കച്ചത്തീവ് 'കത്തിക്കരുത്': തിരിച്ചടിക്കുമെന്ന് വിദേശകാര്യ വിദഗ്ധര്‍

 കച്ചത്തീവ് 'കത്തിക്കരുത്': തിരിച്ചടിക്കുമെന്ന് വിദേശകാര്യ വിദഗ്ധര്‍

ന്യൂഡല്‍ഹി: രാഷ്ട്രീയ നേട്ടം ലക്ഷ്യം വച്ച് കച്ചത്തീവ് വിഷയം ചര്‍ച്ചയാക്കുന്നത് അന്താരാഷ്ട്ര തലത്തില്‍ രാജ്യത്തിന് ദോഷം ചെയ്യുമെന്ന മുന്നറിയിപ്പുമായി മുന്‍ വിദേശകാര്യ സെക്രട്ടറിമാര്‍.

വിവിധ രാജ്യങ്ങളില്‍ ഇന്ത്യയുടെ വിദേശ കാര്യ സെക്രട്ടറിമാരായി പ്രവര്‍ത്തിച്ചിട്ടുള്ള ശിവശങ്കര്‍ മേനോന്‍, നിരുപമ റാവു എന്നിവരും മുന്‍ ഹൈക്കമ്മീഷണര്‍ അശോക് കാന്തയുമാണ് വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയത്. കച്ചത്തീവ് വിഷയം രാഷ്ട്രീയ പ്രചാരണ വിഷയമാക്കിയാല്‍ സെല്‍ഫ് ഗോളായി മാറുമെന്ന് ശിവശങ്കര്‍ മേനോന്‍ ചൂണ്ടിക്കാട്ടുന്നു.

വിഷയം വിവാദമാക്കുന്നത് ശ്രീലങ്കയുമായുള്ള ബന്ധത്തെ ബാധിക്കുമെന്ന് നിരുപമ റാവുവും എക്സ് പോസ്റ്റില്‍ വ്യക്തമാക്കി. സര്‍ക്കാരുകള്‍ മാറുന്നതിന് അനുസരിച്ച് നയതന്ത്ര നിലപാടുകള്‍ മാറ്റുന്നത് രാജ്യത്തിന് നല്ലതല്ലെന്നാണ് അശോക് കാന്തയുടെ അഭിപ്രായം.

തമിഴ്നാട്ടില്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മുന്നേറ്റം ലക്ഷ്യമിട്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി കച്ചത്തീവ് ദ്വീപ് വിഷയം ഉയര്‍ത്തിക്കൊണ്ട് വന്നത്. കച്ചത്തീവ് വിഷയത്തില്‍ കോണ്‍ഗ്രസിനെയും ഡിഎംകെയെയും കടന്നാക്രമിച്ച് മോഡി തന്നെ നേരിട്ടാണ് ഇത്തരമൊരു പ്രചാരണം തുടങ്ങിയത്.

1974 ല്‍ കച്ചത്തീവ് ദ്വീപില്‍ ശ്രീലങ്കയുടെ അവകാശം അംഗീകരിക്കാന്‍ പോകുന്നതായി തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന എം.കരുണാനിധിയെ വിദേശകാര്യ സെക്രട്ടറി അറിയിച്ചെന്ന റിപ്പോര്‍ട്ടാണ് നരേന്ദ്ര മോഡിയും ബിജെപിയും ഇപ്പോള്‍ ഉയര്‍ത്തുന്ന വിഷയം. ഡിഎംകെയുടെ ഇരട്ടത്താപ്പ് പുറത്തുവന്നെന്നും മോഡി കുറ്റപ്പെടുത്തിയിരുന്നു.

കച്ചത്തീവ് ശ്രീലങ്കയ്ക്ക് കൈമാറിയതായി പറയാനാകില്ലെന്ന് 2015 ല്‍ വിദേശകാര്യ സെക്രട്ടറിയായിരിക്കെ എസ്. ജയശങ്കര്‍ നല്‍കിയ മറുപടിയാണ് കോണ്‍ഗ്രസ് മോഡിക്കെതിരെ ആയുധമാക്കുന്നത്.

