'ബിജെപിയില്‍ ചേരാന്‍ 25 കോടി വാഗ്ദാനം; അനുസരിച്ചില്ലെങ്കില്‍ ഒരു മാസത്തിനുള്ളില്‍ ഇ.ഡി അറസ്റ്റെന്ന് ഭീഷണി': വെളിപ്പെടുത്തലുമായി അതിഷി

 'ബിജെപിയില്‍ ചേരാന്‍ 25 കോടി വാഗ്ദാനം; അനുസരിച്ചില്ലെങ്കില്‍ ഒരു മാസത്തിനുള്ളില്‍ ഇ.ഡി അറസ്റ്റെന്ന് ഭീഷണി': വെളിപ്പെടുത്തലുമായി അതിഷി

പത്ത് എഎപി എംഎല്‍എമാരെ അടര്‍ത്തിയെടുത്ത് കൊണ്ടു വന്നാല്‍ ഓരോരുത്തര്‍ക്കും 25 കോടി രൂപ വീതം നല്‍കാമെന്ന് ബിജെപി വാഗ്ദാനം ചെയ്‌തെന്ന് എഎപി നേതാവ് ഋതുരാജ് ഝാ.

ന്യൂഡല്‍ഹി: ബിജെപിയില്‍ ചേര്‍ന്നില്ലെങ്കില്‍ ഒരു മാസത്തിനുള്ളില്‍ ഇ.ഡി അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായി എഎപി നേതാവും ഡല്‍ഹി മന്ത്രിയുമായ അതിഷി. ബിജെപിയില്‍ ചേരാന്‍ കടുത്ത സമ്മര്‍ദ്ദമുണ്ടെന്നും അടുത്ത സുഹൃത്തുവഴി ആവശ്യവുമായി ബിജെപി തന്നെ സമീപിച്ചെന്നും അവര്‍ ആരോപിച്ചു. ഡല്‍ഹിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് അതിഷിയുടെ വെളിപ്പെടുത്തല്‍.

ഡല്‍ഹി സര്‍ക്കാരിനെ വീഴ്ത്താന്‍ ബിജെപി അട്ടിമറി ശ്രമം നടത്തുകയാണ്. രാഷ്ട്രീയ ഭാവി സുരക്ഷിതമാക്കാം എന്നായിരുന്നു ലഭിച്ച ഓഫര്‍. എഎപി പിളരില്ലെന്നും ഭീഷണിപ്പെടുത്തിയാലും ബിജെപിയില്‍ ചേരില്ലെന്നും വ്യക്തമാക്കിയ അതിഷി, ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെയും സൗരവ് ഭരദ്വാജ്, രാഘവ് ചദ്ദ, ദുര്‍ഗേജ് പാഠക് എന്നിവരെയും അറസ്റ്റ് ചെയ്യാനുള്ള നീക്കം നടക്കുന്നതായും ആരോപിച്ചു.

ആം ആദ്മി എംഎല്‍എമാരെ വിലയ്‌ക്കെടുക്കാന്‍ ബിജെപി ശ്രമം ആരംഭിച്ചെന്ന് എഎപി നേതാവ് ഋതുരാജ് ഝായും നേരത്തെ വെളിപ്പെടുത്തിയിരുന്നു. 10 എഎപി എംഎല്‍എമാരെ അടര്‍ത്തിയെടുത്ത് കൊണ്ടു വന്നാല്‍ ഓരോരുത്തര്‍ക്കും 25 കോടി രൂപ വീതം നല്‍കാമെന്ന് ബിജെപി വാഗ്ദാനം ചെയ്‌തെന്നായിരുന്നു ഋതുരാജ് ഝായുടെ ആരോപണം. ആംആദ്മി സര്‍ക്കാരിനെ തകര്‍ത്ത് പുറത്തുവന്നാല്‍ ഡല്‍ഹിയിലെ ബിജെപി സര്‍ക്കാരില്‍ മന്ത്രിപദം നല്‍കാമെന്ന് ഉറപ്പു നല്‍കിയതായും അദേഹം പറഞ്ഞു.

ഡല്‍ഹി നിയമസഭയുടെ പ്രത്യേക സമ്മേളനത്തില്‍ സംസാരിക്കുമ്പോഴായിരുന്നു എഎപി എംഎല്‍എയായ ഝായുടെ ആരോപണം. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുമെന്ന അഭ്യൂഹം മാത്രമായിരുന്നു ഇത്രനാള്‍ ഉണ്ടായിരുന്നത്. എന്നാല്‍ ബിജെപി ഓപ്പറേഷന്‍ താമര ആരംഭിച്ചു കഴിഞ്ഞു.

പക്ഷെ, ഒരു എംഎല്‍എ പോലും എഎപി വിട്ടുപോകില്ലെന്ന് അദേഹം വ്യക്തമാക്കി. അതേസമയം, കെജരിവാളിന്റെ അറസ്റ്റില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് എഎപി ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് ഡല്‍ഹി എംഎല്‍എയും പാര്‍ട്ടി വക്താവുമായ അഭയ് വര്‍മ്മ പറഞ്ഞു.വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.