തിരുവനന്തപുരം: സംസ്ഥാനത്ത് ചിക്കന്‍ പോക്‌സ് പടരുന്ന സാഹചര്യത്തില്‍ ജാഗ്രത നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്. രോഗ ലക്ഷണങ്ങള്‍ കണ്ടാലുടന്‍ ചികിത്സ തേടണമെന്നും രോഗം പകരാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതല്‍ സ്വാകരിക്കണമെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.
ചിക്കന്‍പോക്സ് കുമിളകളിലെ സ്രവങ്ങളില്‍ നിന്നും അണുബാധയുള്ളവര്‍ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മറ്റും തെറിക്കുന്ന കണങ്ങളിലൂടെയും അണുബാധ പകരാം. രോഗ ലക്ഷണങ്ങള്‍ പ്രകടമാകുന്നതിന് 10 മുതല്‍ 21 ദിവസം വരെയാണ് സമയമെടുക്കുക. ശരീരത്തില്‍ കുമിളകള്‍ പൊങ്ങുന്നതിന് രണ്ട് ദിവസം മുന്‍പും കുമിളകള്‍ ഉണങ്ങി രണ്ട് ദിവസം വരെയും അണുബാധ പകരാന്‍ ഇടയുണ്ട്. പനി, ക്ഷീണം, ശരീരവേദന, തലവേദന, വിശപ്പില്ലായ്മ, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.
മുഖം, ഉദരഭാഗം, നെഞ്ച്, കൈകാലുകള്‍, എന്നിവിടങ്ങളില്‍ തടിപ്പുകളായി തുടങ്ങി വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വരും. നാല് മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ പൊറ്റയാവുകയോ ചെയ്യാം. ഒരു വയസില്‍ താഴെയുള്ള കുഞ്ഞുങ്ങള്‍, ഗര്‍ഭിണികള്‍, മുതിര്‍ന്ന പൗരന്മാര്‍, ദീര്‍ഘകാലമായി ശ്വാസംമുട്ട്, ത്വക്ക് രോഗങ്ങള്‍ ഉള്ളവര്‍, പ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവര്‍ക്ക് ചിക്കന്‍പോക്സ് പിടിപെട്ടാല്‍ ഗുരുതരമാകാനുള്ള സാധ്യതയുണ്ടെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
രോഗബാധിതര്‍ക്ക് വായു സഞ്ചാരമുള്ള മുറിയില്‍ പരിപൂര്‍ണ വിശ്രമം വേണം. ധാരാളം വെള്ളം കുടിക്കണം. പഴവര്‍ഗങ്ങള്‍ കഴിക്കാം. മറ്റുള്ളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കണം. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റു വസ്തുക്കളും മറ്റുള്ളവരുമായി പങ്കിടാതെ ബ്ലീച്ചിങ് ലായനി ഒഴിച്ച് വൃത്തിയാക്കണം. ചൊറിച്ചിലിന് കലാമിന്‍ ലോഷന്‍ ഉപയോഗിക്കാം.
കുഞ്ഞുങ്ങളുടെ ശരീരം മൃദുവായ തുണി കൊണ്ട് ഒപ്പിയെടുക്കണം. മുതിര്‍ന്നവര്‍ക്ക് ചൊറിച്ചില്‍ കുറയ്ക്കാന്‍ സാധാരണ വെളളത്തില്‍ കുളിക്കാം. കൈകളിലെ നഖം വെട്ടി വൃത്തിയായി സൂക്ഷിക്കണം. കൈകള്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകണം. സ്ഥിരമായി ഉപയോഗിച്ച് കൊണ്ടിരിക്കുന്ന മരുന്നുകള്‍ നിര്‍ത്തരുതെന്നും ആരോഗ്യ വകുപ്പ് നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.