ഉവൈസിക്കെതിരെ സാനിയ മിര്‍സയെ കളത്തിലിറക്കും; ഹൈദരാബാദ് തിരിച്ചു പിടിക്കാന്‍ കോണ്‍ഗ്രസ് നീക്കം

ഉവൈസിക്കെതിരെ സാനിയ മിര്‍സയെ കളത്തിലിറക്കും; ഹൈദരാബാദ് തിരിച്ചു പിടിക്കാന്‍ കോണ്‍ഗ്രസ് നീക്കം

ഹൈദരാബാദ്: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഹൈദരാബാദില്‍ ടെന്നീസ് താരം സാനിയ മിര്‍സയെ കളത്തിലിറക്കാന്‍ കോണ്‍ഗ്രസ് നീക്കം. സാനിയയുടെ ജനപ്രീതിയും സെലിബ്രിറ്റി സ്റ്റാറ്റസും കണക്കിലെടുത്താണ് എഐഎംഐഎം നേതാവ് അസദുദീന്‍ ഉവൈസിക്കെതിരെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദീനാണ് സാനിയയുടെ പേര് നിര്‍ദേശിച്ചതെന്നാണ് സൂചന.

ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ കണക്കെടുത്താല്‍ 1980 ലാണ് ഹൈദരാബാദില്‍ ഏറ്റവും ഒടുവില്‍ കോണ്‍ഗ്രസ് വിജയിച്ചത്. അന്ന് കെ.എസ് നാരായണ്‍ ആയിരുന്നു കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചത്. 1984 ല്‍ സുല്‍ത്താന്‍ സലാഹുദീന്‍ ഉവൈസി ഹൈദരാബാദില്‍ നിന്ന് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു. 1989 മുതല്‍ 1999 വരെ അദേഹം എഐഎംഐഎമ്മിന്റെ സ്ഥാനാര്‍ഥിയായി മത്സരിച്ചു. സലാഹുദീന്‍ ഉവൈസിക്കു ശേഷം അദ്ദേഹത്തിന്റെ മൂത്ത മകന്‍ അസദുദീന്‍ ഉവൈസിയാണ് പാര്‍ട്ടിയുടെ മുഖം. 2004 മുതല്‍ അസദുദീന്‍ ഉവൈസിയാണ് ഹൈദരാബാദിനെ പ്രതിനിധീകരിക്കുന്നത്.

2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ അസദുദീന് 517,471 വോട്ടുകളാണ് ലഭിച്ചത്. ഗോവ, തെലങ്കാന, യു.പി, ഝാര്‍ഖണ്ഡ്, ദാമന്‍-ദിയു എന്നിവിടങ്ങളിലെ സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നതിന് കോണ്‍ഗ്രസിന്റെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ യോഗം ബുധനാഴ്ച നടന്നിരുന്നു. സാനിയയുടെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്തതായാണ് വിവരം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.