സഞ്ജയ് സിങിന്റെ ജാമ്യം കേന്ദ്രത്തിനും ഇ.ഡിക്കും ഏറ്റ പ്രഹരം; സുപ്രീം കോടതി നല്‍കിയത് ശക്തമായ താക്കീത്

 സഞ്ജയ് സിങിന്റെ ജാമ്യം കേന്ദ്രത്തിനും ഇ.ഡിക്കും ഏറ്റ പ്രഹരം; സുപ്രീം കോടതി നല്‍കിയത് ശക്തമായ താക്കീത്

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിങിന് ജാമ്യം അനുവദിച്ചുകൊണ്ട് കേന്ദ്ര ഏജന്‍സിക്ക് സുപ്രീം കോടതി നല്‍കിയത് ശക്തമായ താക്കീത്. പ്രഥമദൃഷ്ട്യാ തെളിവില്ലെങ്കില്‍ പ്രതിക്ക് ജാമ്യം അനുവദിക്കാമെന്ന പിഎംഎല്‍എ നിയമത്തിലെ വകുപ്പ് ചൂണ്ടിക്കാട്ടി സുപ്രീം കോടതി നടത്തിയ നിരീക്ഷണം കേന്ദ്ര സര്‍ക്കാരിന് കൂടിയുള്ള മുന്നറിയിപ്പാണ്.

സഞ്ജയ് സിങ് ആറ് മാസത്തിന് ശേഷമാണ് ജയില്‍ മോചിതനായത്. ഇന്നലെ രാത്രി തിഹാര്‍ ജയിലില്‍ നിന്നും പുറത്തുവന്ന അദേഹത്തിന് എഎപി പ്രവര്‍ത്തകര്‍ വലിയ സ്വീകരണമാണ് ഒരുക്കിയത്. കഴിഞ്ഞ ഒക്ടോബര്‍ നാലിന് അറസ്റ്റിലായ സഞ്ജയ് സിങിനെ 13 നാണ് തിഹാറിലേക്ക് മാറ്റിയത്. സുപ്രീം കോടതി കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചിരുന്നുവെങ്കിലും നടപടികള്‍ പൂര്‍ത്തിയാക്കാന്‍ വൈകുകയായിരുന്നു.

ചൊവ്വാഴ്ച സഞ്ജയ് സിങിനെ വസന്ത് കുഞ്ചിലെ ഐഎല്‍ബിഎസ് ആശുപത്രിയില്‍ പതിവ് പരിശോധനകള്‍ക്കായി പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത ഘട്ടത്തിലാണ് സുപ്രീം കോടതി ജാമ്യം അനുവദിക്കുന്നത്. ഇന്നലെ ഡിസ്ചാര്‍ജ് ചെയ്ത് തിഹാര്‍ ജയിലില്‍ മടങ്ങിയെത്തിയ ശേഷമാണ് ജാമ്യ നടപടികള്‍ പൂര്‍ത്തിയാക്കിയത്.

എഎപിക്കെതിരെ മദ്യനയക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ ഇ.ഡി ജയിലിലാക്കിയതിന് തൊട്ടുപിന്നാലെ ഇതേ കേസില്‍ മറ്റൊരു നേതാവിന് ജാമ്യം അനുവദിച്ചത് ബിജെപി സര്‍ക്കാരിന് വന്‍ തിരിച്ചടിയായിരിക്കുകയാണ്. സഞ്ജയ് സിങിന്റെ ജാമ്യത്തെ ഇ.ഡി ചൊവ്വാഴ്ച എതിര്‍ത്തില്ലെന്നത് ശരിയാണെങ്കിലും ആ നിലപാടിലേക്ക് അവരെ നയിച്ചത് സുപ്രീം കോടതിയുടെ ശക്തമായ ചോദ്യങ്ങളും നിരീക്ഷണങ്ങളുമായിരുന്നു.

സഞ്ജയ് സിങിന്റെ ജാമ്യത്തെ നിങ്ങള്‍ എതിര്‍ക്കുകയാണെങ്കില്‍ തങ്ങള്‍ക്ക് ഈ കേസിന്റെ മെറിറ്റിലേയ്ക്ക് കടക്കേണ്ടി വരുമെന്ന് സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കിയതാണ് ഇ.ഡിയെ മാറ്റി ചിന്തിപ്പിച്ചത്. യോഗ്യതയിലേക്ക് കടന്നാല്‍ തങ്ങള്‍ നടത്തുന്ന നിരീക്ഷണങ്ങള്‍ കേസിന്റെ വിചാരണയെ ബാധിച്ചേക്കാം എന്നുവരെ സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കിയപ്പോള്‍ ഇ.ഡി പിന്‍വലിയുകയായിരുന്നു. തുടര്‍ന്ന് ഉച്ചഭക്ഷണത്തിന് പിരിഞ്ഞ ശേഷം വീണ്ടും കോടതി ചേര്‍ന്നപ്പോള്‍ ഇ.ഡി ജാമ്യത്തെ എതിര്‍ക്കുന്നില്ലെന്ന നിലപാടിലേക്ക് മാറുകയായിരുന്നു.

രാഷ്ട്രീയ എതിരാളികളെ വേട്ടയാടാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇ.ഡിയെ ആയുധമാക്കുകയാണെന്ന വ്യാപക ആരോപണമുയരുന്ന സാഹചര്യത്തില്‍ സുപ്രീം കോടതിയുടെ നിരീക്ഷണങ്ങള്‍ക്ക് വലിയ പ്രസക്തിയുണ്ട്. കൃത്യമായ തെളിവുകളില്ലാതെ ആരെയെങ്കിലും പിടിച്ച് അകത്തിട്ടാല്‍ ഇടപെടുമെന്ന സൂചനയാണ് കോടതി നല്‍കിയത്.

ഡല്‍ഹി മദ്യനയക്കേസിലെ കുറ്റപത്രത്തിലും അഞ്ച് അനുബന്ധ കുറ്റപത്രങ്ങളിലുമായി 36 പ്രതികളാണുള്ളത്. അതില്‍ 16 പേര്‍ അറസ്റ്റിലായതില്‍ അഞ്ച് പേര്‍ക്കാണ് ജാമ്യം ലഭിച്ചത്. മൂന്ന് പേര്‍ മാപ്പുസാക്ഷികളുമായി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.