'ന്യൂനപക്ഷങ്ങളുടെ മതവിശ്വാസം സംരക്ഷിക്കും, സ്ത്രീകളുടെ അക്കൗണ്ടില്‍ ഒരു ലക്ഷം രൂപ; സര്‍ക്കാര്‍ ജോലിയില്‍ 50 ശതമാനം സംവരണം': കോണ്‍ഗ്രസ് പ്രകടന പത്രിക

'ന്യൂനപക്ഷങ്ങളുടെ മതവിശ്വാസം സംരക്ഷിക്കും, സ്ത്രീകളുടെ അക്കൗണ്ടില്‍ ഒരു ലക്ഷം രൂപ; സര്‍ക്കാര്‍ ജോലിയില്‍ 50 ശതമാനം സംവരണം': കോണ്‍ഗ്രസ് പ്രകടന പത്രിക

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്തിറക്കി. തൊഴില്‍, ക്ഷേമം, സമ്പത്ത് എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് കോണ്‍ഗ്രസിന്റെ പ്രകടന പത്രിക. പത്ത് വര്‍ഷം രാജ്യത്തുണ്ടായ നഷ്ടങ്ങള്‍ തിരിച്ചു പിടിക്കുമെന്ന് പ്രകടന പത്രികയില്‍ കോണ്‍ഗ്രസ് പറയുന്നു.

യുവാക്കള്‍ക്കും സത്രീകള്‍ക്കും കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ ആനുപാതികമായി അവസരങ്ങള്‍ ഒരുക്കുമെന്നും പ്രകടന പത്രിക വ്യക്തമാക്കുന്നു. ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയാഗാന്ധി, രാഹുല്‍ ഗാന്ധി, പി. ചിദംബരം, കെ.സി വേണുഗോപാല്‍ എന്നിവരാണ് പ്രകടന പത്രിക പുറത്തിറക്കിയത്.

ന്യൂനപക്ഷങ്ങളുടെ മതവിശ്വാസം സംരക്ഷിക്കും, പാവപ്പെട്ട സ്ത്രീകളുടെ അക്കൗണ്ടില്‍ വര്‍ഷം ഒരുലക്ഷം രൂപ, സര്‍ക്കാര്‍-പൊതുമേഖല ജോലികളില്‍ കരാര്‍ നിയമനങ്ങള്‍ ഒഴിവാക്കും, കേന്ദ്ര സര്‍ക്കാര്‍ ജോലിയില്‍ അന്‍പത് ശതമാനം വനിതള്‍ക്കായി നീക്കി വയ്ക്കുമെന്നും പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നു.

രാജ്യത്ത് സംവരണ പരിധി ഉയര്‍ത്തും. ജാതി സെന്‍സസ് നടപ്പിലാക്കും, എസ്സി-എസ്ടി, ഒബിസി സംവരണം അന്‍പത് ശതമാനമെന്നത് മാറ്റുമെന്നും പ്രകടന പത്രികയില്‍ പറയുന്നു.

ഭരണഘടന സംരക്ഷിക്കാന്‍ പ്രത്യേക നിര്‍ദേശങ്ങളും പ്രകടന പത്രികയിലുണ്ട്. ഭയത്തില്‍ നിന്നുള്ള സ്വാതന്ത്ര്യം ഉറപ്പു വരുത്തും. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം നടത്താനുള്ള അവകാശം രാജ്യത്ത് സംരക്ഷിക്കും.ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു.

നീതിയാണ് പ്രകടന പത്രികയുടെ അടിസ്ഥാനമെന്ന് പി. ചിദംബരം പറഞ്ഞു. കോണ്‍ഗ്രസ് 2019 ല്‍ ഭയപ്പെട്ട കാര്യങ്ങളെല്ലാം രാജ്യത്ത് സംഭവിച്ചു. കഴിഞ്ഞ പത്ത് വര്‍ഷങ്ങളില്‍ പ്രത്യേകിച്ചും കഴിഞ്ഞ അഞ്ച് വര്‍ഷം രാജ്യത്തെ നശിപ്പിക്കുന്ന നിലപാടുകളാണ് ബിജെപി സര്‍ക്കാര്‍ സ്വീകിരിച്ചതെന്നും അദേഹം പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.