അരുണാചലില്‍ മുഖ്യമന്ത്രിയുടെ മണ്ഡലം ഉള്‍പ്പെടെ അഞ്ചിടത്ത് എതിര്‍ സ്ഥാനാര്‍ത്ഥികളില്ല; വിജയം ഉറപ്പിച്ച് ബിജെപി

അരുണാചലില്‍ മുഖ്യമന്ത്രിയുടെ മണ്ഡലം ഉള്‍പ്പെടെ അഞ്ചിടത്ത് എതിര്‍ സ്ഥാനാര്‍ത്ഥികളില്ല; വിജയം ഉറപ്പിച്ച് ബിജെപി

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നതിന് മുമ്പ് തന്നെ വിജയം ഉറപ്പിച്ച് മുഖ്യമന്ത്രി പേമ ഖണ്ഡു ഉള്‍പ്പെടെ ബിജെപിയുടെ അഞ്ച് സ്ഥാനാര്‍ത്ഥികള്‍.

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന്റെ അവസാന ദിവസമായ ബുധനാഴ്ച മറ്റൊരു സ്ഥാനാര്‍ത്ഥിയും ഈ അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ നിന്നും പത്രിക സമര്‍പ്പിക്കാത്തതിനാല്‍ പേമ ഖണ്ഡുവിനും മറ്റ് നാല് ബി ജെ പി സ്ഥാനാര്‍ത്ഥികള്‍ക്കും എതിരാളികളില്ലാതെയായി. ഇനി ഇവരുടെ വിജയം ഔദ്യോഗികമായി പ്രഖ്യാപിക്കുകയെന്ന നടപടിക്രമം മാത്രമാണുള്ളത്.

ഇത് നാലാം തവണയാണ് പേമ ഖണ്ഡു നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. മൂന്ന് തവണ എതിരില്ലാതെ തന്നെ വിജയിക്കുകയാിരുന്നു. തവാങ് ജില്ലയിലെ മുക്തോ മണ്ഡലത്തില്‍ നിന്നാണ് അദേഹം മത്സരിക്കുന്നത്.

ഒരു കാലത്ത് കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായിരുന്നു മുക്തോ. മുന്‍ കോണ്‍ഗ്രസ് നേതാവായ മുക്തോ കൈപ്പത്തി ചിഹ്നത്തില്‍ ഇവിടെ നിന്നും രണ്ട് തവണ വിജയിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കെതിരെ 2,619 വോട്ടിനായിരുന്നു മുഖ്യമന്ത്രിയുടെ വിജയം.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളും മറ്റ് സ്ഥാനാര്‍ത്ഥികളും ബുധനാഴ്ച സ്ഥാനാര്‍ത്ഥിത്വം പിന്‍വലിച്ചതിനാല്‍ താലിയില്‍ നിന്നുള്ള ജിക്കെ ടാക്കോ, താലിഹയില്‍ നിന്നുള്ള ന്യാറ്റോ ഡുകോം, സഗലിയില്‍ നിന്നുള്ള റാതു ടെച്ചി, റോയിങില്‍ നിന്നുള്ള മുച്ചു മിതി എന്നിവരും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടും.

അരുണാചല്‍ പ്രദേശിലെ 60 അസംബ്ലി സീറ്റുകളിലും ബിജെപി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്. പ്രതിപക്ഷമായ കോണ്‍ഗ്രസ് 34 സ്ഥാനാര്‍ത്ഥികളെയും നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി 29 സ്ഥാനാര്‍ത്ഥികളെയുമാണ് നിര്‍ത്തിയത്. എന്‍സിപിയും പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാച(പിപിഎ)ലും 17 പതിനേഴ് മണ്ഡലങ്ങളില്‍ വീതം മത്സരിക്കും.

ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പമാണ് അരുണാചല്‍ പ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പും നടക്കുന്നത്. 60 അംഗ നിയമസഭയിലേക്കും അരുണാചല്‍ വെസ്റ്റ്, അരുണാചല്‍ ഈസ്റ്റ് എന്നീ രണ്ട് ലോക്സഭാ മണ്ഡലങ്ങളിലേക്കും ഏപ്രില്‍ 19 ന് വോട്ടെടുപ്പ് നടക്കും.

സംസ്ഥാനത്തെ രണ്ട് ലോക്സഭാ സീറ്റുകളിലേക്ക് 15 സ്ഥാനാര്‍ത്ഥികള്‍ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുള്ള അവസാന തിയതി മാര്‍ച്ച് 30 ആണ്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ജൂണ്‍ രണ്ടിനും ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം ജൂണ്‍ നാലിനും പ്രഖ്യാപിക്കും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.