കര്‍ഷക നേതാക്കള്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി സമരം ഒതുക്കാന്‍ നീക്കം; ഗാസിപ്പൂരിലെ സമര കേന്ദ്രത്തിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ചു

കര്‍ഷക നേതാക്കള്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി സമരം ഒതുക്കാന്‍ നീക്കം;  ഗാസിപ്പൂരിലെ സമര കേന്ദ്രത്തിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ചു

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം തുടരുന്ന കര്‍ഷകര്‍ക്ക് എതിരെ നിലപാട് കടുപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. കേസെടുത്തിട്ടുള്ള കര്‍ഷക നേതാക്കള്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി സമരക്കാരെ ഒതുക്കാനുള്ള നീക്കവും നടക്കുന്നുണ്ട്.

ട്രാക്ടര്‍ റാലിക്ക് മുന്നോടിയായി കര്‍ഷക നേതാക്കള്‍ നടത്തിയ പ്രകോപനപരമായ പ്രംസംഗമാണ് അക്രമണത്തിന് കാരണമെന്നാണ് പൊലീസ് നിലപാട്. മേധാ പട്കര്‍ ഉള്‍പ്പെടെ 37 കര്‍ഷക നേതാക്കള്‍ക്ക് എതിരെയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംയുക്ത കിസാന്‍ മോര്‍ച്ച നേതാവ് ദര്‍ശന്‍ പാല്‍ സിങിന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഡല്‍ഹി പൊലീസ് നോട്ടീസ് നല്‍കി.

ഇതിനിടെ ഗാസിപ്പൂരിലെ സമര കേന്ദ്രത്തില്‍ നിന്ന് ഒഴിഞ്ഞുപോണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി. ഇതിന് പിന്നാലെ ഡല്‍ഹി-ഉത്തര്‍പ്രദേശ് അതിര്‍ത്തിയായ ഗാസിപ്പൂരിലെ സമര കേന്ദ്രത്തിലേക്കുള്ള വൈദ്യുതി അധികൃതര്‍ വിച്ഛേദിച്ചു. റിപ്പബ്ലിക് ദിനത്തില്‍ നടത്തിയ ട്രാക്ടര്‍ പരേഡില്‍ ഒരുവിഭാഗം സംഘര്‍ഷമുണ്ടാക്കിയ പശ്ചാത്തലത്തിലാണ് കടുത്ത നടപടി.

കര്‍ഷകരുടെ പ്രതിഷേധം അക്രമാസക്തമായതിന്റെ പശ്ചാത്തലത്തില്‍ രാജ്യ തലസ്ഥാനത്ത് സുരക്ഷ കര്‍ശനമാക്കി. ഡല്‍ഹി അതിര്‍ത്തികളില്‍ കൂടുതല്‍ പൊലീസുകാരെ വിന്യസിച്ചു. ലാല്‍ ക്വില മെട്രോ സ്റ്റേഷന്റെ പ്രവേശന, എക്സിറ്റ് ഗേറ്റുകള്‍ അടച്ചിരിക്കുകയാണ്. മറ്റെല്ലാ സ്റ്റേഷനുകളും സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിയതുമായി ബന്ധപ്പെട്ട് നടനും ഗായകനുമായ ദീപ് സിദ്ദുവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ചെങ്കോട്ടയില്‍ നടന്ന അതിക്രമങ്ങള്‍ക്ക് പിന്നില്‍ ദീപ് സിദ്ദുവാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷണം വിപുലീകരിക്കാനാണ് അധികൃതരുടെ തീരുമാനം. ഇന്ന് കൂടുതല്‍ പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.