തിരക്കിട്ട് ബോംബുണ്ടാക്കിയത് എന്തിന്? നിര്‍മാണം ലൈഫ് മിഷന്‍ പദ്ധതിയില്‍ പണിയുന്ന വീടിന്റെ ടെറസില്‍; നിര്‍ണായക വിവരങ്ങള്‍ പുറത്ത്

 തിരക്കിട്ട് ബോംബുണ്ടാക്കിയത് എന്തിന്? നിര്‍മാണം ലൈഫ് മിഷന്‍ പദ്ധതിയില്‍ പണിയുന്ന വീടിന്റെ ടെറസില്‍; നിര്‍ണായക വിവരങ്ങള്‍ പുറത്ത്

കണ്ണൂര്‍: പാനൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെ സിപിഎം പ്രവര്‍ത്തകന്‍ മരിച്ച സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. പാനൂര്‍ കൈവേലിക്കല്‍ കാട്ടീന്റവിട ഷെറിന്‍ (31) ആണ് മരിച്ചത്. സിപിഎം പ്രവര്‍ത്തകരായ മുളിയാത്തോടില്‍ വി.പി വിനീഷ് (36), കുന്നോത്തുപറമ്പില്‍ ചിരക്കരണ്ടിമ്മല്‍ വിനോദന്‍ (38), പാറാട് പുത്തൂരില്‍ കല്ലായിന്റവിടെ അശ്വന്ത് (എല്‍ദോ 25) എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു.

വിനീഷിന്റെ അയല്‍ക്കാരനും ലോട്ടറി തൊഴിലാളിയുമായ മനോഹരന്റെ ലൈഫ് മിഷന്‍ പദ്ധതിയില്‍ പണിയുന്ന വീടിന്റെ ടെറസില്‍ വച്ചായിരുന്നു ബോംബ് നിര്‍മാണം. ഈ വീടിന്റെ സമീപത്തുനിന്ന് രണ്ട് ബോംബുകള്‍ കണ്ടെത്തിയിട്ടുണ്ട്. തങ്ങളുടെ വീട് ദുരുപയോഗം ചെയ്തെന്ന് കാണിച്ച് മനോഹരന്റെ ഭാര്യ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്തിന് വേണ്ടിയായിരുന്നു ബോംബ് ഉണ്ടാക്കിയതെന്ന് കണ്ടെത്താനായിട്ടില്ല.

പാനൂരിലെ പ്രാദേശിക സിപിഎം നേതാവിന്റെ മകനാണ് വിനീഷ്. സ്‌ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇയാള്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഷെറിന്റെ ഇരുകൈപ്പത്തികളും അറ്റുപോയിരുന്നു. 50 മീറ്റര്‍ ദൂരെ നിന്നാണ് കൈപ്പത്തി കണ്ടെത്തിയത്.

അഞ്ചംഗ സംഘമാണ് ബോംബ് നിര്‍മാണത്തില്‍ പങ്കാളികളായതെന്നാണ് പ്രാഥമിക വിവരം. നിസാര പരിക്കേറ്റ ബാക്കിയുള്ളവര്‍ ഒളിവില്‍ പോയെന്നാണ് കരുതുന്നത്. സ്ഥലത്ത് ഫോറന്‍സിക് വിഭാഗവും ബോംബ് സ്‌ക്വാഡും പരിശോധന നടത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.