ടിടിഇ വിനോദിന്റെ മരണം തലയ്ക്കേറ്റ ക്ഷതം മൂലം; മറ്റൊരു ട്രെയിന്‍ കയറി രണ്ട് കാലുകളും അറ്റു

ടിടിഇ വിനോദിന്റെ മരണം തലയ്ക്കേറ്റ ക്ഷതം മൂലം; മറ്റൊരു ട്രെയിന്‍ കയറി രണ്ട് കാലുകളും അറ്റു

തൃശൂര്‍: ട്രെയിനില്‍ നിന്ന് ടിടിഇയെ തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തില്‍ പോസ്റ്റ്മോര്‍ട്ടത്തിലെ പ്രാഥമിക വിവരങ്ങള്‍ ലഭ്യമായി. തലയ്ക്കേറ്റ ക്ഷതമാണ് ടിടിഇ വിനോദ് കണ്ണന്റെ (48) മരണ കാരണമായതെന്നാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്.

ദേഹത്ത് ആഴത്തിലുള്ള ഒന്‍പത് മുറിവുകളുണ്ടായിരുന്നതായും രണ്ട് കാലുകളും അറ്റു പോയിരുന്നതായും പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതി രജനികാന്ത ശക്തമായി തള്ളിയതിനെ തുടര്‍ന്ന് ട്രെയിനില്‍ നിന്ന് തൊട്ടടുത്ത ട്രാക്കിലേക്ക് വീണ വിനോദിന്റെ ദേഹത്തുകൂടെ ഇതേ ട്രാക്കില്‍ വന്ന മറ്റൊരു ട്രെയിന്‍ കയറിയിറങ്ങിയെന്നാണ് നിഗമനം.

ഇതാണ് കാലുകള്‍ അറ്റുപോകാനിടയായതെന്ന് കരുതുന്നു. മുറിവുകളില്‍ നിന്ന് രക്തം വാര്‍ന്നിരുന്നതായും പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി. ട്രെയിനില്‍ നിന്ന് തള്ളിയിട്ടപ്പോഴാകാം തലയ്ക്ക് ക്ഷതമേറ്റതെന്നാണ് പ്രാഥമിക നിഗമനം.

തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം വിനോദിന്റെ മൃതദേഹം കൊച്ചി മഞ്ഞുമ്മലിലെ വീട്ടിലേക്ക് കൊണ്ടുപോയി. നേരത്തെ എറണാകുളത്തെ റെയില്‍വേ സ്റ്റേഷനില്‍ പൊതുദര്‍ശനം നിശ്ചയിച്ചിരുന്നെങ്കിലും പോസ്റ്റ്മോര്‍ട്ടം നടപടികള്‍ വൈകിയതിനാല്‍ ഇതൊഴിവാക്കിയതായി സഹപ്രവര്‍ത്തകര്‍ അറിയിച്ചു.

തൃശൂര്‍ മുളങ്കുന്നത്തുകാവ് സ്റ്റേഷന് സമീപം വെളപ്പായയില്‍ വെച്ചാണ് ഇതര സംസ്ഥാന തൊഴിലാളിയായ രജനീകാന്ത ടിടിഇയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയത്. 22643 നമ്പര്‍ എറണാകുളം-പട്‌ന സൂപ്പര്‍ ഫാസ്റ്റില്‍ എസ്-11 കോച്ചില്‍ ചൊവ്വാഴ്ച രാത്രി ഏഴോടെയാണ് സംഭവം.

ടിക്കറ്റെടുക്കാത്തതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് പ്രതി ടിടിഇയെ പുറത്തേക്ക് തള്ളുകയായിരുന്നു. സംഭവം അറിയാതെ ട്രെയിന്‍ മുന്നോട്ടു പോയി. ഒപ്പമുണ്ടായിരുന്ന യാത്രക്കാര്‍ അറിയിച്ചതനുസരിച്ച് മറ്റ് ടിടിഇമാരെത്തി പ്രതിയെ തടഞ്ഞു വച്ചു. പിന്നീട് പാലക്കാട്ട് റെയില്‍വേ പോലീസ് ഇയാളെ പിടികൂടി. സംഭവ ശേഷം ഇയാള്‍ യാത്രക്കാരോടും തട്ടിക്കയറിയിരുന്നു. പ്രതി മദ്യ ലഹരിയിലായിരുന്നുവെന്ന് പറയുന്നു.

ഈ ട്രെയിനിലെ റിസര്‍വേഷന്‍ കോച്ചില്‍ ടിക്കറ്റില്ലാതെ ചില ഇതര സംസ്ഥാന തൊഴിലാളികള്‍ യാത്ര ചെയ്തിരുന്നു. പ്രതിക്ക് ജനറല്‍ ടിക്കറ്റാണുണ്ടായിരുന്നത്. ഇത് ചോദ്യം ചെയ്തതാണ് തര്‍ക്കത്തിന് കാരണം. തര്‍ക്കത്തിനു ശേഷം വാതിലിനടുത്തു നിന്ന് ഫോണ്‍ ചെയ്യുന്നതിനിടെ ഇയാള്‍ വിനോദിനെ പുറത്തേക്ക് തള്ളുകയായിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.