ഉത്സവത്തിനിടെ സംഘര്‍ഷം: ഇരിങ്ങാലക്കുടയില്‍ യുവാവ് കുത്തേറ്റ് മരിച്ചു; അഞ്ചുപേര്‍ക്ക് ഗുരുതര പരിക്ക്

ഉത്സവത്തിനിടെ സംഘര്‍ഷം: ഇരിങ്ങാലക്കുടയില്‍ യുവാവ് കുത്തേറ്റ് മരിച്ചു; അഞ്ചുപേര്‍ക്ക് ഗുരുതര പരിക്ക്

തൃശൂര്‍: കരുവന്നൂരില്‍ ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് കുത്തേറ്റ് മരിച്ചു. വെളത്തൂര്‍ മനക്കൊടി സ്വദേശി ചുള്ളിപറമ്പില്‍ വീട്ടില്‍ അക്ഷയ് ആണ് (25)മരിച്ചത്. മൂര്‍ക്കനാട് ശിവക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ചുള്ള വെടിക്കെട്ട് കഴിഞ്ഞതിന് തൊട്ടുപിന്നാലെയാണ് സംഭവം.

വൈകിട്ട് ഏഴുമണിയോടെ നടന്ന ആക്രമണത്തില്‍ ആറുപേര്‍ക്കാണ് കുത്തേറ്റത്. ഇതില്‍ നാലുപേരെ തൃശൂര്‍ എലൈറ്റ് ആശുപത്രിയിലും ഒരാളെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

മരിച്ച അക്ഷയ്ക്ക് നെഞ്ചിനോട് ചേര്‍ന്നാണ് കുത്തേറ്റത്. ആനന്ദപുരം സ്വദേശി കൊല്ലപറമ്പില്‍ സഹില്‍, മൂര്‍ക്കനാട് സ്വദേശി കരിക്കപറമ്പില്‍ പ്രജിത്ത്, കൊടകര സ്വദേശി മഞ്ചേരി വീട്ടില്‍ മനോജ്, ആനന്ദപുരം സ്വദേശി പൊന്നിയത്ത് വീട്ടില്‍ സന്തോഷ്, തൊട്ടിപ്പാള്‍ സ്വദേശി നെടുമ്പാള്‍ വീട്ടില്‍ നിഖില്‍ എന്നിവരാണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നത്.

ആക്രമിക്കാനെത്തിയ സംഘത്തിലെ അംഗങ്ങള്‍ മാരകായുധങ്ങള്‍ കൈയില്‍ കരുതിയിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. അക്ഷയ്യുടെ മൃതദേഹം മാപ്രാണം ലാല്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. ഇരിങ്ങാലക്കുട ഡിവൈഎസ്പി കുഞ്ഞിമൊയ്തീന്റെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.