കേരളത്തില്‍ സ്ഥിതി ആശങ്കാജനകം; 13 ദിവസം കൊണ്ട് രോഗികളുടെ എണ്ണം ഇരട്ടിയായി: നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു

 കേരളത്തില്‍ സ്ഥിതി ആശങ്കാജനകം;  13 ദിവസം കൊണ്ട് രോഗികളുടെ എണ്ണം ഇരട്ടിയായി:  നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു

തിരുവനന്തപുരം: രാജ്യത്ത് കോവിഡ് വ്യാപനം കുത്തനെ കുറയുമ്പോഴും കേരളത്തില്‍ സ്ഥിതി ആശങ്കാജനകമായി തുടരുകയാണ്. സംസ്ഥാനത്തെ ഒമ്പത് ജില്ലകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളിലാണ്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഏറ്റവും കൂടുതല്‍ പ്രതിദിന രോഗികളുള്ളത് എറണാകുളത്താണ്. കോവിഡ് രോഗികളുടെ എണ്ണം കൂടുന്നത് ആശങ്കപ്പെടുത്തുന്നതാണെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. 13 ദിവസം കൊണ്ട് രോഗികളുടെ എണ്ണം ഇരട്ടിയായി. നിലവിലെ കണക്ക് അനുസരിച്ച് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 7400 ന് മുകളിലെത്തിയേക്കാമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഈ പശ്ചാത്തലത്തില്‍ കേരളത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നാണ് വിദഗ്ധര്‍ ആവശ്യപ്പെടുന്നത്. നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചില്ലെങ്കില്‍ സ്ഥിതി ഗുരുതരമാകുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആര്‍ടിപിസിആര്‍ ടെസ്റ്റുകള്‍ ദിവസം ഒരു ലക്ഷമായി വര്‍ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. മാസ്‌ക്, സാമൂഹിക അകലം തുടങ്ങിയവ കര്‍ശനമായി പാലിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

അതിഥി തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പുകള്‍, കശുവണ്ടി ഫാക്ടറി പോലെ തൊഴിലാളികള്‍ ഒന്നിച്ചിരുന്ന് ജോലി ചെയ്യുന്ന കേന്ദ്രങ്ങള്‍, വയോജന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ എല്ലാവരേയും ടെസ്റ്റ് ചെയ്യും. പൊതുപരിപാടികളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്നതിന് പൊലീസിനെ നിയോഗിക്കും.

കണ്ടെയിന്റ്മെന്റ് സോണുകളില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കാനും തീരുമാനിച്ചിട്ടുണ്ട്. 56 ശതമാനം പേര്‍ക്ക് രോഗം ബാധിക്കുന്നത് വീടുകള്‍ക്ക് അകത്തുനിന്നു തന്നെയാണെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം നടത്തിയ പഠനം വ്യക്തമാക്കുന്നു.

രോഗവുമായി പുറത്തുനിന്നു വരുന്നവരാണ് വീട്ടില്‍ കഴിയുന്നവര്‍ക്ക് രോഗം നല്‍കുന്നത്. 20 ശതമാനം പേര്‍ക്ക് രോഗം പകരുന്നത് മാര്‍ക്കറ്റുകള്‍, ഷോപ്പിംഗ് മാളുകള്‍, റസ്റ്റോറണ്ടുകള്‍ എന്നിവിടങ്ങളില്‍ നിന്നും യോഗസ്ഥലങ്ങളില്‍ നിന്നുമാണ്. തൊഴിലിടങ്ങളില്‍ നിന്ന് രോഗം പടരുന്നത് 20 ശതമാനത്തോളം പേര്‍ക്കാണ്. 47 ശതമാനം കുട്ടികള്‍ക്കും രോഗം പകരുന്നത് വീടുകളില്‍ നിന്നു തന്നെയാണെന്നും പഠനം വ്യക്തമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.