ആലപ്പുഴ: മൂന്ന് പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിന് പരിസമാപ്തി. ആലപ്പുഴ ബൈപ്പാസ് തുറന്നു. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്നാണ് പാത നാടിനു സമര്‍പ്പിച്ചത്.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യാതിഥിയായിരുന്നു. കേന്ദ്ര സഹമന്ത്രിമാരായ വി.കെ.സിങ്, വി.മുരളീധരന്‍, മന്ത്രിമാരായ തോമസ് ഐസക്, ജി. സുധാകരന്‍, പി.തിലോത്തമന്‍, എ.എം.ആരിഫ് എംപി, നഗരസഭാധ്യക്ഷ സൗമ്യ രാജ് തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
ദേശീയപാത 66-ല്‍ കളര്‍കോടുമുതല്‍ കൊമ്മാടിവരെ 6.8 കിലോമീറ്ററിലാണ് ബൈപ്പാസ്. 6.8 കിലോമീറ്റര്‍ ബൈപ്പാസില്‍ അപ്രോച്ച് റോഡ് ഉള്‍പ്പെടെ 4.8 കിലോമീറ്റര്‍ ആകാശപാതയാണ്. 3.2 കിലോമീറ്ററിലാണ് മേല്‍പ്പാലം. കേന്ദ്രസര്‍ക്കാര്‍ 174 കോടിയും സംസ്ഥാന പൊതുമരാമത്ത് വകുപ്പ് 174 കോടിയുമാണ് പദ്ധതിക്കായി ചെലവാക്കിയത്. ലൈറ്റ് സ്ഥാപിക്കാനും റെയില്‍വേയ്ക്ക് നല്‍കിയതും കൂടി ചേര്‍ത്ത് 25 കോടി രൂപ കൂടി സംസ്ഥാനം അധികമായി ചെലവഴിച്ചു. കേന്ദ്രപദ്ധതിയില്‍ 92 വഴിവിളക്കുകള്‍മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ 412 വിളക്കുകളുണ്ട്.
കേരളത്തിലെ ഏറ്റവും വലുതും കടല്‍ത്തീരത്തിനു മുകളിലൂടെ പോകുന്നതുമായ ആദ്യ എലിവേറ്റഡ് ഹൈവേ ആണിത്. ദേശീയപാതയിലൂടെ തെക്കോട്ടും വടക്കോട്ടും പോകുന്ന വാഹനങ്ങള്‍ക്ക് ഇനി ആലപ്പുഴ നഗരത്തിലെത്താതെ എളുപ്പത്തില്‍ യാത്രചെയ്യാം. 1990 ലാണ് ബൈപ്പാസ് നിര്‍മാണം ആരംഭിച്ചത്. പല കാരണങ്ങളാല്‍ പണി നീളുകയായിരുന്നു.
കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍ എംപിയെ ഉദ്ഘാടന ചടങ്ങില്‍ ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ച് ആലപ്പുഴ ഡിസിസിയുടെ നേതൃത്വത്തില്‍ ബൈപ്പാസ് ഉദ്ഘാടന വേദിയിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. തന്നെ ഒഴിവാക്കിയ കാര്യം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.