കോണ്‍ഗ്രസിന് പിന്നെയും നോട്ടീസ് നല്‍കി ആദായ നികുതി വകുപ്പ്; ആകെ തുക 3,567 കോടി രൂപയായി

കോണ്‍ഗ്രസിന് പിന്നെയും നോട്ടീസ് നല്‍കി ആദായ നികുതി വകുപ്പ്; ആകെ തുക 3,567 കോടി രൂപയായി

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന് വീണ്ടും നോട്ടീസയച്ച് ആദായ നികുതി വകുപ്പ്. പുതിയ നോട്ടീസ് പ്രകാരം കോണ്‍ഗ്രസ് അടയ്‌ക്കേണ്ട ആകെ തുക 3,567 കോടി രൂപയോളം വരും. 1744 കോടിയുടെ നോട്ടീസ് കഴിഞ്ഞ ദിവസം കിട്ടിയിരുന്നു.

2014-15 (663 കോടി), 2015-16 (ഏകദേശം 664 കോടി), 2016-17 (ഏകദേശം 417 കോടി) എന്നിവയുമായി ബന്ധപ്പെട്ടതാണ് പുതിയ നോട്ടീസെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭ്യമായ നികുതി ഇളവ് അവസാനിപ്പിക്കുകയും മുഴുവന്‍ പിരിവിനും പാര്‍ട്ടിക്ക് നികുതി ചുമത്തുകയും ചെയ്തു എന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കുന്നത്.

2017-18, 2020-21 വര്‍ഷങ്ങളില്‍ 1,823 കോടി രൂപയുടെ നികുതി നോട്ടീസ് ലഭിച്ചതായി കോണ്‍ഗ്രസ് വെള്ളിയാഴ്ച പറഞ്ഞു. ആദായ നികുതി പുനര്‍നിര്‍ണയ നടപടികളെ ചോദ്യം ചെയ്ത് പാര്‍ട്ടി സമര്‍പ്പിച്ച നാല് പുതിയ ഹര്‍ജികള്‍ ഡല്‍ഹി ഹൈക്കോടതി തള്ളിയതിന് തൊട്ടു പിന്നാലെയാണ് ഈ നോട്ടീസുകള്‍ നല്‍കിയത്.

പിഴയും പലിശയും അടക്കമാണ് നോട്ടീസ്. 2017-18, 2018-19, 2019-20, 2020-21 മൂല്യനിര്‍ണയ വര്‍ഷങ്ങളുമായി ബന്ധപ്പെട്ട നാല് ഹര്‍ജികളും കോടതി തള്ളിയിരുന്നു.

വിഷയത്തില്‍ ഉടന്‍ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. തിരഞ്ഞെടുപ്പ് കാലത്ത് പാര്‍ട്ടിയെ നിശ്ചലമാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സിയുടെ നീക്കമെന്ന് കോണ്‍ഗ്രസ് സുപ്രീം കോടതിയെ അറിയിക്കും.

സര്‍ക്കാര്‍ മാറുമ്പോള്‍ ജനാധിപത്യത്തെ അനാദരിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് കാവി പാര്‍ട്ടി ഓര്‍ക്കണമെന്ന് ഇതേപ്പറ്റി പ്രതികരിച്ച രാഹുല്‍ ഗാന്ധി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.