍ക്കെതിരേ 22 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ചെങ്കോട്ടയിലേതടക്കം പൊതു-സ്വകാര്യ സ്വത്തുക്കള്‍ നശിപ്പിച്ചതിനാണ് കേസുകളേറെയും. 200 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. അക്രമത്തില്‍ മുന്നൂറോളം പോലീസുകാര്‍ക്കാണ് പരിക്കേറ്റത്. അക്രമത്തിന് ആഹ്വാനം നല്‍കിയ അഞ്ഞൂറിലധികം അക്കൗണ്ടുകളുടെ പ്രവര്‍ത്തനം ട്വിറ്റര്‍ താത്കാലികമായി നിര്‍ത്തിവെച്ചു.

ട്രാക്ടര്‍ റാലി സര്‍ക്കാര്‍ ഗൂഢാലോചനയ്ക്ക് ഇരയായെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍(ആര്‍) നേതാവ് ബല്‍ബീര്‍ എസ് രാജേവാള്‍ മാധ്യമങ്ങളോട് പറഞ്ഞു. 99.9 ശതമാനം കര്‍ഷകരും സമാധാനപരമായാണ് പങ്കെടുത്തത്. എന്നാല്‍ ചില സംഭവങ്ങള്‍ നടന്നു. പഞ്ചാബ് കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റി അംഗങ്ങളെ സര്‍ക്കാര്‍ ഉപരോധത്തിന് മുന്നില്‍ നിര്‍ത്തി. അവരെ തടഞ്ഞില്ലെന്നും അദ്ദേഹം ആരോപിച്ചു.

നേരത്തേ റിപ്പബ്ലിക് ദിനത്തിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ഷക പ്രക്ഷോഭത്തില്‍ നിന്നു പിന്‍മാറുന്നതായി രണ്ടു സംഘടനകള്‍ അറിയിച്ചിരുന്നു. റിപ്പബ്ലിക് ദിനത്തില്‍ നടത്തിയ ട്രാക്ടര്‍ റാലിക്കിടെ ചെങ്കോട്ടയില്‍ അതിക്രമിച്ചു കയറി സിഖ് പതാക നാട്ടിയതിനെയും മറ്റും പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ എതിര്‍ത്തിരുന്നു. ഇതേച്ചൊല്ലി കര്‍ഷക സംഘടനകള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് കേന്ദ്ര സര്‍ക്കാരിന്റെ ബജറ്റ് ദിനത്തില്‍ പാര്‍ലമെന്റ് വളയുന്നതില്‍ നിന്ന് കര്‍ഷക സംഘടനകള്‍ പിന്‍മാറിയിട്ടുള്ളത്.

അതേസമയം ചെങ്കോട്ടയ്ക്കു മുന്നിലെ സംഘര്‍ഷാവസ്ഥയ്ക്കു പിന്നില്‍ കേന്ദ്ര സര്‍ക്കാരിന്റെയും ബിജെപിയുടെയും ഗൂഢാലോചനയാണെന്നും പതാക കെട്ടിയതിന് പിന്നില്‍ ബിജെപിയെ പിന്തുണയ്ക്കുന്ന പഞ്ചാബി സിനിമാ നടന്‍ ദീപ് സിദ്ദുവാണന്നുമാണ് കര്‍ഷകരുടെ ആരോപണം. സിദ്ദുവിനെ അറസ്റ്റു ചെയ്യാത്തതെന്തെന്നും നേതാക്കള്‍ ചോദിച്ചു.

രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പ് സര്‍ക്കാരിന് ലഭിച്ചിരുന്നോയെന്നും പോലീസുകാര്‍ മൂകസാക്ഷികളായത് എന്തുകൊണ്ടെന്നും ആഭ്യന്തര മന്ത്രി വിശദീകരിക്കണമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല ആവശ്യപ്പെട്ടു. സി.പി.എം. അടക്കമുള്ള പ്രതിപക്ഷകക്ഷികളും സര്‍ക്കാരിനെതിരെ രംഗത്തെത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.