കൊച്ചി: സംസ്ഥാനത്ത് വന്യജീവി ആക്രമണത്തില്‍ രണ്ട് രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്. ഇടുക്കി സ്പ്രിങ് വാലിയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവിന് ഗുരുതര പരിക്കേറ്റു. കാട്ടുപോത്തിന്റെ ആക്രമണത്തില്‍ മുല്ലമല സ്വദേശി എം.ആര്‍ രാജീവിന് വയറിന് കുത്തേല്‍ക്കുകയായിരുന്നു.
ഇന്ന് ഉച്ചയ്ക്ക് ഒന്നിന് ശേഷമാണ് സംഭവം. കൂട്ടുകാര്‍ക്കൊപ്പം കുരിശുമല കയറി തിരികെ വരുമ്പോഴാണ് കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായത്. ഏലത്തോട്ടത്തില്‍ ഉണ്ടായിരുന്ന കാട്ടുപോത്ത് റോഡിലേക്ക് കയറി രാജീവിനെ ആക്രമിക്കുകയായിരുന്നു. കൂട്ടുകാര്‍ രാജീവിന്റെ രക്ഷയ്ക്ക് എത്തിയതോടെയാണ് കാട്ടുപോത്ത് പിന്മാറിയത്.
രാജീവിന്റെ വയറ്റിലാണ് കുത്തേറ്റത്. നാട്ടുകാരുടെ സഹായത്തോടെ രാജീവിനെ കുമളിയിലുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പരിക്ക് ഗുരുതരമായതിനാല്‍ ഉടന്‍ തന്നെ വിദഗ്ധ ചികിത്സയ്ക്കായി പാലയിലുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പെരിയാര്‍ കടുവ സങ്കേതത്തോട് ചേര്‍ന്നുള്ള പ്രദേശമാണിത്. പ്രദേശത്ത് കാട്ടുപോത്തിന്റെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു.
പാലക്കാടും സമാനമായ മറ്റൊരു ആക്രമണം ഉണ്ടായി. കാട്ടുപന്നി വയോധികയുടെ കാല്‍ കടിച്ചുമുറിച്ചു. വെള്ളപുളിക്കളത്തില്‍ കൃഷ്ണന്റെ ഭാര്യ തത്തയ്ക്കാണ് പന്നിയുടെ ആക്രണത്തില്‍ ഗുരുതമായി പരിക്കേറ്റത്. വിദഗ്ധ ചികിത്സയ്ക്കായി പാലക്കാട് ജില്ലാ ആശുപത്രിയില്‍ നിന്ന് തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരിക്കുകയാണ്.
പാലക്കാട് കുഴല്‍മന്ദത്ത് ഇന്ന് രാവിലെ 7.45 ഓടേയാണ് സംഭവം. തൊഴിലുറപ്പ് തൊഴിലാളിയായ തത്ത വീടിനോട് ചേര്‍ന്ന് വിറക് ശേഖരിക്കുന്നതിനിടെയാണ് കാട്ടുപന്നി ആക്രമിച്ചത്. പ്രദേശത്ത് കാട്ടുപന്നി ആക്രമണം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു.
കാട്ടുപന്നിയുടെ ആക്രമണത്തില്‍ നിന്ന് കുതറിമാറാന്‍ ശ്രമിക്കുന്നതിനിടെ വീണ തത്തയുടെ മുട്ടുകാലിനും പാദത്തിനും ഇടയിലാണ് കാട്ടുപന്നി കടിച്ചുമുറിച്ചത്. കരച്ചില്‍ കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയപ്പോള്‍ കാട്ടുപന്നി ഓടി മറയുകയായിരുന്നു. ഉടന്‍ തന്നെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായാണ് തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.