നികുതി പുനര്‍നിര്‍ണയം: ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി; കോണ്‍ഗ്രസിന്റെ അക്കൗണ്ടുകള്‍ ഉടനെങ്ങും പ്രവര്‍ത്തനക്ഷമമാകില്ല

നികുതി പുനര്‍നിര്‍ണയം: ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി; കോണ്‍ഗ്രസിന്റെ അക്കൗണ്ടുകള്‍ ഉടനെങ്ങും പ്രവര്‍ത്തനക്ഷമമാകില്ല

ന്യൂഡല്‍ഹി: പാര്‍ട്ടിയുടെ ബാങ്ക് അക്കൗണ്ടുകള്‍ ആദായ നികുതി വകുപ്പ് മരവിപ്പിച്ചതില്‍ കോണ്‍ഗ്രസിന് വീണ്ടും കോടതിയില്‍ നിന്ന് തിരിച്ചടി. നികുതി പുനര്‍നിര്‍ണയം നിര്‍ത്തി വയ്ക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് തള്ളി.

2014 മുതല്‍ 2017 വരെയുള്ള സാമ്പത്തിക വര്‍ഷത്തെ നികുതി പുനര്‍ നിര്‍ണയ നടപടിയെയാണ് കോണ്‍ഗ്രസ് ചോദ്യം ചെയ്തത്. എന്നാല്‍ ആദായ വകുപ്പിന്റെ നടപടി ശരി വച്ച കോടതി കോണ്‍ഗ്രസിന്റെ ഹര്‍ജി തള്ളുകയായിരുന്നു.

520 കോടിയിലധികം രൂപയുടെ നികുതി കോണ്‍ഗ്രസ് അടക്കാനുണ്ടെന്ന് ആദായ നികുതി വകുപ്പ് കോടതിയെ അറിയിച്ചിരുന്നു. ഹര്‍ജി തള്ളിയതോടെ കോണ്‍്ഗ്രസിന്റെ അക്കൗണ്ടുകള്‍ ഉടനെങ്ങും പ്രവര്‍ത്തനക്ഷമമാകാന്‍ സാധ്യതയില്ല.

അതേസമയം മുന്‍കാലങ്ങളിലുണ്ടാകാത്ത കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഇപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വത്തെ വലയ്ക്കുന്നത്. നാല് ബാങ്കുകളിലെ 11 അക്കൗണ്ടുകള്‍ മരവിപ്പിച്ചതോടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പണമില്ലാത്ത സ്ഥിതിയിലാണ് പാര്‍ട്ടി നേതൃത്വം.

ചെലവുകള്‍ക്കായി സംസ്ഥാന ഘടകങ്ങള്‍ക്ക് ഇതുവരെ എഐസിസി പണം നല്‍കിയിട്ടില്ല. ക്രൗഡ് ഫണ്ടിങിലൂടെയോ, സംഭാവനകള്‍ സ്വീകരിച്ചോ പണം കണ്ടെത്താനാണ് പിസിസികള്‍ക്ക് ഹൈക്കമാന്‍ഡ് നല്‍കിയിട്ടുള്ള നിര്‍ദേശം. സ്വന്തം നിലക്ക് സ്ഥാനാര്‍ത്ഥികളും പണം കണ്ടെത്താന്‍ ശ്രമം നടത്തണം.

ആദായ നികുതി വകുപ്പിന്റെ നടപടിക്കെതിരെ നേരത്തേ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോണ്‍ഗ്രസിന്റെ ഹര്‍ജി തള്ളിയിരുന്നു. അദായ നികുതി റിട്ടേണ്‍ നല്‍കുന്നതില്‍ വീഴ്ച വരുത്തി, അനുവദനീയമായതിലും കൂടുതല്‍ തുക സംഭാവനയായി കൈപ്പറ്റി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കോണ്‍ഗ്രസിന്റെ അക്കൗണ്ടുകള്‍ ആദായ നികുതി വകുപ്പ് മരവിപ്പിച്ചത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.