കച്ചത്തീവും ഇപ്പോഴത്തെ വിവാദവും

പാക് കടലിടുക്കില്‍ രാമേശ്വരത്ത് നിന്ന് 14 നോട്ടിക്കല്‍ മൈല്‍ അകലെ 285 ഏക്കറിലുളള ആള്‍ താമസമില്ലാത്ത ചെറുദ്വീപാണ് കച്ചത്തീവ്. രാമനാഥപുരം രാജകുടുംബത്തിന്റെ നിയന്ത്രണത്തിലായിരുന്ന ദ്വീപില്‍, 1921 ല്‍ ഇന്ത്യയെ പോലെ ബ്രിട്ടീഷ് ഭരണത്തിന് കീഴിലായിരുന്ന സിലോണും അവകാശം ഉന്നയിച്ചു.

ഈ തര്‍ക്കം വര്‍ഷങ്ങള്‍ നീണ്ടു നിന്നു. 1974 ല്‍ ഇന്ദിര ഗാന്ധി പ്രധാനമന്ത്രി ആയിരിക്കെ ഇന്ത്യക്കും ശ്രീലങ്കയ്ക്കും ഇടയിലെ അതിര്‍ത്തി നിര്‍ണായിക്കുന്ന കരാര്‍ ഒപ്പിടുകയും കച്ചത്തീവ് ലങ്കന്‍ അതിര്‍ത്തി രേഖയുടെ ഭാഗത്താവുകയും ചെയ്തു.

തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ കെ. അണ്ണാമലൈക്ക് അടുത്തയിടെ ലഭിച്ച വിവരവകാശ രേഖ അടിസ്ഥാനമാക്കി ഡല്‍ഹിയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ഒരു ദിനപത്രം ഇത് ഒന്നാം പേജ് വാര്‍ത്തയാക്കി. 1961 ല്‍ അനൗദ്യോഗിക യോഗത്തില്‍ കച്ചത്തീവ് വിട്ടുകൊടുക്കുന്നതില്‍ പ്രശ്‌നം ഇല്ലെന്ന് അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു പറഞ്ഞതായുള്ള മിനുട്‌സ് കിട്ടിയെന്നാണ് അവകാശവാദം.


ഇത് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ എന്ന് വിശേഷിപ്പ് മോഡി വിഷയം ഏറ്റെടുക്കുകയും കോണ്‍ഗ്രസിനെ വിശ്വസിക്കാന്‍ കൊള്ളാത്തവര്‍ എന്ന് ആക്ഷേപിക്കുകയും ചെയ്തു. തമിഴ്‌നാട് വീണ്ടും ഡിഎംകെ സഖ്യം തൂത്തുവരുമെന്ന സര്‍വ്വേ ഫലങ്ങള്‍ കാരണമാണ് മോഡിയുടെ പ്രസ്താവന എന്ന് കോണ്‍ഗ്രസ് തിരിച്ചടിച്ചു.

തമിഴ്‌നാട്ടിലെ 13 ജില്ലകളിലായുള്ള 15 മണ്ഡലങ്ങളില്‍ മത്സ്യ തൊഴിലാളി വോട്ട് നിര്‍ണായകമാണ്. തമിഴ്‌നാട്ടില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളെ സമുദ്രാതിര്‍ത്തി ലംഘിച്ചു എന്ന കാരണം പറഞ്ഞ് ശ്രീലങ്കന്‍ നാവിക സേന അറസ്റ്റ് ചെയ്യുന്നത് പതിവായിട്ടും കേന്ദ്രം ഫലപ്രദമായി ഇടപെടുന്നില്ലെന്ന രോഷം ശക്തമാണ്.

അതില്‍ നിന്ന് തലയൂരാന്‍ കച്ചത്തീവ് കോണ്‍ഗ്രസ് വിട്ടുകൊടുത്തതാണ് പ്രശ്‌നത്തിനെല്ലാം കാരണം എന്ന് സ്ഥാപിക്കാനാണ് ബിജെപിയുടെ ഇപ്പോഴത്തെ ശ്രമം. കച്ചത്തീവ് ദ്വീപ് വീണ്ടെടുക്കണമെന്ന് ആവശ്യപ്പെടുന്ന എം.കെ സ്റ്റാലിനെയും ചൈനീസ് അധിനിവേശം തടയുന്നതില്‍ മോഡി പരാജയപ്പെട്ടെന്ന് നിരന്തരം വിമര്‍ശിക്കുന്ന രാഹുല്‍ ഗാന്ധിയെയും പ്രതിരോധിക്കുക എന്നതും കച്ചത്തീവ് പ്രശ്‌നം ഉയര്‍ത്തിക്കൊണ്ട് വരുന്നതിന് പിന്നിലെ ലക്ഷ്യമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.