യുദ്ധത്തിന്റെയും മനുഷ്യാവകാശ ധ്വംസനങ്ങളുടെയും മനുഷ്യക്കടത്തിന്റെയും ഭാരമേറിയ കല്ലുകൾ മനുഷ്യരാശിയുടെ പ്രത്യാശയെ മൂടുന്നു; മാർപാപ്പയുടെ ശക്തമായ ഇസ്റ്റർ സന്ദേശം

യുദ്ധത്തിന്റെയും മനുഷ്യാവകാശ ധ്വംസനങ്ങളുടെയും മനുഷ്യക്കടത്തിന്റെയും ഭാരമേറിയ കല്ലുകൾ  മനുഷ്യരാശിയുടെ പ്രത്യാശയെ മൂടുന്നു; മാർപാപ്പയുടെ ശക്തമായ ഇസ്റ്റർ സന്ദേശം

വത്തിക്കാൻ സിറ്റി: ഈസ്റ്റർദിന സന്ദേശവും 'ഊർബി എത് ഓർബി' (നഗരത്തിനും ലോകത്തിനും) ആശിർവാദവും നൽകി ഫ്രാൻസിസ് പാപ്പാ. ഞായറാഴ്ച പ്രഭാതത്തിൽ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ വിശുദ്ധ കുർബാനയർപ്പിച്ചശേഷമാണ് പരമ്പരാഗതമായി നൽകാറുള്ള ഉയിർപ്പുതിരുനാളിൻ്റെ സന്ദേശവും ആശിർവാദവും മാർപാപ്പ നൽകിയത്.

സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ സന്നിഹിതരായിരുന്ന ഏകദേശം 60,000-ത്തിലധികം തീർത്ഥാടകർക്കും ലോകമെമ്പാടും ടെലിവിഷനിലൂടെ പരിപാടികളിൽ പങ്കെടുത്ത അനേകായിരങ്ങൾക്കും ഉയിർപ്പുതിരുന്നാളിന്റെ മംഗളങ്ങൾ സന്തോഷപൂർവ്വം ആശംസിച്ചുകൊണ്ടാണ് പരിശുദ്ധ പിതാവ് തൻ്റെ സന്ദേശം ആരംഭിച്ചത്.

രണ്ടായിരം വർഷങ്ങൾക്കു മുമ്പ് ജെറുസലേമിൽ പ്രഘോഷിക്കപ്പെട്ട 'കുരിശിൽ തറയ്ക്കപ്പെട്ട നസറായനായ യേശു ഉയിർപ്പിക്കപ്പെട്ടിരിക്കുന്നു'(മർക്കോസ്‌ 16 : 6) എന്ന സന്ദേശം ഇന്ന് ലോകം മുഴുവൻ മാറ്റൊലി കൊള്ളുന്നു. ആഴ്ചയുടെ ആദ്യദിവസം അതിരാവിലെതന്നെ ശവകുടീരത്തിങ്കലേയ്ക്കു പോയ സ്ത്രീകൾക്കുണ്ടായ ആശ്ചര്യം സഭയിൽ ഇന്ന് പുനരുജ്ജീവിക്കുന്നു - പാപ്പാ ആമുഖമായി പറഞ്ഞു.

യേശുവിന്റെ കല്ലറ മൂടിയിരുന്ന വലിയ കല്ലിനെ അനുസ്മരിച്ച പാപ്പ, അതിനു സമാനമായി യുദ്ധത്തിന്റെയും മനുഷ്യാവകാശ ധ്വംസനങ്ങളുടെയും മനുഷ്യക്കടത്തിന്റെയും മറ്റു മാനുഷിക പ്രതിസന്ധികളുടേതുമായ ഭാരമേറിയ കല്ലുകൾ ഇന്നും മനുഷ്യരാശിയുടെ പ്രതീക്ഷകളെ മൂടിക്കളയുന്നതായി ചൂണ്ടിക്കാട്ടി.

യേശുവിന്റെ ശൂന്യമായ കല്ലറയിൽ നിന്ന് എല്ലാം പുതുതായി ആരംഭിക്കുന്നു

യേശുവിന്റെ ശിഷ്യരായ ആ സ്ത്രീകൾ അന്നു ചോദിച്ചതുപോലെ ഇന്നു നാമും പരസ്പരം ചോദിക്കുന്നു: 'ആരാണ് നമുക്കുവേണ്ടി ശവകുടീരത്തിൻറെ വാതിൽക്കൽനിന്ന് കല്ല് ഉരുട്ടിമാറ്റുക?' എന്നാൽ, കല്ല് ഉരുട്ടിമാറ്റിയിരിക്കുന്നതു കണ്ട് അവർക്ക് അന്നുണ്ടായ ആശ്ചര്യം ഇന്ന് നമ്മുടേതും കൂടിയാണ്.

