ഡി.കെ ശിവകുമാറിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്; മുന്‍പ് പരിഹരിച്ച വിഷയത്തിലാണ് വീണ്ടും നടപടിയെന്ന് ഡി.കെ

ഡി.കെ ശിവകുമാറിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്; മുന്‍പ് പരിഹരിച്ച വിഷയത്തിലാണ് വീണ്ടും നടപടിയെന്ന് ഡി.കെ

ബംഗളൂരു: കര്‍ണാടക പിസിസി പ്രസിഡന്റും ഉപ മുഖ്യമന്ത്രിയുമായ ഡി.കെ ശിവകുമാറിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. വെള്ളിയാഴ്ച രാത്രിയാണ് നോട്ടീസ് ലഭിച്ചത്.

മുന്‍പ് പരിഹരിച്ച വിഷയത്തിലാണ് ഇപ്പോഴുള്ള നടപടിയെന്ന് ഡി.കെ ശിവകുമാര്‍ പറഞ്ഞു. ഈ രാജ്യത്ത് ജനാധിപത്യമുണ്ട്, ഒരു നിയമമുണ്ട്. ബിജെപി സര്‍ക്കാര്‍ ഇത്തരം നടപടികളെടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുകയാണെന്ന് ശിവകുമാര്‍ വ്യക്തമാക്കി.

ഇന്ത്യ മുന്നണി എന്‍ഡിഎയെ തകര്‍ക്കുമെന്ന ഭയത്തെ തുടര്‍ന്നാണ് ബിജെപി ഇങ്ങനെയുള്ള നടപടികള്‍ സ്വീകരിക്കുന്നത്. അവര്‍ പ്രതിപക്ഷത്തെ ലക്ഷ്യം വയ്ക്കുകയാണ്. കോണ്‍ഗ്രസിനെയും ഇന്ത്യ മുന്നണിയെയും അവര്‍ പേടിക്കുന്നു. ഇന്ത്യ മുന്നണി എന്‍ഡിഎയെ പരാജയപ്പെടുത്തും.

ഈ ദൗര്‍ബല്യം ബിജെപി മനസിലാക്കിയിട്ടുണ്ട്. ഈ തിരഞ്ഞെടുപ്പില്‍ അവര്‍ പരാജയപ്പെടുമെന്ന് അറിയാം. ഭയം സൃഷ്ടിക്കുകയാണ് അവരെന്നും ഡി.കെ ശിവകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

നിര്‍ണായകമായ തിരഞ്ഞെടുപ്പിനിടയില്‍ ആദായ നികുതി വകുപ്പിനെ ഉപയോഗിച്ച് കോണ്‍ഗ്രസിനെ തറ പറ്റിക്കാമെന്ന ബിജെപി സര്‍ക്കാരിന്റെ വ്യാമോഹം നടക്കാന്‍ പോകുന്നില്ലെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ്് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞു.

കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും 1823 കോടി രൂപ ഉടന്‍ അടയ്ക്കണമെന്ന് ആദായ നികുതി വകുപ്പ് നോട്ടീസ് നല്‍കുകയും ചെയ്തതു വഴി കോണ്‍ഗ്രസിനെ ശ്വാസം മുട്ടിക്കാമെന്നാണ് ബിജെപി സര്‍ക്കാര്‍ കരുതുന്നത്.

പരാജയ ഭീതി കാരണമാണ് ബിജെപി ഇതൊക്കെ ചെയ്യുന്നത്. എന്നാല്‍ ഇന്ത്യന്‍ ജനത ഇതൊന്നും അംഗീകരിക്കില്ല. ഇതിലും വലിയ പ്രതിസന്ധി തരണം ചെയ്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്ന് നരേന്ദ്ര മോഡി ഓര്‍ക്കുന്നത് നന്നായിരിക്കും.

ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചാല്‍ ജനങ്ങള്‍ കോണ്‍ഗ്രസിനെ സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്യും. അധികാരം നിലനിര്‍ത്താന്‍ എന്തൊക്കെ കുറുക്കു വഴികള്‍ നോക്കിയാലും ഇന്ത്യയിലെ ജനങ്ങള്‍ ബിജെപി സര്‍ക്കാരിനെ തൂത്തെറിയുക തന്നെ ചെയ്യുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.