പതഞ്ജലിയുടെ വ്യാജ പരസ്യം: രാംദേവിനെയും കേന്ദ്ര സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി

പതഞ്ജലിയുടെ വ്യാജ പരസ്യം: രാംദേവിനെയും കേന്ദ്ര സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി: ജനങ്ങള്‍ക്ക് തെറ്റിദ്ധരണയുണ്ടാക്കുന്ന പരസ്യങ്ങളുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസില്‍ നേരിട്ട് ഹാജരായ പതഞ്ജലി ആയുര്‍വേദയുടെ ബാബ രാംദേവിനും ആചാര്യ ബാലകൃഷ്ണനും സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം.

മാപ്പ് അപേക്ഷിച്ച് ഇരുവരും ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ സുപ്രീം കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. നിരുപാധികം നേരിട്ട് മാപ്പുപറയാന്‍ ബാബ രാംദേവിനെ അനുവദിക്കണമെന്ന അഭിഭാഷകന്റെ ആവശ്യം സുപ്രീം കോടതി തള്ളി.

കോടതിയലക്ഷ്യ കേസില്‍ ബാബ രാംദേവും ആചാര്യ ബാലകൃഷ്ണനും ഇന്ന് നേരിട്ട് സുപ്രീം കോടതിയില്‍ ഹാജരായിരുന്നു. സുപ്രീം കോടതി നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് ഇരുവരും നേരിട്ടെത്തിയത്. എന്നാല്‍ കോടതിയില്‍ ഉണ്ടായിരുന്ന ഒരു മണിക്കൂറും ഇരുവര്‍ക്കും ഒന്നും പറയാന്‍ ബെഞ്ച് അനുമതി നല്‍കിയില്ല.

ഇരുവരും മാപ്പ് പറഞ്ഞുകൊണ്ടുള്ള സത്യവാങ്മൂലവും ഫയല്‍ ചെയ്തിരുന്നു. ആചാര്യ ബാലകൃഷ്ണന്റെ സത്യവാങ്മൂലം തങ്ങള്‍ക്ക് ലഭിച്ചുവെങ്കിലും താമസിച്ച് ഫയല്‍ ചെയ്തതിനാല്‍ ബാബ രാംദേവിന്റെ സത്യവാങ്മൂലം ലഭിച്ചില്ലെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.

ഇരുവരും സത്യവാങ്മൂലത്തിലൂടെ അറിയിച്ച ഖേദം ആത്മാര്‍ത്ഥമല്ലെന്ന് ജസ്റ്റിസുമാരായ ഹിമ കോലിയും എ. അമാനുള്ളയും അടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. ഒരിടത്ത് നിരുപാധികം മാപ്പെന്ന് പറയുമ്പോള്‍, മറ്റൊരിടത്ത് കോടതി ആവശ്യപ്പെടുന്ന മാപ്പ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഇതില്‍ നിന്നുതന്നെ എല്ലാം വ്യക്തമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. സത്യവാങ്മൂലത്തിലെ ചില രേഖകളുടെ വിശ്വാസ്യതയും കോടതി ചോദ്യം ചെയ്തു. വ്യാജമായ കാര്യങ്ങള്‍ സത്യവാങ്മൂലത്തില്‍ ഉണ്ടെങ്കില്‍ അതിന് കര്‍ശന നടപടി ഉണ്ടാകുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കി.

കോടതിയുടെ പരിഗണനയില്‍ കേസ് ഉണ്ടായിരുന്നപ്പോഴും കോടതിയലക്ഷ്യ നടപടികള്‍ നടന്നെന്ന് ബെഞ്ച് നിരീക്ഷിച്ചു. കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചതിന് തൊട്ടടുത്ത ദിവസം വാര്‍ത്താ സമ്മേളനം വിളിച്ചു ചേര്‍ത്ത് കോടതിയലക്ഷ്യ നടപടി തുടര്‍ന്നു.

ഇപ്പോള്‍ പറയുന്നത് പതഞ്ജലിയുടെ മാധ്യമ വിഭാഗമാണ് വാര്‍ത്താ സമ്മേളനത്തിന് ഉത്തരവാദികളെന്നാണ്. ഇത് അംഗീകരിക്കാനാകില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. കേസ് അടുത്ത തവണ പരിഗണിക്കുമ്പോഴും നേരിട്ട് ഹാജരാകാന്‍ ബാബ രാംദേവിനോടും ആചാര്യ ബാലകൃഷ്ണനോടും സുപ്രീം കോടതി കര്‍ശന നിര്‍ദേശം നല്‍കി.

പതഞ്ജലിയുടെ വ്യാജ പരസ്യങ്ങള്‍ തടയാന്‍ കേന്ദ്രസര്‍ക്കാര്‍ എന്തു  ചെയ്‌തെന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് കോടതി ആരാഞ്ഞു. പതഞ്ജലിയുമായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ കൈകോര്‍ത്ത് പ്രവര്‍ത്തിക്കുന്നെന്നും സുപ്രീം കോടതി കുറ്റപ്പെടുത്തി.

പതഞ്ജലി വ്യാജ അവകാശവാദങ്ങളുള്ള പരസ്യം നല്‍കുമ്പോള്‍ കേന്ദ്രം എന്ത് ചെയ്യുകയായിരുന്നെന്നും സുപ്രീം കോടതി ചോദിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.