യേശുവിന്റെ കല്ലറ തുറന്നതും ശൂന്യവുമാണ്! അതിൽനിന്ന് എല്ലാം പുതുതായി ആരംഭിക്കുന്നു! മാത്രമല്ല, ദൈവം അതിലൂടെ ഒരു പുതിയ പാതയും നമുക്കായി വെട്ടിത്തുറന്നിരിക്കുന്നു. മരണത്തിൽനിന്ന് ജീവനിലേക്കും യുദ്ധത്തിൽനിന്ന് സമാധാനത്തിലേക്കും വിദ്വേഷത്തിൽനിന്ന് അനുരഞ്ജനത്തിലേക്കും ശത്രുതയിൽനിന്ന് സാഹോദര്യത്തിലേക്കുമുള്ള പാതയാണ് അത്.

യേശു, അനുരഞ്ജനത്തിലേക്കും സമാധാനത്തിലേക്കുമുള്ള മാർഗം

ജീവനിലേക്കു നയിക്കുന്ന പാതയിൽ തടസ്സങ്ങളായി നിൽക്കുന്ന കല്ലുകൾ ഉരുട്ടിമാറ്റാൻ ഉയിർത്തെഴുന്നേറ്റ യേശുവിനു മാത്രമേ സാധിക്കൂ - മാർപാപ്പ പറഞ്ഞു. നമ്മുടെ പാപങ്ങൾക്ക് മോചനം നൽകി, നവീകരിക്കപ്പെട്ട ഒരു ലോകത്തിലേക്കുള്ള പാത അവൻ നമുക്ക് തുറന്നുതരുന്നു. ലോകമെമ്പാടും പൊട്ടിപ്പുറപ്പെടുന്ന യുദ്ധങ്ങളിലൂടെ നാം അടച്ചിടുന്ന വാതിലുകൾ തുറക്കാൻ യേശുവിനു മാത്രമേ സാധിക്കൂവെന്ന് പരിശുദ്ധ പിതാവ് അടിവരയിട്ടു പറഞ്ഞു.

വിശുദ്ധനാടും യുക്രെയ്നും

ലോകമെങ്ങും നടന്നുകൊണ്ടിരിക്കുന്ന സംഘട്ടനങ്ങളുടെ ഇരകളെക്കുറിച്ച് പ്രത്യേകിച്ച്, പാലസ്തീനിലും യുക്രെയ്നിലുമുള്ളവരെ കുറിച്ചുള്ള തൻ്റെ ആകുലത പാപ്പാ പ്രകടിപ്പിച്ചു. അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി തടവുകാരെ പരസ്പരം കൈമാറ്റം ചെയ്യണമെന്ന് പാപ്പാ റഷ്യയോടും യുക്രെയ്നോടും അഭ്യർത്ഥിച്ചു. ഗാസയിൽ ഉടൻ വെടിനിർത്തൽ നടത്തണമെന്നും പാലസ്തീനിലേക്ക് മനുഷ്യത്വപരമായ സഹായങ്ങൾക്ക് പ്രവേശനം അനുവദിക്കണമെന്നും മാർപാപ്പ ആവശ്യപ്പെട്ടു.

യുദ്ധം എപ്പോഴും പരാജയവും അസംബന്ധവുമാണ് എന്ന തൻ്റെ മുൻപ്രസ്താവന പരിശുദ്ധ പിതാവ് ആവർത്തിച്ചു. നീട്ടിയ കരങ്ങളിലൂടെയും തുറന്ന ഹൃദയങ്ങളിലൂടെയുമാണ് സമാധാനം സൃഷ്ടിക്കപ്പെടുന്നത്, ആയുധങ്ങളിലൂടെയല്ല - മാർപാപ്പ ഊന്നിപ്പറഞ്ഞു.

സിറിയ, ലബനൻ

നീണ്ട പതിമൂന്ന് വർഷങ്ങളായി സിറിയയിൽ നാശം വിതച്ചു കൊണ്ടിരിക്കുന്ന യുദ്ധത്തെ പാപ്പാ വേദനയോടെ അനുസ്മരിച്ചു. ലബനനിൽ കുറച്ചുകാലമായുള്ള ഭരണപരമായ സ്തംഭനാവസ്ഥയും സാമൂഹിക സാമ്പത്തിക പ്രതിസന്ധികളും, ഇസ്രായേലുമായുള്ള ശത്രുത കാരണം ഇപ്പോൾ കൂടുതൽ രൂക്ഷമായെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. ഉത്ഥിനായ കർത്താവ് ലബനനിലെ ജനതയെ ആശ്വസിപ്പിക്കുകയും സഹവർത്തിത്വത്തിന്റെയും ബഹുസ്വരതയുടെയും നാടായി അതിനെ സംരക്ഷിക്കുകയും ചെയ്യട്ടെയെന്നും പരിശുദ്ധ പിതാവ് പ്രാർത്ഥിച്ചു.

