അറബിക്കടലില്‍ വീണ്ടും ഇന്ത്യന്‍ നേവിയുടെ രക്ഷാ ദൗത്യം; സൊമാലിയന്‍ കടല്‍ക്കൊള്ളക്കാരില്‍ നിന്നും 23 പാകിസ്ഥാനികളെ മോചിപ്പിച്ചു

 അറബിക്കടലില്‍ വീണ്ടും ഇന്ത്യന്‍ നേവിയുടെ രക്ഷാ ദൗത്യം; സൊമാലിയന്‍ കടല്‍ക്കൊള്ളക്കാരില്‍ നിന്നും 23 പാകിസ്ഥാനികളെ മോചിപ്പിച്ചു

ന്യൂഡല്‍ഹി: അറബിക്കടലില്‍ വീണ്ടും ഇന്ത്യന്‍ നാവിക സേനയുടെ രക്ഷാ പ്രവര്‍ത്തനം. 12 മണിക്കൂര്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ പിടിച്ചെടുത്ത മത്സ്യബന്ധന കപ്പല്‍ ഇന്ത്യന്‍ നാവിക സേന മോചിപ്പിച്ചു.

അറബിക്കടലില്‍ ഹൈജാക്ക് ചെയ്യപ്പെട്ട ഇറാനിയന്‍ മത്സ്യബന്ധന കപ്പലായ അല്‍ കമ്പാര്‍ 786 നെയും അതിലെ 23 പാകിസ്ഥാന്‍ പൗരന്മാരെയുമാണ് സങ്കീര്‍ണമായ ദൗത്യത്തിനൊടുവില്‍ ഇന്ത്യന്‍ നാവിക സേന മോചിപ്പിച്ചത്.

വ്യാഴാഴ്ച വൈകുന്നേരത്തോടെ മത്സ്യബന്ധന കപ്പലിന് നേരെ സൊമാലിയന്‍ കടല്‍ക്കൊള്ളക്കാരുടെ നീക്കം ഉണ്ടായേക്കാമെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നാവികസേന രക്ഷാ ദൗത്യം ആരംഭിച്ചത്. സമുദ്ര സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി അറബിക്കടലില്‍ വിന്യസിക്കപ്പെട്ട കപ്പലുകളായ ഐഎന്‍എസ് സുമേധ, ഐഎന്‍എസ് ത്രിശൂല്‍ എന്നിവയാണ് ദൗത്യം ഏറ്റെടുത്തത്.

ആ സമയത്ത്, മത്സ്യബന്ധന കപ്പല്‍ സൊകോട്രയില്‍ നിന്ന് 90 നോട്ടിക്കല്‍ മൈല്‍ തെക്ക് പടിഞ്ഞാറായിരുന്നു ഉണ്ടായിരുന്നത്. അതില്‍ ഒമ്പത് സായുധ കടല്‍ക്കൊള്ളക്കാര്‍ കയറിയതായാണ് നാവിക സേനയ്ക്ക് ലഭിച്ച വിവരം. വെള്ളിയാഴ്ച പുലര്‍ച്ചെ ഐഎന്‍എസ് സുമേധ അല്‍ കമ്പാറിനെ തടഞ്ഞു നിര്‍ത്തിയതായും പിന്നീട് ഗൈഡഡ് മിസൈല്‍ ഫ്രിഗേറ്റ് ഐഎന്‍എസ് ത്രിശൂല്‍ ദൗത്യത്തില്‍ ചേരുകയായിരുന്നുവെന്നും നാവികസേന അറിയിച്ചു.

12 മണിക്കൂറിലധികം നീണ്ട തന്ത്രപരമായ നടപടികള്‍ക്ക് ശേഷമാണ് ഹൈജാക്ക് ചെയ്ത എഫ്വിയിലെ കടല്‍ക്കൊള്ളക്കാര്‍ കീഴടങ്ങാന്‍ തയ്യാറായത്. 23 പാകിസ്ഥാന്‍ പൗരന്‍മാരടങ്ങുന്ന മത്സ്യതൊഴിലാളി സംഘത്തെ സുരക്ഷിതമായി രക്ഷപ്പെടുത്തി. ഇന്ത്യന്‍ നേവല്‍ സ്‌പെഷ്യലിസ്റ്റ് ടീമുകള്‍ നിലവില്‍ കപ്പലിന്റെ സാനിറ്റൈസേഷനും കടല്‍ ക്ഷമത പരിശോധനയും നടത്തി വരികയാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.