ന്യൂഡല്‍ഹി: യുവാക്കള്‍ക്ക് തൊഴില്‍ എന്നത് രാഷ്ട്രീയ പാര്‍ട്ടികളുടെ മുഖ്യ തിരഞ്ഞെടുപ്പ് വാഗ്ദാനമായി തുടരുമ്പോഴും ഇന്ത്യയിലെ യുവാക്കളില്‍ തൊഴിലില്ലായ്മ വര്‍ധിക്കുന്നതായി ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ (ഐഎല്‍ഒ) റിപ്പോര്‍ട്ട്.
തൊഴില്‍ രഹിതരായ ഇന്ത്യക്കാരില്‍ 83 ശതമാനം പേരും ചെറുപ്പക്കാരാണെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യുമണ്‍ ഡെവലപ്‌മെന്റ് (ഐഎച്ച്ഡി)യുമായി ചേര്‍ന്ന് ഐഎല്‍ഒ നടത്തിയ പഠനത്തില്‍ പറയുന്നു.
സെക്കണ്ടറി വിദ്യാഭ്യാസമുള്ള തൊഴില്‍ രഹിതരായ യുവാക്കളുടെ അനുപാതം 2000 ലെ 35.2 ശതമാനത്തില്‍ നിന്ന് 2022 ല്‍ 65.7 ശതമാനമായി ഉയര്‍ന്നു. സെക്കണ്ടറി വിദ്യാഭ്യാസത്തിന് ശേഷമുള്ള കൊഴിഞ്ഞു പോക്ക് ഉയര്‍ന്ന നിരക്കിലാണ്.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങളിലും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളിലും ഉന്നത വിദ്യഭ്യാസത്തിന് ചേരുന്നവരുടെ എണ്ണം കൂടുന്നുണ്ടെങ്കിലും നിലവാരം സംബന്ധിച്ച ആശങ്ക നിലനില്‍ക്കുന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
2000 നും 2019 നും ഇടയില്‍ വിദ്യാ സമ്പന്നര്‍ക്ക് തൊഴിലവസരം കൂടിയെങ്കിലും തൊഴിലില്ലായ്മയും വര്‍ധിച്ചു. കോവിഡ് കാലയളവില്‍ തൊഴിലില്ലായ്മ നിരക്കില്‍ കുറവ് രേഖപ്പെടുത്തിയെങ്കിലും വിദ്യാ സമ്പന്നരായ യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മ കൂടിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്ഥിരം ജീവനക്കാര്‍ക്കും സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കുമുള്ള വേതനം 2019 ന് ശേഷം വര്‍ധിച്ചില്ല. അവിദഗ്ധ തൊഴിലാളികള്‍ക്കിടയില്‍ വലിയൊരു വിഭാഗത്തിന് 2022 ല്‍ മിനിമം വേതനം പോലും ലഭിച്ചില്ല.
ചില സംസ്ഥാനങ്ങളില്‍ വിവേചനം പ്രകടമാണ്. ബിഹാര്‍, ഉത്തര്‍പ്രദേശ്, ഒഡീഷ, മധ്യപ്രദേശ്, ജാര്‍ഖണ്ഡ്, ചത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ മോശം തൊഴില്‍ സാഹചര്യങ്ങളാണുള്ളതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.