അർമേനിയയും അസർബൈജാനും തമ്മിൽ അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണയോടെ നടക്കുന്ന സമാധാന ചർച്ചകളെ മാർപാപ്പ പ്രോത്സാഹിപ്പിച്ചു. അക്രമം, സംഘർഷം, ഭക്ഷ്യ വിഭവങ്ങളുടെ ലഭ്യതക്കുറവ്, കാലാവസ്ഥാ വ്യതിയാനത്തിന്റെ തിക്തഫലങ്ങൾ എന്നിവയാൽ കഷ്ടത അനുഭവിക്കുന്ന എല്ലാവർക്കും ഉയിർത്തെഴുന്നേറ്റ ക്രിസ്തു പ്രത്യാശയുടെ പാത തുറന്നു നൽകട്ടെയെന്ന് പാപ്പ ആശംസിച്ചു. ഹെയ്തി, മ്യാൻമർ, ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ സുഡാൻ, കോംഗോ, മൊസാംബിക്ക് എന്നീ രാജ്യങ്ങളെയും പാപ്പ പ്രാർത്ഥനയിൽ അനുസ്മരിച്ചു.

ജീവനെന്ന വിലപ്പെട്ട ദാനം

കുടിയേറ്റക്കാരെയും ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന എല്ലാവരെയും മാർപാപ്പ അനുസ്മരിച്ചു. കർത്താവ് അവർക്ക് ആശ്വാസവും പ്രത്യാശയും നൽകട്ടെയെന്ന് പ്രാർത്ഥിച്ചു. ജനിക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെടുന്ന എത്രയോ കുട്ടികളാണുള്ളത്? എത്രപേർ വിശന്നു മരിക്കുന്നു? എത്രപേർക്ക് അവശ്യപരിചരണം പോലും ലഭിക്കാതെ പോകുന്നു? എത്രപേർ അക്രമത്തിനും ദുരുപയോഗത്തിനും ഇരകളാകുന്നു? എത്രപേർ വാണിജ്യാടിസ്ഥാനത്തിൽ മനുഷ്യക്കടത്തിന് വിധേയരാകുന്നു? ജീവനെന്ന അമൂല്യമായ സമ്മാനം ഇവരിലൂടെയെല്ലാം നിന്ദിക്കപ്പെടുന്നു എന്ന കാര്യം പരിശുദ്ധ പിതാവ് വ്യസനത്തോടെ ഓർത്തു.

ചൂഷണത്തിന്റെയും മനുഷ്യക്കടത്തിൻ്റെയും ചങ്ങലകളിൽനിന്ന് അവയ്ക്ക് ഇരകളാകുന്നവരെ സ്വതന്ത്രരാക്കാനുള്ള പരിശ്രമങ്ങൾ തുടരണമെന്ന്, ക്രിസ്തു നമ്മെ മരണത്തിൽ നിന്ന് വിമോചിപ്പിച്ച ഈ ദിവസത്തിൽ, ഉത്തരവാദിത്തബോധമുള്ള എല്ലാ രാഷ്ട്രീയ അധികാരികളോടും
താൻ അഭ്യർത്ഥിക്കുന്നതായി മാർപാപ്പ പറഞ്ഞു. അവരുടെ കുടുംബങ്ങളെ കർത്താവ് ആശ്വസിപ്പിക്കട്ടെയെന്നും ഉത്ഥാനത്തിന്റെ പ്രകാശത്താൽ ഓരോ മനുഷ്യജീവന്റെയും മൂല്യം മനസ്സിലാക്കാൻ എല്ലാവർക്കും സാധിക്കട്ടെയെന്നും പാപ്പാ പ്രാർത്ഥിച്ചു.

റോമിലും ലോകം മുഴുവനുമുള്ള എല്ലാ ജനങ്ങൾക്കും ഒരിക്കൽകൂടി ഈസ്റ്റർ ആശംസകൾ നേർന്നുകൊണ്ട് പാപ്പാ തന്റെ സന്ദേശം അവസാനിപ്പിച്ചു.

മാർപാപ്പയുടെ ഇതുവരെയുള്ള ഞായറാഴ്ച ദിന സന്ദേശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.