'എഴുന്നേറ്റിരിക്കാന്‍ പോലും ആവുന്നില്ല': 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതാവ് മേഘ ഹൈക്കോടതിയില്‍

'എഴുന്നേറ്റിരിക്കാന്‍ പോലും ആവുന്നില്ല': 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതാവ് മേഘ ഹൈക്കോടതിയില്‍

കൊച്ചി: യൂത്ത് കോണ്‍ഗ്രസ് ആലപ്പുഴ കളക്ടറേറ്റ് മാര്‍ച്ചിന് നേരെ ഉണ്ടായ പൊലീസ് ലാത്തിച്ചാര്‍ജില്‍ ഗുരുതര പരിക്കേറ്റ പാര്‍ട്ടി നേതാവ് മേഘ രഞ്ജിത് നഷ്ടപരിഹാരമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസ് ആലപ്പുഴ ജില്ലാ ജനറല്‍ സെക്രട്ടറി മേഘ രഞ്ജിത്ത് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

ആലപ്പുഴ ഡിവൈഎസ്പിക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഹര്‍ജിയില്‍ ഉള്ളത്. ഡിവൈഎസ്പി അമിത അധികാരം കാണിച്ചുകൊണ്ട് പ്രതിഷേധക്കാര്‍ക്കിടയില്‍ നിന്ന് മാറി നില്‍ക്കുമ്പോഴാണ് ക്രൂരമായി മര്‍ദിച്ചതെന്നാണ് ഹര്‍ജിയിലെ ആരോപണം. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായ ശേഷവും മര്‍ദനം തുടരുകയായിരുന്നു.

ഒരു തരത്തിലുള്ള പ്രകോപനവും മുന്നറിയിപ്പും നല്‍കാതെയായിരുന്നു ആക്രമണം. ആള്‍ക്കൂട്ടത്തില്‍ നിന്ന് മാറി നിന്നപ്പോള്‍ ആലപ്പുഴ ഡിവൈഎസ്പി കഴുത്തിന് ലാത്തി കൊണ്ടടിച്ചു. തല്ലരുതെന്ന് നിരവധി തവണ പറഞ്ഞിട്ടും കേള്‍ക്കാതെ ലാത്തികൊണ്ട് തലക്കടിച്ചുവെന്നും ഹര്‍ജിയില്‍ പറയുന്നു.

പൊലീസ് നടപടിയില്‍ മേഘയുടെ കഴുത്തിനും തലയ്ക്കും ഗുരുതരമായി പരുക്കേറ്റിരുന്നു. കഴുത്തില്‍ ഏറ്റ അടി തലച്ചോറിലേക്കുള്ള രക്തക്കുഴലുകളുടെ പ്രവര്‍ത്തനത്തെയും ബാധിച്ചു. ഇപ്പോഴും തനിയെ എഴുന്നേറ്റിരിക്കാന്‍ പോലും വയ്യാത്ത അവസ്ഥയിലാണെന്നും ഹര്‍ജിയില്‍ പറയുന്നു. ഈ അവസ്ഥ ഭേദമാവുക ചുരുക്കമാണെന്നും ഭേദമായാല്‍ തന്നെ ഏറെക്കാലം പിടിക്കുമെന്നും ഹര്‍ജിയില്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.